ADVERTISEMENT

ജോലി ആവശ്യാർഥവും അല്ലാതെയുമായി ദുബായിലേക്കു പോകുന്നവരുടെ കൈവശം ബാഗിൽ ഡോളർ തുന്നിപ്പിടിപ്പിച്ച് കടത്തുന്ന സംഘം സജീവമെന്ന് സൂചന

കാസർകോട് ∙ പുത്തിഗെ മുഗുറോഡിലെ സിദ്ദീഖിന്റെ കൊലപാതകത്തിലേക്കു നയിച്ചത് ദുബായിലേക്കു കൊടുത്തുവിട്ട ബാഗിൽ രഹസ്യമായി തുന്നിപ്പിടിപ്പിച്ച ഡോളറുകൾ കാണാതായതു സംബന്ധിച്ച തർക്കം. ഉപ്പളയിൽ ഒരു ട്രാവൽ ഏജൻസി നടത്തുന്ന വ്യക്തികളാണ് ഡോളർ ദുബായിലേക്കു കടത്താൻ ഏൽപ്പിച്ചതെന്ന് സിദ്ദീഖിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.ഉപ്പള മേഖലയിൽ നിന്ന് ജോലി ആവശ്യാർഥവും അല്ലാതെയുമായി ദുബായിലേക്കു പോകുന്നവരുടെ കൈവശം ഇത്തരത്തിൽ ബാഗിൽ ഡോളർ തുന്നിപ്പിടിപ്പിച്ച് കടത്തുന്ന സംഘം സജീവമാണെന്നാണ് വിവരം.

 1. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള  അൻസാരി, 2.ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ  അൻവർ.
1. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അൻസാരി, 2.ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അൻവർ.

ഡോളർ കടത്തുന്ന യാത്രക്കാരനായ ‘കാരിയർ’ക്കു പലപ്പോഴും ബാഗിൽ എവിടെയാണ് ഡോളർ തുന്നിപ്പിടിപ്പിച്ചതെന്നുപോലും വ്യക്തമായ വിവരം നൽകില്ല. ഇത്തരത്തിൽ അരക്കോടിയോളം രൂപ വില വരുന്ന ഡോളറാണ് സിദ്ധീഖിനെ ഏൽപ്പിക്കുന്നതിനായി ഉപ്പളയിലെ രണ്ട് വ്യക്തികൾ ചേർന്ന് സിദ്ധീഖിന്റെ ജ്യേഷ്ഠൻ അൻവർ, അൻസാരി എന്നിവരെ ഏൽപ്പിച്ചത്. ഈ ബാഗ് ദുബായിൽ നിന്ന് ഏറ്റുവാങ്ങി ഡോളർ കടത്തു സംഘത്തിലെ ഏജന്റുമാർക്ക് കൈമാറുക എന്നതായിരുന്നു സിദ്ധീഖിന്റെ ഉത്തരവാദിത്തമെന്ന് ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു.

ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗുമായി അൻസാരിയും മറ്റൊരാളും കൂടി കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഈ സമയത്ത് അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന ആളുടെ പിതാവ് മരിച്ചതിനാൽ അദ്ദേഹം മടങ്ങി. അൻസാരി തനിച്ച് ബാഗുമായി ദുബായിലേക്ക് പോവുകയും ബാഗ് സിദ്ദീഖിനു കൈമാറുകയും ചെയ്തു.

ഡോളറുമായി പോകുന്ന യാത്രക്കാരനും സിദ്ദീഖിനുമടക്കം ഇത്തരത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തിരുന്നതായി സിദ്ദീഖിന്റെ ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ഉപ്പളയിലെ ട്രാവൽ ഏജൻസി ഏൽപ്പിച്ച ബാഗ് സിദ്ദീഖ് അൻസാരിയിൽ നിന്ന് ഏറ്റുവാങ്ങി ദുബായിലെ ഏജന്റിനു കൈമാറി. കുറച്ചു കഴിഞ്ഞ ശേഷം ബാഗിൽ തുന്നിപ്പിടിപ്പിച്ച സ്ഥലത്ത് ഡോളർ കാണാനില്ലെന്നു പറഞ്ഞ് ഏജന്റ് സിദ്ദീഖിനെ വിളിക്കുകയായിരുന്നു. ഉപ്പളയിലെ ട്രാവൽ ഏജൻസി ഉടമയും സിദ്ദീഖിനെയും അൻസാരിയെയും ബന്ധപ്പെട്ടെങ്കിലും ഡോളർ എടുത്തിട്ടില്ലെന്ന വാദത്തിൽ ഇരുവരും ഉറച്ചു നിന്നു.

