ADVERTISEMENT

കാസർകോട് ∙ 11 ജില്ലകളിലൂടെ കടന്നുപോകുന്ന സിൽവർ‌ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കല്ലുകളിട്ടത് കാസർ‌കോട് ജില്ലയിലാണ്. 42.6 കിലോമീറ്ററിലായി 1651 കല്ലുകൾ. ജില്ലയിൽ 53.4 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരം. ഇതിൽ 80 ശതമാനത്തോളം സ്ഥലത്തും കല്ലിടൽ പൂർത്തിയായി. 500ലേറെ കല്ലുകൾ അതതു സ്ഥല ഉടമകൾ ഇടപെട്ട് പിഴുതുമാറ്റിയിട്ടുണ്ടെന്നാണ് കെറെയിൽ വിരുദ്ധ സമിതിയുടെ അവകാശവാദം.

കീഴൂ‍ർ, കീഴൂർ തെരുവത്ത്, ബേവൂരി, പാക്യാര, പട്ടത്താനം, തെക്കേക്കര, നീലേശ്വരം പള്ളിക്കര, കൊഴുന്തിൽ, പടന്നക്കാട്, ഉദുമ പടിഞ്ഞാർ, നാലാം വാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിലായാണ് ഏറെയും കുറ്റികൾ സ്ഥലം ഉടമകളും സമരസമിതിയും പിഴുതു മാറ്റിയതെന്ന് കെ റെയിൽവിരുദ്ധ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.വി.രാജേന്ദ്രൻ പറഞ്ഞു.

തൃക്കരിപ്പൂർ, പിലിക്കോട്, മാണിയാട്ട്, ഉദിനൂർ, ചെറുവത്തൂർ, പേരോൽ, പള്ളിക്കര, നീലേശ്വരം, ഹൊസ്ദുർഗ്, കീക്കാനം, കാഞ്ഞങ്ങാട്, ബെല്ല, അജാനൂർ, ചിത്താരി,   ഉദുമ, കളനാട്, തളങ്കര, കുഡ്‌ലു വില്ലേജുകളിലൂടെയാണ് സിൽവർ ലൈൻ ജില്ലയിൽ കടന്നുപോകുന്നത്. തളങ്കര, കാസർകോട്, കു‍ഡ്‌ലു വില്ലേജുകളാണ് ഇനി സിൽവർ ലൈൻ കുറ്റി സ്ഥാപിക്കാൻ ബാക്കിയുള്ളത്. പ്രതിഷേധത്തെത്തുടർന്നാണ് ഈ ഭാഗത്ത് കല്ലിടൽ നിർത്തിയത്. 

സ്ഥാപിച്ച കുറ്റികളുടെ സ്ഥിതിയെന്ത്?

പരിസ്ഥിതി ദിനാചാരണത്തോട് അനുബന്ധിച്ച് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ വൈസ് ചെയർമാൻ മോഹനൻ നീലേശ്വരം പള്ളിക്കരയിലെ തന്റെ പുരയിടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ സിൽവർ ലൈൻ കുറ്റി പിഴുത് മാറ്റി വൃക്ഷത്തൈ നടുന്നു. (ഫയൽ ചിത്രം)

∙ തൃക്കരിപ്പൂർ

മേഖലയിൽ നൂറിലേറെ കെ റെയിൽ കുറ്റികളുണ്ടെങ്കിലും എവിടെയും കാര്യമായി കുറ്റികൾ പറിച്ചെറിയുകയോ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ഉണ്ടാകുകയോ ചെയ്തിട്ടില്ല.

∙ചെറുവത്തൂർ

കാര്യങ്കോട് പാലത്തിനും പിലിക്കോട് റെയിൽവേ മേൽപ്പാലത്തിനും ഇടയിൽ എവിടെയും കെ റെയിൽ കുറ്റി പിഴുതു മാറ്റിയിട്ടില്ല.

കീഴൂർ കളരി അമ്പലം പരിസരത്ത് ചാക്കിട്ടു മൂടിയ സിൽവർലൈൻ കുറ്റി

∙നീലേശ്വരം

ജില്ലയിൽ ആദ്യമായി കെ റെയിലിന് കല്ലിട്ടത് നീലേശ്വരം പള്ളിക്കരയിലാണ്. ആദ്യദിവസം രാവിലെ തന്നെ ഇവിടെ ജനങ്ങൾ സംഘടിച്ചെത്തി പ്രതിഷേധമുയർത്തിയിരുന്നു. കൊഴുന്തിൽ, കുണ്ടേൻ വയൽ, പടന്നക്കാട് മേഖലകളിലും കല്ലിടലിനെതിരെ ജനകീയ പ്രതിഷേധങ്ങളുയർന്നു.  കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതികളും താമസിയാതെ ഇവിടങ്ങളിൽ രൂപീകരിക്കപ്പെട്ടു. പള്ളിക്കര, കൊഴുന്തിൽ മേഖലയിലിട്ട കല്ലുകളെല്ലാം വ്യാപകമായി പിഴുതെറിഞ്ഞ നിലയിലാണ്. സംഭവത്തിൽ ആർക്കെതിരെയും പരാതിയോ കേസോ ഇല്ല. അതേ സമയം കുണ്ടേൻ വയൽ മേഖലയിലെ കല്ലുകൾ അതേപടി ഉണ്ട്.

