ADVERTISEMENT

കുടക് മേഖലയിലുണ്ടായത് റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തിയ ഭൂചലനം, പ്രഭവ കേന്ദ്രത്തിൽ നിന്ന് 40–50 കിലോമീറ്റർ‍ അകലെ വരെ പ്രകമ്പനം.

സുള്ള്യ/കാസർകോട് ∙ ഇന്നലെ രാവിലെ 7.45ന് കുടക് ജില്ലയിലുണ്ടായ ഭൂചലനത്തിൽ കാസർകോടിന്റെ മലയോര മേഖലയും വിറച്ചു. കുടകിലെ മടിക്കേരി താലൂക്കിലെ ചെമ്പു ഗ്രാമത്തിനു 5 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുടക്, ദക്ഷിണ കന്നഡ ജില്ലകളുടെ അതിർത്തി മേഖലയാണിത്. ഇന്നലെ രാവിലെയുണ്ടായ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ തീവ്രത 3 രേഖപ്പെടുത്തി. സുള്ള്യയ്ക്കു സമീപം ഏതാനും വീടുകളുടെ ഭിത്തിയിൽ‍ വിള്ളലുണ്ടായി. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഈ മേഖലയിൽ നേരിയ തോതിലുള്ള ഭൂചലനമുണ്ടാകുന്നത്. ഇതിനിടെ ഇന്നലെ വൈകിട്ട് ചെമ്പു മേഖലയിൽ 1.8 തീവ്രതയുള്ള ചെറുചലനം കൂടിയുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി.

 ഭൂചലനത്തെ തുടർന്ന്  സുള്ള്യ താലൂക്കിലെ സംപാജെ ഗൂനടുക്കയിലെ അബുസാലിയുടെ വീടിന്റെ ഭിത്തിയിൽ ഉണ്ടായ വിള്ളൽ.
ഭൂചലനത്തെ തുടർന്ന് സുള്ള്യ താലൂക്കിലെ സംപാജെ ഗൂനടുക്കയിലെ അബുസാലിയുടെ വീടിന്റെ ഭിത്തിയിൽ ഉണ്ടായ വിള്ളൽ.

ജില്ലയുടെ കർണാടക അതിർത്തി മേഖലകളിൽ മിക്കയിടത്തും ഇടിമുഴക്കം പോലെ ശബ്ദവും കെട്ടിടങ്ങൾക്കു കുലുക്കവും അനുഭവപ്പെട്ടു. മറ്റു നാശ നഷ്ടങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തില്ല. റവന്യു, ജിയോളജി വകുപ്പ് അധികൃതർ മേഖലകളിൽ സന്ദർശനം നടത്തി. കഴിഞ്ഞ ശനിയാഴ്ച സുള്ള്യയ്ക്കു സമീപത്ത് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പനത്തടി വില്ലേജിൽ കല്ലെപ്പള്ളിയിൽ അന്നും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

 കുടകിലുണ്ടായ ഭൂചലനം അനുഭവപ്പെട്ട മേഖല
കുടകിലുണ്ടായ ഭൂചലനം അനുഭവപ്പെട്ട മേഖല

കുടകിൽ രേഖപ്പെടുത്തിയ ചലനത്തിൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കർണാടക സംസ്ഥാന നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അധികൃതർ അറിയിച്ചു. ചെമ്പുവിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനമാണ് ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായ സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും, കുടക് ജില്ലയുടെ ഭാഗങ്ങളിലും ഉണ്ടായത് എന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) റിപ്പോർട്ട് പറയുന്നു. 25ന് മടിക്കേരി താലൂക്കിലെ കരിക്കെ ഗ്രാമത്തിനു 4.7 കിലോമീറ്റർ വടക്കു–പടിഞ്ഞാറായി തീവ്രത 2.3 രേഖപ്പെടുത്തിയ ചലനവുമുണ്ടായിരുന്നു. 23ന് മൈസൂരു മേഖലയിലും നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

 ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

സുള്ള്യയിൽ 4 ദിവസത്തിനിടെ രണ്ടാം ഭൂചലനം

കേരളത്തിന്റെ അതിർത്തി പ്രദേശമായ കർണാടകയിലെ സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നാലു ദിവസത്തിനിടെ രണ്ടാം തവണ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ 7.45 നാണു ഭൂചലനം ഉണ്ടായത്. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ 5 സെക്കൻഡ് വരെ നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടു. സംപാജെ, കല്ലുഗുണ്ടി, ഗൂനടുക്ക, അറന്തോട്, ഗുത്തിഗാർ, മർക്കഞ്ച, മഡപ്പാടി, സുള്ള്യ ടൗൺ തുടങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

ആളുകൾ ഭീതിയോടെ വീടിനു പുറത്തേക്ക് ഇറങ്ങി. പാത്രങ്ങൾ താഴെ വീണു. വീട്ടിലെ ഗൃഹോപകരണങ്ങൾക്കും മറ്റും വിറയൽ അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ വീടിനു മുകളിൽ ഇട്ട ഷീറ്റുകൾ ശബ്ദമുണ്ടാക്കി എന്ന് ജനങ്ങൾ പറയുന്നു. സംപാജെയിലെ കല്ലൂഗുണ്ടി, ഗൂനടുക്ക എന്നിവിടങ്ങളിൽ വീടുകളുടെ ഭിത്തിയിൽ ചെറിയ വിള്ളൽ ഉണ്ടായി. കല്ലുഗുണ്ടിയിലെ മലയാളിയായ വി.വി.ബാലൻ, പി.ആർ.നാഗേഷ്, ഗൂനടുക്കയിലെ അബൂസാലി എന്നിവരുടെ വീടിന്റെ ഭിത്തിയിൽ ചെറിയ തോതിൽ വിള്ളൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടായിരുന്നു. ഇന്നലത്തെ ഭൂചലനത്തിൽ അത് കൂടി എന്ന് അബുസാലി പറഞ്ഞു.

