കുമ്പള ∙ പ്രവാസിയെ നാട്ടിലേക്കു വിളിച്ചു വരുത്തി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക തർക്കങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടൽ പൊലീസിനു തലവേദനയായിരിക്കുകയാണ്. പണമോ സ്വർണമോ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ പലപ്പോഴും അവർ തമ്മിൽ തന്നെ ഒത്തുതീർപ്പാവുകയാണുണ്ടാവുക. പൊലീസിൽ പരാതികൾ എത്തുന്നതു തന്നെ കുറവ്. എന്നാൽ കുമ്പളയിലെ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
മരിച്ച സിദ്ദീഖിന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയി സമ്മർദം ചെലുത്തിയാണു വിദേശത്തുണ്ടായിരുന്നയാളെ വിളിച്ചു വരുത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും പൈവളിഗെയ്ക്കു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ തടവിലാക്കിയിരുന്നെന്നാണു സൂചന.ക്വട്ടേഷൻ സംഘത്തിലെ ആളുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിൽ പോയതായാണു സൂചന. 2011ലും ജില്ലയിൽ സമാന സംഭവം നടന്നിരുന്നു.
പെരുമ്പിള കടവ് സ്വദേശിയെ പണമിടപാടിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹം പൊയിനാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഇതിലെ ഏതാനും പ്രതികളെ മാത്രമാണു പിടികൂടാനായത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അബൂബക്കർ സിദ്ദിഖിന്റെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്കു വിട്ടുനൽകി. മുഗുവിലെ അബ്ദുൽ റഹ്മാന്റെയും ഖദീജയുടെയും മകനാണു മരിച്ച സിദ്ദീഖ്.
ഭാര്യ: മുനൈസ. 11 മാസം പ്രായമായ മഹ്സ മകളാണ്. സഹോദരങ്ങൾ: ഷാഫി, അൻവർ, ലത്തീഫ്, സലിം, ഉവൈസ്, നസീമ. കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡിവൈഎസ്പി യു.പ്രേമൻ, സിഐമാരായ പി.പ്രമോദ്, സി.കെ.സന്തോഷ്കുമാർ, എസ്ഐ കെ.അജിത എന്നിവരുൾപ്പെടെ 16 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സിദ്ദീഖിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്.
പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം ഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം വിശദമായി അറിയാൻ സാധിക്കൂ. തലയ്ക്കു ക്ഷതമേറ്റിരുന്നു എന്നാണു പ്രാഥമിക വിലയിരുത്തൽ. കാലിനടിയിൽ മർദനമേറ്റ പാടുകളുണ്ട്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സിദ്ദീഖിനെ ക്വട്ടേഷൻ സംഘം ബന്തിയോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു കടന്നു കളഞ്ഞത്. ഗൾഫിൽ ജോലി ചെയ്യുന്ന സിദ്ദീഖ് ഒരാഴ്ച മുൻപാണു നാട്ടിൽ നിന്നു ജോലി സ്ഥലത്തേക്കു പോയത്.