പ്രേം നസീറിന്റെ മുദ്ര മോതിരം മുതൽ കമലിന്റെ വിക്രവും കഴിഞ്ഞു; പാക്കനാരും നാരായണനും തമ്മിലുള്ള ബന്ധം ഇങ്ങനെ...

ചെറുവത്തൂർ പാക്കനാർ തിയറ്ററിന്റെ കവാടത്തിനു സമീപം  നാരായണൻ.
ചെറുവത്തൂർ പാക്കനാർ തിയറ്ററിന്റെ കവാടത്തിനു സമീപം നാരായണൻ.
SHARE

ജില്ലയിലെ ആദ്യകാല ചലച്ചിത്ര പ്രദർശനശാലയായ പാക്കനാർ സിനിമയിലെ ‘ഓൾ ഇൻ ഓൾ’ ആയ പിലിക്കോട് മടിക്കുന്നിലെ ടി.നാരായണനെക്കുറിച്ച്...

ചെറുവത്തൂർ ∙ പാക്കനാർ എന്ന സിനിമ പ്രദർശന ശാലയുടെ വാതിലിനു മുന്നിൽ നാരായണൻ നിൽപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ 40 കഴിഞ്ഞു. സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചും അനൗൺസ്മെന്റ് ചെയ്തും സിനിമ പ്രദർശിപ്പിച്ചും ജീവിതം തന്നെ സിനിമയ്ക്കായി സമർപ്പിച്ച പിലിക്കോട് മടിക്കുന്നിലെ ടി.നാരായണൻ സിനിമപ്രേമികളുടെ മനസ്സിൽ ഇന്നും വർണങ്ങൾ നിറയ്ക്കുന്ന പേരാണ്. ജില്ലയിലെ സിനിമാ കൊട്ടകകളിൽ ആദ്യത്തേതായ ചെറുവത്തൂർ പാക്കനാറിലെ ജീവനക്കാരാൻ ആയ ടി.നാരായണനാണ് തന്റെ ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞു വച്ചത്.

1970കളിൽ ചെറു പ്രായത്തിൽ‍ പാക്കാനാർ തിയറ്ററിൽ എത്തിയതായിരുന്നു നാരായണൻ. ആദ്യകാലത്ത് സിനിമയുടെ പോസ്റ്ററുകൾ ഗ്രാമങ്ങളിൽ കൊണ്ടുപോയി പതിപ്പിക്കലായിരുന്നു ജോലി. പിന്നീട് സിനിമയുടെ പ്രചാരണത്തിനായി അനൗൺസറായി. ഉച്ചയ്ക്കു സിനിമ തുടങ്ങുന്നതിനു മുൻപ് ടിക്കറ്റ് കൊടുക്കാൻ കൗണ്ടറിൽ ഇരിക്കും. പ്രദർശനം തുടങ്ങാറാകുമ്പോൾ ടിക്കറ്റ് നോക്കി ആളുകളെ തിയറ്ററിൽ പ്രവേശിപ്പിക്കാൻ നാരായണൻ വാതിലിനു മുന്നിലും ഉണ്ടാകും. 

ആളുകൾ നിറഞ്ഞാൽ ഓപ്പറേറ്ററുടെ സഹായിയായി ക്യാബിനിൽ. പിന്നീട് ഓപ്പറേറ്ററുടെ ജോലിയും ഏറ്റെടുത്തു. ഇങ്ങനെ ജീവിതവും സിനിമയും ചേർത്തു നെയ്തെടുത്ത നാരായണനെ പഴയകാല സിനിമാപ്രേമികളെല്ലാം സ്നേഹത്തോടെ ഓർക്കുന്നു. നല്ലൊരു സിനിമ പ്രേമിയുമാണ് നാരായണൻ. 

പ്രേം നസീറിന്റെ മുദ്ര മോതിരം എന്ന സിനിമയാണ് തന്റെ ജോലിക്കിടെ ആദ്യമായി കണ്ട സിനിമയെന്ന് നാരായണൻ. സിനിമ ഇഷ്ടപ്പെട്ടാൽ വീണ്ടും കാണും. കമൽഹാസന്റെ വിക്രം എന്ന സിനിമയാണ് അവസാനം കണ്ടത്. കഴിഞ്ഞ 40 വർഷത്തിനിടെ കണ്ട സിനിമകൾക്കും കയ്യും കണക്കുമില്ല. രാവിലെ 9 മണിക്ക് പിലിക്കോട്ടെ വീട്ടിൽ നിന്നു തിയറ്ററിലേക്ക് എത്തുന്ന നാരായണൻ തിരികെ വീട്ടിലെത്തുന്നതു പുലർച്ചയോടെ ആണ്. ഈ രീതിക്കു മാറ്റം വന്നത് കോവിഡ് കാലത്തു പ്രദർശനം നടക്കാത്ത വേളയിൽ മാത്രമായിരുന്നു. 

പ്രായം 62 കഴിഞ്ഞു. വിരമിക്കണമെന്ന് ഉണ്ട്. പക്ഷേ, ജീവിതത്തെ ചേർത്തു പിടിക്കുവാൻ വഴികാട്ടിയായ പാക്കനാർ എന്ന സിനിമ പ്രദർശന ശാലയോടു വിട പറയുക എന്നത് ഇദ്ദേഹത്തിനു ചിന്തിക്കുവാൻ‍‍ പോലും കഴിയാത്ത കാര്യമാണ്. അങ്ങനെ പാക്കനാരും നാരായണനും തമ്മിലുള്ള ബന്ധം മുന്നോട്ടുപോകുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS