ADVERTISEMENT

1731ൽ ‘പുതിയ കോട്ട’ പണി കഴിപ്പിച്ചപ്പോൾ കാഞ്ഞങ്ങാടിന് ഹൊസ്ദുർഗ് (ഹൊസ - പുതിയ, ദുർഗ - കോട്ട) എന്ന സ്ഥലനാമം വന്നുചേർന്നു എന്നു കേൾവി. അതിസമ്പന്നമായ കലാ – സാംസ്കാരിക – സ്വാതന്ത്ര്യ ചരിത്രം അവകാശപ്പെടാനാകുന്ന കാഞ്ഞങ്ങാടിനെക്കുറിച്ച്...

ഏറ്റവും പഴക്കം ചെന്ന ഒരു ഭാഷയെ (തുളു) തൊടുക വഴി അങ്ങനെ തന്നെയുള്ള ഒരു സംസ്കാരത്തെ തൊടുകയായിരുന്നു കാഞ്ഞങ്ങാട്. പഴംതമിഴ് പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലാണ് കാഞ്ഞങ്ങാട് എന്നു പരാമർശമുണ്ടെങ്കിലും കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയ ചരിത്രം 8ാം നൂറ്റാണ്ടോടു കൂടിയാണ് തെളിയുന്നത്.കൊടവലം ശാസനത്തിൽ ചേര രാജാക്കന്മാരുടെ കീഴിലെ 37 തുളു ഗ്രാമങ്ങളിലൊന്നായി കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയാധിപത്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കോലത്തു നാടിന്റെ അധീനതയിലുള്ള ഇടപ്രഭു സ്ഥാനം വഹിച്ച പരിഷ്കാരിയായ ‘കാഞ്ഞന്റെ നാട്’ കാഞ്ഞങ്ങാടായി എന്നു സ്ഥലനാമ ചരിത്രം. 18ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കാഞ്ഞങ്ങാട് ഇക്കേരി രാജാക്കന്മാരുടെ കീഴിലായിരുന്നു. സോമശേഖര നായ്ക് 1731ൽ ‘പുതിയ കോട്ട’ പണി കഴിച്ചപ്പോൾ ഹൊസ്ദുർഗ് (ഹൊസ - പുതിയ, ദുർഗ - കോട്ട) എന്ന സ്ഥലനാമവും വന്നുചേർന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബേക്കൽ താലൂക്കിൽ ആയിരുന്ന കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ ജില്ല മദ്രാസ് പ്രസിഡൻസിയിൽ വന്നപ്പോൾ കാസർ‍കോട് താലൂക്കിൽ ഉൾപ്പെട്ടു.പിന്നീട് 1957 ജനുവരിയിൽ കാസർകോട് താലൂക്ക് വിഭജിച്ച് പുതിയ ഹൊസ്ദുർഗ് താലൂക്കിൻ കീഴിലായി കാഞ്ഞങ്ങാട്.

കൂർമൽ എഴുത്തച്ഛന്റെ നാട്

അധികാരഗർവിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ വിപ്ലവത്തീപ്പൊരി പാറ്റിച്ച പൊട്ടൻ തെയ്യത്തിന്റെ തോറ്റം രചിച്ച കൂർമൽ എഴുത്തച്ഛൻ കാഞ്ഞങ്ങാട്ടുകാരനാണ്. ഇവിടെ പുരോഗമന രാഷ്ട്രീയാദർശങ്ങൾക്ക് കൂടുതൽ വേരോട്ടമുണ്ടായതു യാദൃശ്ചികമല്ല. കേരളീയ നവോഥാനത്തിന്റെ ശിൽപികളിൽ പ്രഥമഗണനീയനാണ് കൂർമൽ എഴുത്തച്ഛൻ. 

അലാമിക്കളിയുടെ നാട്

ഇസ്‌ലാമിക ചരിത്രത്തെ അനുസ്മരിച്ചു നടന്ന അലാമിക്കളിക്കും കാഞ്ഞങ്ങാട് വേരുകളുണ്ട്. ഇന്നത്തെ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പ്രദേശത്താണ് ആദ്യം അലാമിക്കളി നടത്തിയത്. കാഞ്ഞങ്ങാട്ടെ ആദ്യത്തെ മുസ്‍ലിം പള്ളി കോട്ടയുടെ തെക്കുകിഴക്കായ ആറങ്ങാടിയിലായിരുന്നു. ഹൊസ്ദുർഗ് ചന്ത ഇപ്പോഴത്തെ നെഹ്റു മൈതാനിയിലും. 1957ൽ നെഹ്റു തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രസംഗിച്ച വേദി നെഹ്റു മൈതാനമെന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഹൊസ്ദുർഗിൽ ഒന്നാം നൂറ്റാണ്ടിനു മുൻപു സ്ഥാപിച്ച ശ്രീലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രം ആധ്യാത്മിക കേന്ദ്രമെന്ന പോലെ സാംസ്കാരിക കേന്ദ്രവുമാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രം

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒരു പ്രധാന സമര വേദിയായിരുന്നു കാഞ്ഞങ്ങാട്. മാന്തോപ്പ് മൈതാനം അതിന്റെ രംഗസ്ഥലമായി. 1881ൽ ജർമൻ മിഷനറി ഫെർഡിനാന്റ് കിറ്റൽ സ്ഥാപിച്ചതും 1913ൽ എയ്ഡഡ് സ്കൂളായി അംഗീകാരം നൽകിയതുമായ യുബിഎംസി എലിമെന്ററി സ്കൂൾ നെഹ്റു മൈതാനത്തിന് അടുത്താണ്. ഇന്ത്യൻ നേവിയുടെ ഒരു യുദ്ധക്കപ്പൽ ഹൊസ്ദുർഗ് കോട്ടയുടെ പേരിലായിരുന്നു. ഐഎൻഎസ് ഹൊസ്ദുർഗ് (കെ 73).

ആ യുദ്ധക്കപ്പൽ 1979 ജനുവരിയിൽ ഹൊസ്ദുർഗ് സന്ദർശിച്ചപ്പോൾ നിരീക്ഷണ ഗോപുരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശില കോട്ടയുടെ സ്മാരകമെന്നോണം അവർ കപ്പലിലേക്കു കൊണ്ടുപോയി.1925ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഹൊസ്ദുർഗ് യൂണിറ്റ് രൂപീക‍ൃതമായത് ദേശീയ സമരങ്ങൾക്കു ദിശാബോധം നൽകി. ആദ്യകാല മലയാള സാഹിത്യകാരന്മാരിൽ വിദ്വാൻ പി.കേളുനായരും ഉൾപ്പെടുന്നത് അങ്ങനെയാണ്. മഹാത്മാ ഗാന്ധി കാഞ്ഞങ്ങാട് വഴി മംഗളൂരുവിലേക്കു പോകുന്ന വിവരം ലഭിച്ചപ്പോൾ ‘നാളെയാണീ നാട്ടിൽ ഗാന്ധിജി തൻ തൃക്കാൽ താരിണി പാടണി പൊന്നുത്സവം’ എന്ന് എഴുതി വന്നതും ഈ വെളിച്ചം കൊണ്ടുതന്നെയാണ്.

വിദ്വാൻ പി.കേളുനായരുടെ ഡയറിക്കുറിപ്പുകൾ കാഞ്ഞങ്ങാടിന്റെ ജീവിത നാടകം തന്നെയാണ്. അത്യുത്തര കേരളത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പഠിക്കാനാവുക എ.സി.കണ്ണൻ നായരുടെ ഡയറിയിൽ നിന്നു കൂടിയാണ്. ദേശീയബോധം അന്തർധാരയായുള്ള കേളുനായരുടെ നാടകങ്ങളിൽ രസികശിരോമണി കോമൻ നായർ വേഷമിട്ടപ്പോൾ സാമൂഹിക ദുരാചരങ്ങൾക്കെതിരെയുള്ള പൊടിക്കൈകൾ അരങ്ങിലെത്തി.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായി കാഞ്ഞങ്ങാട് മാറിയപ്പോൾ രസികശിരോമണിയുടെ ‘കള്ളിന്റെ തള്ളൽ’ മദ്യവർജനത്തിന്റെ കർമപരിപാടി കൂടിയായി മാറി. യക്ഷഗാന ബയലാട്ടത്തിലൂടെ കാഞ്ഞങ്ങാടിന്റെ അഭിമാനമായി ചന്ദ്രഗിരി അമ്പുവെന്ന മഹാശയൻ. 

പി. നടന്ന വഴികൾ

‘കവിയുടെ കാൽപാടുകളിൽ’ കാഞ്ഞങ്ങാടിന്റെ മണം നിത്യകന്യകയുടേതാണ്. കച്ചവടക്കുരു പൊന്തിയ കോട്ടച്ചേരി അങ്ങാടി കുളിർക്കാറ്റൂതുന്ന ചെന്താമരക്കുളമായി തോന്നുന്നതും ചന്തച്ചരക്കുകളിൽ കവിത കാണുന്നതും ഇരമ്പുന്ന വാഹനങ്ങളുടെ അലറിപ്പാച്ചിൽ അവളുടെ പൊൻ ചിലമ്പൊലി എന്നു പറയുന്നതും കാഞ്ഞങ്ങാടിന്റെ പ്രകൃതിയെക്കുറിച്ചാണ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വരുന്നത് 1906ലാണ്. പരമ്പരാഗതമായ വഴിയോടൊപ്പം പുതിയ വഴിയും വരുന്നത് പി.കുഞ്ഞിരാമൻ നായരുടെ കാഞ്ഞങ്ങാടൻ യാത്രകളിൽ ധാരാളം കാണാം. എം.വി.ദേവൻ രൂപകൽപന ചെയ്ത കാഞ്ഞങ്ങാട്ടെ പി.സ്മാരകം കേരളത്തിലെ മികച്ച കവി സ്മാരകമാണ്. 

ആനന്ദാശ്രമം, നിത്യാനന്ദാശ്രമം

കാഞ്ഞങ്ങാടിന്റെ ആത്മീയ നിർവൃതിയായി ആനന്ദാശ്രമവും നിത്യാനന്ദാശ്രമവും നിലകൊള്ളുന്നു. ദാരുശിൽപങ്ങളുടെ കവിതകളാൽ സമ്പന്നമാണ് മഡിയൻ കൂലോം. പടിഞ്ഞാറേ ഗോപുരത്തിലും തിടപ്പള്ളിയിലുമുള്ള ശിൽപങ്ങളുടെ വശ്യത കാഞ്ഞങ്ങാടിന്റെ ഇലച്ചാറിൽ നിന്നു ഉണ്ടാക്കിയെടുത്ത നിറങ്ങളുടേതു കൂടിയാണ്.

തയാറാക്കിയത്:ബിജു കാഞ്ഞങ്ങാട് (കവി, ചിത്രകാരൻ, അധ്യാപകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com