നീലേശ്വരം പള്ളിക്കരയിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ വൈസ് ചെയർമാൻ പി.വി.മോഹനന്റെ വീട്ടിലിട്ട കല്ല് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി പിഴുതെറിഞ്ഞ് ഇവിടെ മാവിൻതൈ നട്ടിരുന്നു. നേരത്തേ പള്ളിക്കരയിലെ ഒരു തറവാടിന്റെ പറമ്പിലിട്ട കല്ലും നീക്കിയിരുന്നു. കല്ലിടലിന്റെ ആദ്യ ദിവസം നീലേശ്വരം പള്ളിക്കരയിൽ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ മാത്രമാണ് ഇവിടെ കേസെടുത്തത്. കെ.റെയിൽ വിരുദ്ധ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.വി.രാജേന്ദ്രനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടു പോയി ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതിനാണ് കേസിൽ പിന്നീട് സമൻസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 14 നായിരുന്നു പള്ളിക്കരയിൽ ആദ്യ പ്രതിഷേധം. അന്ന് 5 പേർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

∙കാഞ്ഞങ്ങാട് 

കെ റെയിൽ പ്രതിഷേധവും കുറ്റി പറിച്ചു മാറ്റലുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മേഖലയിലും കാര്യമായ കേസുകളില്ല. ഭൂരിഭാഗം കുറ്റികളും സ്ഥാപിച്ചതുപോലെ തന്നെ നിലനിൽക്കുന്നു.

∙കാസർകോട് 

കീഴൂ‍ർ ചന്ദ്രഗിരിപ്പുഴ മുതൽ കളനാട് റെയിൽവേ തുരങ്കം വരെ 1 കിലോമീറ്റർ പരിധിയിൽ 10 കുറ്റികളാണ് സ്ഥല ഉടമകൾ പിഴുതു മാറ്റിയത്. കീഴൂർ തെരുവത്ത്, കീഴൂർ, പള്ളിക്കണ്ടം, കീഴൂർ കളരി അമ്പലം സമീപം തുടങ്ങിയ ഇടങ്ങളിൽ ഉടമകൾക്ക് നോട്ടിസ് പോലും നൽകാതെയാണ് കുറ്റി സ്ഥാപിച്ചത്. ഇതിൽ പ്രതിഷേധിച്ച് പിറ്റേന്ന് തന്നെ ഉടമകൾ പിഴുതു മാറ്റി തോട്ടിലും മറ്റുമായി കളഞ്ഞു. ചില കുറ്റികൾ മണ്ണിട്ടു മൂടി. ചിലർ കുറ്റി ചാക്കിട്ടു മൂടി വച്ചിട്ടുണ്ട്. ‌കീഴൂ‍ർ ശാന്തേരി മഹാമായ തറവാട് പറമ്പിൽ സ്ഥാപിച്ച കുറ്റി പിഴുതു മാറ്റി ഇവിടെ സമര മരം നട്ടു. മേയ് 31ന് സംസ്ഥാന സമിതിയുടെ നേതൃത്വത്തി‍ലായിരുന്നു കുറ്റി പിഴുതെടുത്ത് അവിടെ പ്ലാവിൻ തൈ നട്ടത്. പൊലീസ് സന്നാഹത്തോടെ സമരക്കാരെ എതിരിട്ടു സ്ഥാപിച്ച കുറ്റികൾ പിന്നീട് പിഴുതു മാറ്റിയത് ബന്ധപ്പെട്ട് കേസ് ഒന്നും എടുത്തിട്ടില്ല.

കുറ്റി സ്ഥാപിച്ചത് തല കീഴായി

1 മീറ്റർ ഉയരവും 15 കിലോഗ്രാം ഭാരവും ഉള്ളതാണ് കോൺക്രീറ്റ് കുറ്റി. കുറ്റിയിൽ കെ റെയി‍ൽ എന്ന് എഴുതരുതെന്ന കോടതി നിർദേശം വന്നതിനാൽ കെ റെയിൽ എന്നു രേഖപ്പെടുത്തിയ ഭാഗം തല കീഴായി മണ്ണിൽ മറച്ച നിലയിലാണ് പൊലീസ് സന്നാഹ സഹായത്തോടെ അധികൃതർ സ്ഥാപിച്ചത്.

സംസ്ഥാനത്ത് മൊത്തം 530 കിലോ മീറ്റർ വരുന്ന കെ റെയിലിൽ 200 കിലോ മീറ്ററോളം റെയിൽവേ ഭൂമിയിലൂടെയാണ്. ഇവിടെ കല്ലിടേണ്ടെന്നു നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ബാക്കി 330 കിലോ മീറ്ററിൽ 190 കിലോ മീറ്ററാണ് സാമൂഹികാഘാത പഠനത്തിനായി ഇതുവരെ കല്ലിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com