ADVERTISEMENT

മുള്ളേരിയ ∙ കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തടയാൻ സൗരോർജ വേലികൾക്കു പകരം ഇനി സൗരോർജ തൂക്കുവേലി. ‌ആനമതിലും കിടങ്ങും സൗരോർജ വേലിയുമൊക്കെ നിഷ്പ്രഭമാക്കിയ കാട്ടാനക്കൂട്ടത്തെ പൂട്ടാൻ, ഒടുവിലത്തെ ആയുധമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് നിർമിക്കുന്ന ഈ സൗരോർജ തൂക്കുവേലി. വയനാട് ഉൾപ്പെടെ ആനശല്യം രൂക്ഷമായ മറ്റു ജില്ലകളിൽ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമാണിത്. ആകെയുള്ള 29 കിലോമീറ്ററിൽ ആദ്യഘട്ടത്തിൽ നിർമിക്കുന്ന 8 കിലോമീറ്റർ വേലിയുടെ ജോലികൾ അഡൂർ പുലിപ്പറമ്പ് വനമേഖലയിൽ പുരോഗമിക്കുകയാണ്. ‌പതിറ്റാണ്ടുകളായി അനുഭവിക്കുന്ന കാട്ടാനശല്യത്തിനും നാശനഷ്ടങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കാറഡ‍ുക്ക, മുളിയാർ, ബേഡഡുക്ക, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ.

കാൽ സ്ഥാപിക്കൽ തുടങ്ങി

കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. വെള്ളക്കാനം മുതൽ ചാമക്കൊച്ചി വരെയുള്ള 8 കിലോമീറ്ററാണ് ഇപ്പോൾ വേലി നിർമിക്കുന്നത്. വേലിയുടെ തൂൺ ഘടിപ്പിക്കാനുള്ള കാൽ സ്ഥാപിക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 4 കിലോമീറ്റർ പൂർത്തിയായി. 75 സെമി ആഴത്തിലുള്ള കുഴിയെടുത്ത് അതിൽ  80 സെമി നീളമുള്ള ചതുരാകൃതിയിലുള്ള പൈപ്പ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നു. മുകളിൽ 5 സെമി ഭാഗം പൊങ്ങിക്കിടക്കും. ഇതിൽ വേലിയുടെ തൂണുകൾ ഘടിപ്പിക്കും. നിരപ്പായ പ്രദേശങ്ങളിൽ 25 മീറ്റർ ദൂരത്തിലാണ് തൂണുകൾ സ്ഥാപിക്കുന്നത്. ഇറക്കവും വളവും ഉളള സ്ഥലങ്ങളിൽ അതനുസരിച്ച് മാറും.

ഉയരം 3.75 മീറ്റർ

3.75 മീറ്ററാണ് വേലിയുടെ ഉയരം. നിലത്തുറപ്പിച്ച ഇരുമ്പ് കാലിൽ ഇരുമ്പ് തൂണുകൾ ഘടിപ്പിക്കും. തൂണിന്റെ മുകൾ ഭാഗത്ത് ‘എക്സ്’ ആകൃതിയിൽ ഇരുമ്പ് പൈപ്പ് വെൽഡ് ചെയ്യും. അതിന്റെ ഇരു ഭാഗങ്ങളിലും കമ്പികൾ തൂക്കിയിടും. 80 സെന്റീമീറ്റർ അകലത്തിലാണ് ഇങ്ങനെ കമ്പികൾ തൂക്കുക.   തൂൺ മധ്യ ഭാഗത്താക്കി 2 വശങ്ങളിലും 4 അടി അകലത്തിൽ 2 കമ്പികൾ ഇങ്ങനെ തൂങ്ങിക്കിടക്കും. അതിൽ തട്ടുമ്പോൾ ആനകൾക്കു ഷോക്കടിക്കുന്ന രീതിയിലാണ് നിർമാണം. ഒരു കിലോമീറ്റർ വേലിക്ക് 8-8.5 ലക്ഷം രൂപ വരെയാണ് ചെലവ്.

2 കിലോമീറ്ററിൽ സോളർ യൂണിറ്റ്

ഓരോ 2 കിലോമീറ്ററിലും സൗരോർജ പാനലുകൾ സ്ഥാപിച്ചാണ് ഇതിലേക്ക് വൈദ്യുതി കടത്തിവിടുക. ആളുകൾക്ക് അപകടം സംഭവിക്കാത്തരീതിയിലാകും വൈദ്യുതി പ്രവാഹം. ആനകളുടെ വരവ് നനിരീക്ഷിക്കാൻ വാച്ച് ടവറും ഒരു ക്യാംപ് ഓഫിസും നിർമിക്കും.

കൂടുതൽ മരം മുറിക്കേണ്ടി വരും

വേലി കടന്നുപോകുന്ന ഭാഗങ്ങളിലെ കുറച്ച് മരങ്ങൾ ഇതിനകം മുറിച്ചിട്ടുണ്ട്. പക്ഷേ ഇരുവശങ്ങളിലുമായി 10 അടി വീതിയിലുള്ള എല്ലാ മരങ്ങളും മുറിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന രീതിയിൽ ഇതിന്റെ ഗുണം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ അടുത്തുള്ള മരങ്ങൾ വേലിയിലേക്ക് മറിച്ചിട്ട് ആനകൾ തന്നെ ഇതു തകർക്കാൻ സാധ്യതയുണ്ട്. മുൻപു നിർമിച്ച സൗരോർജ വേലി മിക്ക സ്ഥലങ്ങളിലും ആനകൾ തകർത്തത് ഇങ്ങനെയാണ്.

ബാക്കി ഈ വർഷം

8 കിലോമീറ്റർ നിർമിച്ചാൽ ബാക്കിയാകുന്ന 21 കിലോമീറ്റർ വേലിയും ഈ വർഷം തന്നെ നിർമിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. സർക്കാരിൽ നിന്നു ലഭിച്ച 65 ലക്ഷം ഗ്രാന്റും ത്രിതല പഞ്ചായത്തുകൾ ഈ വർഷം നീക്കി വെക്കുന്ന തുകയും കൊണ്ട് പണി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com