ADVERTISEMENT

കാഞ്ഞങ്ങാട് ∙ രാഹുൽഗാന്ധി എംപിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമത്തിൽ‍ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത പ്രതിഷേധം. കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ മാർച്ചും റോഡ് ഉപരോധവും സംഘർഷഭരിതമായി. റോഡ് ഉപരോധിച്ച നേതാക്കൾ അടക്കമുള്ള പ്രവർത്തകരെ ഏറെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ റോഡിൽ ടയർ ഇട്ട് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയും ചെയ്തു. രാവിലെ 11ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നു പ്രകടനമായിട്ടാണ് പ്രവർത്തകർ കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുൻപിൽ‍ എത്തിയത്. പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴങ്ങി. കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുൻപിൽ എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ പ്രവർത്തകർ റോഡിൽ ടയർ ഇട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഇതിനിടെ ഒരു സംഘം പ്രവർത്തകർ കാസർകോട് ഭാഗത്തേക്കുള്ള റോഡും ഉപരോധിച്ചതോടെ നഗരത്തിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

സമരം നീണ്ടതോടെ ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുടങ്ങി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലിനെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം പ്രവർത്തകർ ബലമായി തടഞ്ഞു. പരസ്പരം കോർത്തു പിടിച്ചു പൊലീസിനെ പ്രവർത്തകർ എതിർത്തു. ഏറെ ബലം പ്രയോഗിച്ചാണ് ഓരോരുത്തരെയും പൊലീസിൽ ജീപ്പിലേക്ക് കയറ്റിയത്. ഇതിനിടെ അഗ്നിരക്ഷാ സേനയെത്തി റോഡിലെ തീ കെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാറിനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരു പൊലീസുകാരൻ മർദിച്ചത് പ്രകോപനമുണ്ടാക്കി. ഇതോടെ പ്രവർത്തകർ വീണ്ടും പൊലീസിനു നേരെ തിരിഞ്ഞു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രവർത്തകരെ വാഹനത്തിൽ കയറ്റിയത്.

സമരത്തിനെതിരെ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുവിഭാഗം ഓട്ടോ തൊഴിലാളികൾ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡിവൈഎസ്പി ഇടപെട്ട് തടഞ്ഞു. കോൺഗ്രസിന്റെ പ്രതിഷേധമുണ്ടെന്ന വിവരത്തെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് നഗരത്തിൽ ഒരുക്കിയത്. നഗരത്തിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ പൊലീസ് വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ വഴി തിരിച്ചു വിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണകൂട ഭീകരതയിലൂടെ രാഹുൽ ഗാന്ധിയെ തകർക്കാനാവില്ലെന്ന് സമരത്തെ അഭിസംബോധന ചെയ്ത് ഡിസിസി പ്രസിഡന്റ്‌ പി.കെ.ഫൈസൽ പറഞ്ഞു.

മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ഡിസിസി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ്, വി.ആർ.വിദ്യാസാഗർ, കരുൺ താപ്പ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, സാജിദ് മൗവ്വൽ, പി.സി.സുരേന്ദ്രൻ നായർ, വി.ഗോപി, മധു ബാലൂർ, എൻ.കെ.രത്നാകരൻ, സുകുമാരൻ പൂച്ചക്കാട്, എം.കുഞ്ഞിക്കൃഷ്ണൻ, കെ.പി.ബാലകൃഷ്ണൻ, കെ.ജെ.ജയിംസ്, വി.കണ്ണൻ, എക്കാൽ കുഞ്ഞിരാമൻ, പി.ബാലചന്ദ്രൻ, പി.ശ്രീകല, സി.ശ്യാമള, ജമീല അഹമ്മദ്‌, ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, പ്രവീൺ തോയമ്മൽ, കെ.പി.മോഹനൻ, ഇ.ഷജീർ, മണി മോഹൻ ചട്ടംഞ്ചാൽ, ഷീബ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

150 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് ∙ രാഹുൽഗാന്ധി എംപിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമത്തിൽ‍ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ  റോഡ് ഉപരോധത്തിൽ 150 പേർക്കെതിരെ കേസെടുത്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ഡിസിസി ജനറൽ സെക്രട്ടറി, പി.വി.സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, സാജിദ് മൗവൽ തുടങ്ങി 150 പേർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com