കഴിഞ്ഞ 25 നു രാവിലെ 9.10നു സുള്ള്യ, കുടക് ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായിരുന്നു. അന്നും ഇതിനു സമാനമായ അനുഭവമാണ് ഉണ്ടായത്. കുടകിന്റെ ഭാഗമായ കരിക്കെയ്ക്കു സമീപം 2.3 തീവ്രതയുള്ള ഭൂചലനം അന്ന് രേഖപ്പെടുത്തിയിരുന്നു.കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് വീടിനു വിള്ളൽ ഉണ്ടായ സംപാജെ, ഗൂനടുക്ക എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി. സുള്ള്യ തഹസിൽദാർ അനിതാ ലക്ഷ്മി, എസ്ഐ ജി.ആർ.ദിലീപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഇന്നലെ രാവിലെ വലിയ ശബ്ദത്തോടെ അഞ്ചു സെക്കൻഡുകൾ നീണ്ടു നിന്ന ചലനം അനുഭവപ്പെട്ടു. ദേഹത്ത് വൈദ്യുതി പ്രവാഹം ഉണ്ടായത് പോലെ തോന്നിയിരുന്നെന്നും ഭൂചലനത്തെ തുടർന്ന് വീടിന്റെ ഭിത്തിയിൽ ചെറിയ വിള്ളൽ കണ്ടെത്തി എന്നും മലയാളിയായ ഇ.വി.പ്രശാന്ത് കല്ലുഗുണ്ടി പറഞ്ഞു. തുടർച്ചയായി ഈ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെടുന്നത് കാരണം ജനങ്ങൾ ആശങ്കയിലാണ്. സർക്കാർ വിദഗ്ധ സംഘത്തെ അയച്ച് പ്രദേശത്ത് പഠനം നടത്തി ആവശ്യമായ സുരക്ഷാ മുൻ കരുതൽ എടുക്കണമെന്ന് ടി.എം.ഷാഹിദ് തെക്കിൽ ആവശ്യപ്പെട്ടു.

ജില്ലയിൽ പ്രകമ്പനം അനുഭവപ്പെട്ട സ്ഥലങ്ങൾ

വെള്ളരിക്കുണ്ട്, കൊന്നക്കാട്, മൈക്കയം, മഞ്ജുച്ചാൽ, അതിയടുക്കം, മുട്ടൊകടവ്, ചിറ്റാരിക്കാൽ ടൗൺ ഉൾപ്പെടെ ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും രാവിലെ 7:45ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചിറ്റാരിക്കാൽ, ഗോക്കടവ്, കണ്ണിവയൽ,തയ്യേനി, കാവുന്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട ഭൂമികുലുക്കം അനുഭവപ്പെട്ടത്. കുടകിനോടു തൊട്ടു കിടക്കുന്ന പനത്തടി വില്ലേജിൽ കല്ലെപ്പള്ളി മേഖലയിലും സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു.

പാണത്തൂർ, റാണിപുരം, കമ്മാടി മേഖലകളിലും ഇന്നലെ രാവിലെ 7.45 ന് സെക്കൻഡുകൾ മാത്രം ദൈർഘ്യമുണ്ടായിരുന്ന ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പ സാധ്യതയുള്ള ഭ്രംശ മേഖലകൾ സമീപ പ്രദേശങ്ങളിലില്ല. കനത്ത മഴ പെയ്യുമ്പോൾ മർദ വ്യതിയാനങ്ങളെ തുടർന്ന് ഇത്തരത്തിൽ ചെറിയ പ്രകമ്പനം സംഭവിക്കാറുണ്ട്. ജില്ലയുടെ മലയോര മേഖലകളിൽ ഭൂകമ്പ സാധ്യതകളെക്കുറിച്ച് പഠിക്കാൻ സെന്റർ ഫോർ എര്‍ത്ത് സയൻസിന് കലക്ടർ വഴി റിപ്പോർട്ട് നൽകും. സംസ്ഥാനത്ത് പാലക്കാടാണു ഭൂകമ്പ സാധ്യതയുള്ള ഭ്രംശ മേഖലയുള്ളത്. തീവ്രത കൂടിയ ചലനങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടാനില്ല. ജില്ലയിൽ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്.
കെ.ആർ.ജഗദീശൻ, ജിയോളജി വകുപ്പ്, കാസർകോട്

നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് ഈ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെടുന്നത്. ഇത് ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ മലയോര മേഖലയിലെ ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്
ജി.കെ.ഹമീദ്, സംപാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com