ADVERTISEMENT

ചെറുവത്തൂർ ∙ നാടിന്റെ പ്രാർഥനകൾക്കും സൂരജിനെ തിരിച്ചു തരാനായില്ല. അച്ചാംതുരുത്തി പുഴയുടെ ആഴങ്ങൾ കവർന്ന അവരുടെ പ്രിയപ്പെട്ട സൂരജ് ഇനി നിത്യതയിൽ. രാവിലെ മീൻപിടിത്തം, പിന്നീട് ജ്വല്ലറിയിൽ സെയിൽസ് ജോലി, ഇതിനിടയിൽ ടൂർ ഓപ്പറേറ്റർ ഇങ്ങനെ നിത്യവൃത്തിക്കായി വിവിധ ജോലികൾ ചെയ്ത് നാടിന്റെ സ്നേഹം കവർന്ന സൂരജിന്റെ വിയോഗ വാർത്ത അച്ചാംതുരുത്തി ദ്വീപിന് ഞെട്ടലായി.പിതാവിന്റെ സഹോദരി പുത്രൻ കെ.മജീഷിനോടൊപ്പം 4വർഷമായി തോണിയിൽ ഒഴുക്കു വല ഉപയോഗിച്ച് മീൻപിടിത്തത്തിന് ഇറങ്ങിയിട്ട്.

എന്നാൽ ഇന്നലെയാണ് ഇവർക്ക് ഒഴുക്കു വലയിട്ടപ്പോൾ മീൻ ഒന്നു കിട്ടാതെ വന്നത്. കൈവല വീശിയാൽ എന്തെങ്കിലും മീൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് വീടിനടുത്ത് എത്താറായപ്പോൾ സൂരജ് വലയെറിഞ്ഞത്. കൈ വലയിൽ കു‍‍‍ടുങ്ങി തോണിയിൽ നിന്ന് പുഴയിലേക്ക് തെറിച്ചുവീണതു കണ്ട മജീഷ് പുഴയിലേക്ക് എടുത്തുചാടി മുങ്ങിത്താഴുകയായിരുന്ന സൂരജിന്റെ തലമുടിയിൽ പിടിച്ച് കരയിലേക്ക് നീന്തിയെങ്കിലും കരയടുക്കാറായപ്പോൾ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ വെള്ളത്തിലേക്ക് താഴുകയായിരുന്നു. വാർത്ത പരന്നതോടെ അച്ചാംതുരുത്തി ദ്വീപാകെ അപകട സ്ഥലത്ത് ഓടിയെത്തി.

സംഭവമറിഞ്ഞ് തൃക്കരിപ്പൂർ അഗ്നി‌സുരക്ഷാ സേനയുടെ സ്കൂബ ടീം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കുര്യാക്കോസ്, ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിങ് ഓഫിസർ കെ.എ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ  പുഴയിൽ തെരച്ചിൽ നടത്തി, ചന്തേര പൊലീസ്, നാട്ടുകാർ, മത്സ്യത്തൊഴിലാളികൾ, എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ്  ഉച്ചയ്ക്ക് 12.45ഓടെ അപകടം നടന്ന സ്ഥലത്തു നിന്ന് 2കിലോമീറ്റർ അകലെ ഓർക്കുളം പുഴയിൽ നിന്ന് മൃതദേഹം കണ്ടുകിട്ടിയത്. തെരച്ചിലിന് പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, മുൻ പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, വാർഡ് പഞ്ചായത്ത് അംഗം ടി.വി.ശ്രീജിത്ത്, മുൻ അംഗം വിനോദ് അച്ചാംതുരുത്തി എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com