കാസർകോട് താലൂക്ക് ഓഫിസ് പരിസരം മദ്യപന്മാരുടെ കേന്ദ്രം

   കാസർകോട് താലൂക്ക് ഓഫിസ് കോംപൗണ്ടിൽ കർണാടക  മദ്യത്തിന്റെ ഒഴിഞ്ഞ പാക്കറ്റുകളും മറ്റും കൂട്ടിയിട്ട നിലയിൽ.
കാസർകോട് താലൂക്ക് ഓഫിസ് കോംപൗണ്ടിൽ കർണാടക മദ്യത്തിന്റെ ഒഴിഞ്ഞ പാക്കറ്റുകളും മറ്റും കൂട്ടിയിട്ട നിലയിൽ.
SHARE

കാസർകോട് ∙ താലൂക്ക് ഓഫിസ് പരിസരത്ത് എത്തിയാൽ മൂക്ക് പൊത്താതെ നടക്കുക അസാധ്യം. ടൈൽ പാകിയതാണ് താലൂക്ക് ഓഫിസ് മുറ്റം. 121 വർഷം മുൻപു പണിത ഈ കെട്ടിടം സംരക്ഷിത ചരിത്ര സ്മാരകമായി നിലനിർത്താനാണ് സർക്കാർ തീരുമാനം. എന്നാൽ ഇതിന്റെ വടക്കും തെക്കും പടിഞ്ഞാറും ഭാഗത്തുള്ള കെട്ടിടങ്ങൾ പലതും കാടു കയറിയും മേൽക്കൂര ഉൾപ്പെടെ തൂങ്ങിയും കിടക്കുന്നതാണ്.

കാസർകോട് താലൂക്ക് ഓഫിസ് പരിസരത്തെ മാലിന്യം.
കാസർകോട് താലൂക്ക് ഓഫിസ് പരിസരത്തെ മാലിന്യം.

വൈകിട്ട് ഓഫിസുകളിൽ ജീവനക്കാർ ഒഴിഞ്ഞുപോകുന്നതോടെ മദ്യപാനവും മദ്യവിൽപനയും ചെയ്യുന്നവരുടെ താവളമാണ് താലൂക്ക് ഓഫിസ് അങ്കണം. ദിവസം തോറും ഒഴിഞ്ഞ മദ്യക്കുപ്പികളും കവറുകളും കൂടിവരികയാണ്. ഇതു മാറ്റാനോ തടയാനോ പരിസര ശുചീകരണം ഉറപ്പുവരുത്താനോ നടപടികൾ ഉണ്ടാകുന്നില്ല. മദ്യലഹരിയിൽ അതിരുവിടുന്ന സംഘത്തിന് ഇവിടെ സർവസ്വാതന്ത്ര്യമാണ്. മദ്യത്തിന്റെ ലഹരി മാറാതെ ഇവിടെ പലരും അന്തിയുറക്കവും നടത്തുന്നു.

നേരം ഇരുട്ടുന്നതോടെ ഈ വഴി നടന്നു പോകാൻ പോലും ഭയമാണ് ആളുകൾക്ക്. കെട്ടിടത്തിന്റെ തൂങ്ങിക്കിടക്കുന്ന പലകകളും മറ്റു സാമഗ്രികളും കളവു പോകുന്നതും പതിവായിട്ടുണ്ട്. അടുത്തിടെയാണ് ജീവനക്കാർ ഒരു സംഘത്തെ കയ്യോടെ പിടികൂടിയത്. 

പൊതു ശുചിമുറി ഇല്ല

നാലു ഭാഗത്തും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ നിലനിൽക്കുമ്പോഴും താലൂക്ക് ഓഫിസ് കോംപൗണ്ടിലെ വിവിധ ഓഫിസുകളിൽ എത്തുന്നവർക്കു പൊതുശുചിമുറി സൗകര്യം ഇല്ല. പലരും ഇതിനായി കെട്ടിടങ്ങളുടെയും മതിലുകളുടെയും മരങ്ങളുടെയും കാടിന്റെയും മറ ആണ് ആശ്രയിക്കുന്നത്.