കേസ് ക്വട്ടേഷൻ സംഘത്തിന് കൈമാറുന്നു

തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ഉപ്പളയിലെ ട്രാവൽ ഏജൻസി പൊവളികെയിലെ ക്വട്ടേഷൻ‌ സംഘത്തെ സമീപിക്കുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ക്വട്ടേഷൻ സംഘത്തിലെ ചിലരെ സിദ്ദീഖിനു നേരത്തേ തന്നെ പരിചയമുണ്ടായിരുന്നതിനാൽ അവരുമായി സഹകരിക്കാൻ സിദ്ദീഖ് തയാറായി. വിഷയം ചർച്ച ചെയ്യാനും കാര്യങ്ങൾ ചോദിച്ചറിയാനുമായി അൻവറിനെയും അൻസാരിയെയും തങ്ങളുടെ അടുത്തേക്ക് അയക്കണമെന്ന് ക്വട്ടേഷൻ സംഘം സിദ്ദീഖിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻസാരിയെ സിദ്ദീഖ് ഉടനെ നാട്ടിലേക്കയച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ച അൻവറിനെയും അൻസാരിയെയും കാറിൽ ക്വട്ടേഷൻ‌ സംഘം പൈവെളികെയിലെ ഇരുനില വീട്ടിലേക്കു കൊണ്ടുപോയി. തെറ്റു ചെയ്തിട്ടില്ല എന്ന ഉറപ്പിലാണ് ധൈര്യത്തോടെ അവരുടെ അടുത്തേക്കു പോയതെന്ന് അൻവറും അൻസാരിയും പറയുന്നു. ഡോളറിന് എന്തു സംഭവിച്ചു എന്ന് അറിയില്ല എന്ന് ഇരുവരും ക്വട്ടേഷൻ സംഘത്തെ അറിയിച്ചതോടെ ക്രൂരമായ മർദ്ദനമേറ്റു. അതേ സമയം മർദ്ദന വിവരമെല്ലാം ക്വട്ടേഷൻ സംഘം സിദ്ദീഖിൽ നിന്ന് മറച്ചുവച്ചു.

അൻ‌വറും അൻസാരിയും ക്വട്ടേഷൻ‌ സംഘത്തിന്റെ സമ്മർദത്തിൽ വീട്ടിൽ‌ വിളിച്ച് തങ്ങൾ സുരക്ഷിതരാണെന്ന് അറിയിക്കുകയും ചെയ്തതിനാൽ അസ്വാഭാവികത ആർക്കും തോന്നിയില്ല.അൻവറും അൻസാരിയും ഒന്നും പറയുന്നില്ല എന്നും വ്യക്തത വരുത്താൻ സിദ്ദീഖ് കൂടി ഇവിടെ എത്തണമെന്നും സംഘം ആവശ്യപ്പെട്ടു.സിദ്ദീഖിന് യാതൊരു പോറലും ഏൽപ്പിക്കില്ല എന്ന ഉറപ്പും ക്വട്ടേഷൻ സംഘം നൽകി. 

 ഇതോടെ കഴിഞ്ഞ ഞായറാഴ്ച രാവിലെ സിദ്ദീഖ് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തി. അന്ന് ഉച്ചയോടെ സഹോദരൻ‌ ലത്തീഫിന്റെ കാറിലാണ് ക്വട്ടേഷൻ‌ സംഘത്തിനു സമീപത്തേക്ക് സിദ്ദീഖ് പോയത്. വഴിയിൽ വച്ച് സഹോദരൻ മടങ്ങുകയും മറ്റൊരു കാറിൽ ക്വട്ടേഷൻ‌ സംഘത്തിനൊപ്പം സിദ്ദീഖ് പോവുകയും ചെയ്തു. തുടർന്ന് പൈവളികെയിലെ ഇരുനില വീട്ടിലും സമീപത്തെ കുന്നിൻ മുകളിലെ മരത്തിൽ കെട്ടിയിട്ടും സിദ്ദീഖിനെ ക്രൂരമായി മർദിച്ചു.

മരണ വിവരം ആദ്യമെത്തിയത് ഗൾ‌ഫിൽ

മർദനത്തിൽ സിദ്ദീഖ് മരണപ്പെട്ടതായി ബോധ്യമായതോടെ ക്വട്ടേഷൻ സംഘം സിദ്ദീഖിനെ ക്വട്ടേഷൻ ഏൽപ്പിച്ച ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർക്കു തന്നെ കൈമാറി. ഇവരാണ് സിദ്ദീഖിനെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഞായറാഴ്ച വൈകിട്ട് 6.30ന് തന്നെ സിദ്ദീഖിന്റെ മരണ വിവരം ഗൾഫിലെത്തിയിരുന്നു. അപകടം മണത്തതോടെ ക്വട്ടേഷൻ സംഘം അൻ‌വറിനെയും അൻസാരിയെയും 1500 രൂപയും നൽകി ഓട്ടോയിൽ‌ കയറ്റി പറഞ്ഞു വിട്ടു. ഗൾഫിലുള്ള സിദ്ദീഖിന്റെ കസിനെ വിളിച്ച് സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ചതായി ക്വട്ടേഷൻ നൽകിയവർ തന്നെയാണ് വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. 

ഇങ്ങിനെ ഗൾ‌ഫിൽ നിന്നു വിവരമറിഞ്ഞാണ് സിദ്ദീഖിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തുന്നതും. നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും തലയ്ക്കുള്ള  അടിയുമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലച്ചോറിലും ആന്തരികാവയവങ്ങളിലും ക്ഷതമുണ്ട്.

സ്ഥിരം ഇടി സങ്കേതം,അധോലോക ബന്ധവും!

ക്വട്ടേഷൻ സംഘത്തിന്റെ സ്ഥിരം ഇടി സങ്കേതങ്ങളിലൊന്നാണ് പൈവളികെയിലെ കാടുകയറിയ കുന്നിൻ പ്രദേശങ്ങൾ. പൈവെളികെ നൂത്തിലയിലെ വീട്ടിൽ വച്ചാണ് ക്വട്ടേഷൻ സംഘം ഇവരെ മർദിച്ചത്. തുടർന്ന് സമീപത്തെ ബോളംകളയിലെ കുന്നിനു മുകളിലെത്തിച്ചും മർദിച്ചു. മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. തട്ടിക്കൊണ്ടുവന്നവരെ അടിക്കാനുള്ള സജീകരണങ്ങളും വടിയുമെല്ലാം ഇവിടെ തയാറാക്കി വച്ചിട്ടുണ്ട്.‌

രവി പൂജാരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരും ഗൾഫിൽ നിന്ന് ക്വട്ടേഷനു വേണ്ട നിർദേശങ്ങൾ നൽകിയതായി വിവരമുണ്ട്. വലിയ അധോലോക സംഘത്തിന്റെ കണ്ണി തന്നെ കൊലപാതകത്തിനു പിറകിലുണ്ടെന്നാണ് സൂചന. തോക്കു കടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടയാളും ക്വട്ടേഷൻ സംഘത്തിലുണ്ട്. 

അൻസാരിയെയും അൻവറിനെയും കെട്ടിയിട്ട അതേ വീട്ടിൽ തന്നെയാണ് സിദ്ദീഖും ഉണ്ടായിരുന്നതെങ്കിലും ക്വട്ടേഷൻ സംഘം ഇവരെ പരസ്പരം കാണിക്കാൻ തയാറായില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അൻസാറിനെയും അൻവറിനെയും ബോളംകള കുന്നിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ട സിദ്ദീഖിനെ ആ സമയത്ത് അവിടെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നഗ്നരാക്കി തല കീഴായി കെട്ടിത്തൂക്കിയായിരുന്നു മർദനം.പരുക്കേറ്റ  അൻസാറിനെയും അൻവറിനെയും സിദ്ദീഖ് മരണപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് ക്വട്ടേഷൻ‌ സംഘം പറഞ്ഞുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com