ADVERTISEMENT

കാസർകോട് ജില്ലയിൽ തലപ്പാടി മുതൽ നീലേശ്വരം പള്ളിക്കര വരെ ദേശീയപാതയിൽ ആകെ 25 അടിപ്പാതകൾക്ക് ആണ് നിലവിൽ നിർമാണ അനുമതി ആയിരിക്കുന്നത്. എന്നാൽ, കൂടുതൽ അടിപ്പാതകൾക്കായി പലയിടങ്ങളിലും ആവശ്യം ഉയർന്നിരിക്കുകയാണ് ഇപ്പോൾ... 

കാസർകോട് ∙ ദേശീയപാത വികസനം അതിവേഗത്തിൽ പുരോഗമിക്കുമ്പോൾ ആശ്വാസത്തിനൊപ്പം ആശങ്കയിലുമാണു നാട്ടുകാർ. അതിന്റെ തുടർച്ചയായി റോഡ് മുറിച്ചു കടക്കാനുള്ള ‘അടിപ്പാത’കൾ വേണമെന്ന ആവശ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരിക്കുകയാണ്. എന്നാൽ, സർവീസ് റോഡുകളടക്കം പാതയുടെ പണി പൂർത്തിയാകുമ്പോൾ ഈ ആശങ്കകൾ ഒഴിയുമെന്ന് ആശ്വസിപ്പിക്കുന്നു ദേശീയപാത നിർമാണ കമ്പനികൾ.

   ദേശീയപാതയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യമുയരുന്ന  കാഞ്ഞങ്ങാട് കൂളിയങ്കാൽ ജംക്‌ഷൻ.
ദേശീയപാതയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യമുയരുന്ന കാഞ്ഞങ്ങാട് കൂളിയങ്കാൽ ജംക്‌ഷൻ.

ദേശീയപാത അതോറിറ്റി നിർദേശിച്ച രൂപരേഖ പ്രകാരം ജില്ലയിൽ തലപ്പാടി മുതൽ നീലേശ്വരം പള്ളിക്കര വരെ ആകെ 25 അടിപ്പാതകൾ ആയിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ, ഇവയ്ക്കു പുറമെ കൂടുതൽ അടിപ്പാതകൾക്കായി ആവശ്യമുയരുന്നിരിക്കുകയാണിപ്പോൾ.

 ദേശീയപാതയിൽ അടിപ്പാത വേണമെന്ന് ആവശ്യമുയരുന്ന  നീലേശ്വരം കോട്ടപ്പുറം ജംക്‌ഷൻ.
ദേശീയപാതയിൽ അടിപ്പാത വേണമെന്ന് ആവശ്യമുയരുന്ന നീലേശ്വരം കോട്ടപ്പുറം ജംക്‌ഷൻ.

നാട്ടുകാർ പറയുന്നത്...

ദേശീയപാതയുടെ പണി പൂർത്തിയാകുമ്പോൾ സർവീസ് റോഡിൽ നിന്ന് അടിപ്പാത വഴി വേണം മറുഭാഗത്തെ സർവീസ് റോഡിലേക്കും പ്രധാന പാതയിലേക്കും കയറാൻ. അടിപ്പാത ഇല്ലാത്ത സ്ഥലങ്ങളിൽ 2 മുതൽ 5 കിലോമീറ്റർ വരെ ദൂരം സർവീസ് റോഡ് വഴി സഞ്ചരിച്ചു വേണം പല സ്ഥലങ്ങളിലും റോഡിന് എതിർവശത്തെത്താൻ എന്ന ദുരിതമാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കുമെല്ലാമുള്ള യാത്ര ഇതു കാരണം പ്രയാസത്തിലാകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു.

 ദേശീയപാത വികസനത്തിൽ അണങ്കൂരിൽ അടിപ്പാത നിർമാണം ആവശ്യപ്പെട്ടു നടന്ന സർവകക്ഷി ധർണ നഗരസഭ ചെയർമാൻ  വി.എം.മുനീർ ഉദ്ഘാടനം ചെയ്യുന്നു.
ദേശീയപാത വികസനത്തിൽ അണങ്കൂരിൽ അടിപ്പാത നിർമാണം ആവശ്യപ്പെട്ടു നടന്ന സർവകക്ഷി ധർണ നഗരസഭ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്യുന്നു.

ആദ്യ രൂപരേഖ പ്രകാരം അനുവദിച്ചവ

മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാൽ, ചൗക്കി, വിദ്യാനഗർ, നാലാം മൈൽ ഇ.കെ.നായനാർ സ്മാരക സഹകരണ ആശുപത്രി, ബട്ടത്തൂർ, പൊയിനാച്ചി, പെരിയാട്ടടുക്കം, പെരിയ, കേരള കേന്ദ്ര സർവകലാശാല, പുല്ലൂർ, മൂലക്കണ്ടം, ചെമ്മട്ടംവയൽ കെഎസ്ആർടിസി ഡിപ്പോ പരിസരം, നീലേശ്വരം തോട്ടം ജംക്‌ഷൻ, നീലേശ്വരം പൊലീസ് സ്റ്റേഷൻ, ചെറുവത്തൂർ ബൈപാസ്, ചെറുവത്തൂർ ബസ് സ്റ്റാൻഡ്–പടന്ന റോഡ്, പിലിക്കോട് തോട്ടം, കാലിക്കടവ്

കൂടുതലായി അനുവദിച്ചവ 

വിദ്യാനഗർ ബിസി റോഡ്, പൊയിനാച്ചി, കുണിയ, കൂളിയങ്കാൽ റോഡ്.

ചെറുവത്തൂർ 

ദേശീയപാത വരുമ്പോൾ കാലിക്കടവിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്. ദേശീയപാതയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആറാട്ട് എത്തിച്ചേരേണ്ടത് ദേശീയപാതയ്ക്കു കിഴക്ക് ഭാഗത്തുള്ള ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തിലാണ്. 

ഏച്ചിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി അവിടത്തെ കുളത്തിൽ നിന്ന് പൂരം കുളിച്ച് ആറാട്ട് തിരിച്ചു വരികയാണു പതിവ്. അതുകൊണ്ട് തന്നെ ദേശീയ പാതയിൽ കാലിക്കടവിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് രയരമംഗലം ക്ഷേത്രം ഭരണസമിതി പ്രധാനമന്ത്രി, മരാമത്ത് വകുപ്പു മന്ത്രി, ദേശീയപാത അധികൃതർ എന്നിവർക്കു നിവേദനം നൽകി. 

ദേശീയപാതയുടെ തൊട്ടടുത്ത് പടിഞ്ഞാറ് ഭാഗത്താണ് പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ. കാലിക്കടവിൽ അടിപ്പാത നിർമിച്ചില്ലെങ്കിൽ കുട്ടികൾ ചില്ലറ ദുരിതമാകില്ല അനുഭവിക്കേണ്ടി വരിക.

ചെങ്കള പഞ്ചായത്ത്

പഞ്ചായത്തിലെ 4 ഇടങ്ങളിൽ കൂടി അടിപ്പാത ആവശ്യപ്പെട്ട് ചെങ്കള പഞ്ചായത്ത് രംഗത്തെത്തി. നായന്മാർമൂല, സന്തോഷ് നഗർ, ഇന്ദിരാ നഗർ, പാണാർകുളം എന്നിവിടങ്ങളിൽ കൂടി അടിപ്പാത വേണമെന്നാണ് ആവശ്യം. നായന്മാർമൂലയിൽ അടിപ്പാത അത്യാവശ്യമാണെന്നാണു നിലപാട്

ഉപ്പള നയാബസാർ 

റോഡിന്റെ കിഴക്കു ഭാഗത്തു നിന്നു പടിഞ്ഞാറു ഭാഗത്തുള്ള സർക്കാർ ആശുപത്രിയിലേക്കും 5 വിദ്യാലയങ്ങളിലേക്കും എത്താൻ അടിപ്പാത ഇല്ലാത്തതിരുന്നാൽ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരും. ഉപ്പള ഫയർസ്റ്റേഷൻ യാത്രയും ദുരിതത്തിലാകും. തുമിനാട്, കുഞ്ചത്തൂർ, ഉദ്യാവർ, പൊസോട്ട്, ഉപ്പള ഗേറ്റ്,ഹിദായത്ത് ബസാർ, ഉപ്പള ടൗൺ, കൈക്കമ്പ, മുട്ടംഗേറ്റ്, ഷിറിയ എന്നിവിടങ്ങളിലും അടിപ്പാത നിർമാണത്തിന് ആവശ്യം ഉയർന്നിട്ടുണ്ട്. 

കാഞ്ഞങ്ങാട് 

മലയോര മേഖലയിൽ നിന്ന് അരയിപാലം വഴി വരുന്നവർക്ക് കൂളിയങ്കാലിൽ നിന്ന് 500 മീറ്റർ മതി ജില്ലാ ആശുപത്രിയിൽ എത്താൻ. എന്നാൽ, ദേശീയപാത വികസനം നടക്കുന്നതോടെ കാഞ്ഞങ്ങാട് സൗത്ത് വഴി 3 കിലോമീറ്റർ ചുറ്റി വേണം ജില്ലാ ആശുപത്രിയിൽ എത്താൻ. ഈ വളഞ്ഞു തിരിഞ്ഞുള്ള യാത്ര ഒഴിവാക്കാൻ കൂളിയങ്കാലിൽ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയം, മോട്ടർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്, നിർദിഷ്ട വ്യവസായ പാർക്ക് എന്നിവിടങ്ങളിലേക്ക് കാഞ്ഞങ്ങാട് നിന്നു പോകുന്നവർക്കും സൗത്ത് വഴി ചുറ്റി സഞ്ചരിക്കേണ്ടി വരും. നാട്ടുകാർ ‘സേവ് കൂളിയങ്കാൽ’ എന്ന പേരിൽ കർമ സമിതി രൂപീകരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ച് ഇ.ചന്ദ്രശേഖരൻ എംഎൽഎയും അടിപ്പാത വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. 

കാഞ്ഞങ്ങാട് നഗരസഭ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.മുഹമ്മദലി ചെയർമാനും കൗൺസിലർ പി.മുഹമ്മദ് കുഞ്ഞി കൺവീനറും ഷുക്കൂർ ട്രഷററുമായ കർമസമിതിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 

നീലേശ്വരം

നീലേശ്വരം കോട്ടപ്പുറം ജംക്‌ഷനിലും രാജാ റോഡിലേക്കുള്ള വഴിയിലും ചെറുവാഹനങ്ങൾക്കു കടന്നുപോകാവുന്ന അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. നഗരസഭാ പരിധിയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങൾ പഠിച്ച് ദേശീയപാത അതോറിറ്റിയെ വിവരമറിയിക്കാൻ‍ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടേതാണ് ഈ നിർദേശങ്ങൾ. നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അധ്യക്ഷയായ കമ്മിറ്റിയാണിത്. 

നീലേശ്വരം പുഴയ്ക്കു നിർമിക്കുന്ന ഫ്ലൈ ഓവർ സമീപത്തെ കോട്ടപ്പുറം റോഡ് ജംക്‌ഷൻ, നഗരസിരാകേന്ദ്രമായ രാജാ റോഡിലേക്കുള്ള മാർക്കറ്റ് ജംക്‌ഷൻ എന്നിവ കടന്ന് എൻകെബിഎം എയുപിഎസ് വരെ നീളുമെന്ന ആശങ്ക ഉയർന്നഘട്ടത്തിലാണ് നഗരസഭയുടെ ഇടപെടൽ.

അടിപ്പാത ആവശ്യപ്പെട്ട് നഗരസഭ 

അണങ്കൂരിൽ അടിപ്പാത ആവശ്യപ്പെട്ട് കാസർകോട് നഗരസഭയും സർവ കക്ഷികളും രംഗത്തിറങ്ങി. ഗവ. ആയുർവേദ ആശുപത്രി, നിർമാണത്തിലുള്ള ക്രൈംബ്രാഞ്ച് ഓഫിസ് തുടങ്ങിയവയുമായി ബന്ധപ്പെടാനും അണങ്കൂരിൽ അടിപ്പാതാ സൗകര്യം അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും സർവകക്ഷികളും ധർണ നടത്തി. നഗരസഭ അധ്യക്ഷൻ വി.എം.മുനീർ ഉദ്ഘാടനം ചെയ്തു.

മൊഗ്രാൽപുത്തൂർ ടൗൺ, എരിയാൽ, അടുക്കത്ത്ബയൽ, അണങ്കൂർ ജംക്‌ഷൻ, നായന്മാർമൂല, നാലാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ പുതുതായി അടിപ്പാത ആവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് ബന്ധപ്പെട്ട അധികൃതർക്കു നിവേദനം നൽകിയിട്ടുണ്ട്. വിവിധ യോഗങ്ങളിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.

മൊഗ്രാൽ പുത്തൂർ

മൊഗ്രാൽപുത്തൂരിൽ അടിപ്പാത അനുവദിക്കുമെന്ന പ്രതീക്ഷയിലാണു മൊഗ്രാൽപുത്തൂർ നിവാസികൾ. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവരുടെ ആവശ്യം അനുസരിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗമാണ് ഇതിനു വഴിയൊരുക്കിയത്. കലക്ടർ, ദേശീയപാത പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 

മൊഗ്രാൽപുത്തൂർ സ്കൂളിലെ 2500ലേറെ വിദ്യാർഥികളിൽ ഭൂരിഭാഗവും ദേശീയപാതയിലെ ഇരുഭാഗങ്ങളിലായി താമസിക്കുന്നവരാണ്. മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, ബാങ്ക്, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, വിവിധ ആരാധനാലയങ്ങൾ, മദ്രസ, അങ്കണവാടി തുടങ്ങിയവയിലേക്ക് ബസ് ഇറങ്ങേണ്ടത് ഇവിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com