ഇതു കാരണമുള്ള ദുർഗന്ധവും താലൂക്ക് ഓഫിസ് കോപൗണ്ടിലെ വിവിധ ഓഫിസുകളിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. താലൂക്ക് ഓഫിസ് വളപ്പിൽ പൊതുജനങ്ങൾക്ക് ഒരു ശുചിമുറി സൗകര്യം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചതായിരുന്നു. മിനി സിവിൽ സ്റ്റേഷന്റെ പണി തുടങ്ങാനുണ്ടെന്നും അപ്പോൾ ഇത് പരിഹരിക്കുമെന്നു പറഞ്ഞായിരുന്നു അത് ഒഴിവാക്കിയത്. 

മിനി സിവിൽ സ്റ്റേഷൻ ‘ഭരണാനുമതി’ കുരുക്കിൽ 

മുൻ മന്ത്രിസഭ അധികാരം ഒഴിയുന്നതിനു മുൻപ് കാസർകോട് മിനി സിവിൽസ്റ്റേഷൻ നിർമാണം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതാണ്. ഇതിനായി ഗ്രാനൈറ്റ് ഫലകം ഒരുക്കിയെങ്കിലും ആവശ്യമായ ഫണ്ട് ഇല്ലെന്ന കാരണത്താൽ മന്ത്രിയുടെ നിർദേശം അനുസരിച്ചു അത് അന്നു മാറ്റി വച്ചു. 2020 ഓഗസ്റ്റ് 17ന് ആയിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

എല്ലാ സർക്കാർ ഓഫിസുകളും ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി ഗ്രൗണ്ട്ഫ്ലോർ ഉൾപ്പെടെ 3 നില കെട്ടിടമാണ് മിനി സിവി‍ൽസ്റ്റേഷനു വേണ്ടി പണിയാൻ അധികൃതർ പ്ലാൻ ഒരുക്കിയത്. ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ എല്ലാ ഓഫിസുകൾക്കും ഇതിൽ ഇടം നൽകാനായിരുന്നു തീരുമാനം. എന്നാൽ ഭരണാനുമതി സംബന്ധിച്ച സാങ്കേതിക കുരുക്കിൽ നിർമാണം തുടങ്ങൽ വൈകുന്നു. 

സംസ്ഥാന സർക്കാർ 2020ൽ ഇറക്കിയ 2020–2021 വിശദമായ ബജറ്റ് എസ്റ്റിമേറ്റ് അനുബന്ധം വാല്യം 1 പേജ് 21 ൽ ഭരണാനുമതി ഉള്ള മരാമത്ത് പണികളുടെ കൂട്ടത്തിൽ കാസർകോട് മിനി സിവിൽസ്റ്റേഷൻ കെട്ടിട നിർമാണം ഉണ്ട്. 2018 – 2019 ബജറ്റിൽ 7 കോടി രൂപ വകയിരുത്തി എന്നാണ്  രേഖ. 2017ൽ 11.50 കോടി രൂപ പ്രതീക്ഷിത ചെലവ് കണക്കാക്കി പദ്ധതി സമർപ്പിച്ചിരുന്നു. എങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ലെന്നാണ് മരാമത്ത് വകുപ്പ്  അധികൃതർ പറയുന്നത്.

ഭരണാനുമതി തേടി വീണ്ടും പുതുക്കി 16.40 കോടി രൂപ ചെലവ് കണക്കാക്കി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഭരണാനുമതി കിട്ടണം ടെൻഡർ നടപടികൾ സ്വീകരിച്ചു നിർമാണം തുടങ്ങാൻ. നേരത്തെ ഭരണാനുമതി ലഭിച്ചതാണ് എന്നു പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇല്ലെന്നാണ് മരാമത്ത് അധികൃതരുടെ വിശദീകരണം.

ഭരണാനുമതി ആകാത്ത പദ്ധതി ആണെങ്കിൽ 2020 ഓഗസ്റ്റ് 17നു ഇതിന്റെ നിർമാണം ഉദ്ഘാടനത്തിനു ശിലാഫലകം ഒരുക്കാൻ നിർദേശിച്ചത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. താലൂക്ക് ഓഫിസ് വളപ്പിലെ പഴയ മുൻസിഫ് കോടതി ഉൾപ്പെടെ ഉണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കി ആണ് മിനി സിവിൽ സ്റ്റേഷൻ പണിയാൻ ഉദ്ദേശിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS