250 രൂപ വില കിട്ടിയ മീനിന് ഇപ്പോൾ 70 രൂപ മാത്രം; പിടയ്ക്കുന്ന 5 ടൺ മീനുണ്ട് ഈ കുളത്തില്‍, വാങ്ങാനാളുണ്ടോ?

അമ്പലത്തറയിലെ ഒരു കോടി ലീറ്ററിന്റെ മഴവെള്ള സംഭരണി. 5 ടൺ മത്സ്യമാണ് മഴവെള്ള സംഭരണിയിൽ വിളവെടുക്കാൻ പാകത്തിലുള്ളത്.
SHARE

കാഞ്ഞങ്ങാട് ∙ ലക്ഷങ്ങൾ ചെലവഴിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തിയ കർഷകർ മത്സ്യം വിറ്റഴിക്കാന്‍ കഴിയാതെ കടക്കെണിയിൽ. ഫിഷറീസ് വകുപ്പിന്റെയും മറ്റും സഹായത്തോടെ മത്സ്യക്കൃഷി നടത്തിയ കർഷകരാണ് ദുരിതത്തിലായത്. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. അമ്പലത്തറയിൽ ഒരു കോടി ലീറ്ററിന്റെ മഴവെള്ള സംഭരണിയിൽ നടത്തിയ മത്സ്യക്കൃഷി വിളവെടുക്കാൻ പാകത്തിലായിട്ടുണ്ട്.

5 ടൺ മത്സ്യമാണ് കുളത്തിൽ വിൽപനയ്ക്കായി തയാറായിട്ടുള്ളത്. സമാനമായി മടിക്കൈ പത്തായപ്പുഴ ഫാമിലും ഭീമമായ അളവിൽ മത്സ്യം വളർന്നിട്ടുണ്ട്. മീൻ വിറ്റഴിക്കാൻ വഴി കാണാതെ പ്രതിസന്ധിയിലാണ് കൃഷി ഇറക്കിയവർ. ജില്ലയിൽ മാത്രം 300 ലധികം കർഷകർ മത്സ്യക്കൃഷി നടത്തുന്നുണ്ട്. കോവിഡ് കാലത്താണ് മത്സ്യ കൃഷി വ്യാപകമായി ആരംഭിച്ചത്. ഇപ്പോൾ വിളവെടുപ്പ് കാലമാണ്. ട്രോളിങ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ശുദ്ധജല മത്സ്യങ്ങൾക്ക് കൂടുതൽ വിപണി കിട്ടേണ്ടതാണ്. എന്നാൽ ഇതിനാവശ്യമായ സഹായം ലഭിക്കുന്നില്ല.

നാടറിയണം, മീനിന്റെ ഗുണം

ശുദ്ധജല മത്സ്യത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തതാണു മത്സ്യത്തിന് ആവശ്യക്കാർ കുറയാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ഇത് ജനങ്ങളിലെത്തിക്കാൻ ആവശ്യമായ ബോധവൽക്കരണം ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് നിന്നു ഉണ്ടാകുന്നുമില്ല. ഇതിനുള്ള നടപടി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണു  കർഷകരുടെ ആവശ്യം.

വിൽപനക്കാരെ പ്രയോജനപ്പെടുത്തണം

ട്രോളിങ് കാലമായതിനാൽ മീൻ കിട്ടാതെ വിൽപനക്കാർ പ്രതിസന്ധിയിലാണ്. ഇവരെ ഉപയോഗപ്പെടുത്തി കർഷകരിൽ നിന്നു മീൻ ശേഖരിച്ച് വിൽപന നടത്താനുള്ള മാർഗങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം. വിപണന മാർഗം കണ്ടെത്താനാകാതെ വിഷമിക്കുന്ന കർഷകർക്ക് ഇത് വലിയ പ്രയോജനം ചെയ്യും.

ചെലവ് ലക്ഷങ്ങൾ

ലക്ഷങ്ങൾ ചെലവഴിച്ചാണ് കർഷകർ മത്സ്യക്കൃഷി തുടങ്ങിയത്. 12 ലക്ഷം രൂപ ചെലവഴിച്ച് നൂതന മത്സ്യക്കൃഷി നടത്തിയവർ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതിനായി വൻതുക വായ്പയെടുത്തവരുമുണ്ട്. മീനിന് തീറ്റ നൽകാനും വലിയതുകയാണു ചെലവ്. മത്സ്യത്തിന്റെ തീറ്റയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും ഓരോ ദിവസവും വില കൂടുകയുമാണ്.

ലഭിക്കുന്നത് 70 രൂപ

എന്നാൽ വിളവെടുപ്പ് കാലമായപ്പോൾ മീൻ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. 250 രൂപ വരെ കിലോയ്ക്ക് കിട്ടിയ മീനിന് ഇപ്പോൾ പ്രാദേശികമായി 70 രൂപ മാത്രമാണ് കിട്ടുന്നത്. വലിയ കുളങ്ങളിൽ നിന്നു മീൻ പിടിക്കാൻ പുറത്തു നിന്നു ആളെ വിളിക്കണം. ഇവർക്ക് വലിയ കൂലി നൽകി പിടിക്കുന്ന മീൻ യഥേഷ്ടം വിറ്റു പോയില്ലെങ്കിൽ കർഷകർക്ക് വലിയ നഷ്ടമാണ്. ഇതുകാരണം കർഷകരിൽ പലരും മീൻ പിടിക്കാൻ തയാറാകുന്നില്ല.

സർക്കാർ ഇടപെടണം

ശുദ്ധജല മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാകാത്തത് കർഷകർക്ക് വളരെ ദുരിതമാകുന്നു. മത്സ്യത്തിന്റെ രുചിയും ഗുണവും ജനങ്ങളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ നടപടിയെടുക്കണം. സി.കുഞ്ഞിരാമൻ നായർ അമ്പലത്തറയിൽ 1 കോടി ലീറ്ററിന്റെ മഴവെള്ള സംഭരണിയിൽ മത്സ്യക്കൃഷി നടത്തുന്ന കർഷകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS