കടലമ്മ ഇനിയും കനിഞ്ഞില്ല; പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്

കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയാൽ കാര്യമായ മീനുകൾ ഒന്നും ലഭിക്കാത്തതിനാൽ  പള്ളിക്കര കടപ്പുറത്ത് പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾ കയറ്റിവച്ച നിലയിൽ.
കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയാൽ കാര്യമായ മീനുകൾ ഒന്നും ലഭിക്കാത്തതിനാൽ പള്ളിക്കര കടപ്പുറത്ത് പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾ കയറ്റിവച്ച നിലയിൽ.
SHARE

ചെറുവത്തൂർ ∙ കടലമ്മ ഇനിയും കനിഞ്ഞില്ല; ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്. കടലിൽ പോകുന്ന പരമ്പരാഗത വള്ളങ്ങൾക്കു കാര്യമായി മീനുകൾ ലഭിക്കാത്തതിനെ തു‍ടർന്ന് പലയിടത്തും വള്ളങ്ങൾ കരയ്ക്കു കയറ്റിയിട്ടിരിക്കുകയാണ്. മുൻകാലത്തു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കപ്പുറം വല നിറയുന്ന കാലമാണ് ട്രോളിങ് നിരോധന കാലം. എന്നാൽ ഇത്തവണ ഈ ചാകരക്കാലം ചതിക്കുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

കാലവർഷം കനത്തു പെയ്ത് കടലിനടിയിലെ ചേറിളകി ഉപരിതലത്തിലെത്തുന്ന ഈ സമയത്താണു മത്സ്യങ്ങൾ തീറ്റതേടി എത്തുന്നത്. അതുകൊണ്ടു തന്നെ മത്തി, അയല, ചെറുതും വലുതുമായ ചെമ്മീനുകൾ, നത്തോലി എന്നിവ സുലഭമായി ഈ സമയത്ത് വള്ളങ്ങൾക്കു ലഭിക്കാറുണ്ട്. ഈ പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലിറക്കിയ തൊഴിലാളികൾക്ക് ഈ പ്രാവശ്യം നിരാശയാണു ഫലം. ട്രോളിങ് നിരോധനത്തിനു മുൻപുള്ള കാലത്ത് ബോട്ടുകൾക്കും മറ്റും മത്സ്യലഭ്യത കുറവായതിനാൽ പരമ്പരാഗത മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഈ സമയം അനൂകൂല കാലമായിരുന്നു.

ഇവരുടെ സാമ്പത്തിക ഭദ്രതയും നേട്ടവും എല്ലാം തന്നെ ഈ കാലത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതാണ്. ഇതുകൊണ്ടു തന്നെ ഈ അവസ്ഥ ഇങ്ങനെ നീണ്ടു പോയാൽ ഇനി എന്തു ചെയ്യും എന്ന ചോദ്യമാണ് തൊഴിലാളികളുടെ മുൻപിൽ. ജില്ലയിൽ 2,000ത്തിലധികം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളാണ് ഉള്ളത്. ഇതിൽ ജോലിക്കു പോകുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരും മറ്റു കാര്യമായ തൊഴിലുകൾ ഒന്നും അറിയാത്തവരാണ്. ഇത് മുൻനിർത്തി പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികൾക്ക് സഹായം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

മീനെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന്

ട്രോളിങ് നിരോധിച്ചതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ നിന്നു മീൻ ലഭിക്കാതെ വന്നതോടെ മത്സ്യക്ഷാമം മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു മീൻ വണ്ടികൾ എത്തിത്തുടങ്ങി. ഈ വർഷം പൊതുവേ വലിയ രീതിയിൽ മീൻവില കുത്തനെ ഉയരുന്നതിനിടയിലാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. ഇതോടെ മീൻ കച്ചവടം ചെയ്യുന്ന സ്ഥലങ്ങിൽ നിന്ന് ആവശ്യത്തിനു കാര്യമായ മീനുകൾ കിട്ടാത്ത സ്ഥിതിയാണ്. ഉള്ളതിനു തന്നെ തീ വിലയും. കാലാവസ്ഥ വ്യതിയാനം മൂലം കടലിൽ ചൂടുകൂടുന്നത്, മുട്ടയുള്ള മത്സ്യത്തെ പിടിക്കുന്നത്, കടലിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി പറയുന്നു.

"ട്രോളിങ് നിരോധന കാലത്താണു പരമ്പരാഗത വള്ളങ്ങൾക്കു കാര്യമായ മത്സ്യം ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ പല ദിവസങ്ങളിലും വള്ളങ്ങൾ കടലിലിറക്കിയിട്ട് മീനൊന്നും കിട്ടാതെ മടങ്ങി വന്ന അവസ്ഥയാണ്. ഇതോടെ കടലോര മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. സർക്കാരിന്റെ ഭാഗത്തു നിന്നു തൊഴിലാളി കുടുംബങ്ങൾക്ക് കാര്യമായ സഹായം എത്തിക്കണം. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ നിന്നു തൊഴിലാളികൾക്ക് ലഭിക്കേണ്ട ആദ്യ തവണ പോലും ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തരമായി അതു വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. " - ശംഭു ബേക്കൽ, ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോൺഗ്രസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS