ADVERTISEMENT

കാഞ്ഞങ്ങാട് ∙ കോരിച്ചെരിയുന്ന മഴയുള്ള ഒരു പകലിലാണ് 7 വയസ്സുള്ള ഉത്തരേന്ത്യൻ കുട്ടിയുടെ കയ്യും പിടിച്ച് ഷജീർ പാലാട്ട് തന്റെ വീട്ടിലെത്തിയത്. ഷജീറിന് അന്ന് 15 വയസ്സ്. കയ്യിലുള്ള കടലാസ് തുണ്ടിൽ കുറിച്ച വാക്കുകളാണ് ഷജീറിനെ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. ‘അനാഥ ബാലനാണ്, ഇവനെ അനാഥാലയത്തിൽ എത്തിക്കണം’ ഇതായിരുന്ന ആ കടലാസ് തുണ്ടിലെ വാക്കുകൾ. അന്നത്തെ 7 വയസ്സുകാരനായ ടി.ഇ.ഹാഷിമിന് ഇന്ന് 23 വയസ്സായി. മൂന്നാം മൈലിലെ ഷജീറിന്റെ വീട് അവന്റെ സ്വന്തം വീടായി. ഗൾഫിൽ നല്ല ജോലി കിട്ടി.

വർഷങ്ങൾക്ക് മുൻപ് നഗരത്തിലെ തിരക്കിൽ നിന്നു ഉമ്മയുടെ കൈവിട്ട് മറ്റേതോ നാട്ടിലെത്തിയ ഹാഷിമിന് തന്റെ ഉമ്മയെയും പെങ്ങന്മാരെയും കാണണം. അമ്പലവും പള്ളിയും ഉള്ള സ്ഥലത്താണു തന്റെ വീടെന്നു ഹാഷിമിന് നേരിയ ഓർമയുണ്ട്. സാരിയിൽ കൈവേല ചെയ്യുന്നവർ കൂടുതലായി താമസിക്കുന്ന ഇടമാണ്. മർജീന എന്നാണ് ഉമ്മയുടെ പേര്. ജാസിൻ മുഹമ്മദ് എന്നാണ് പിതാവിന്റെ പേര്. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും ഹാഷിം പറയുന്നു. ഹമീദ, ഹുദ എന്നിങ്ങനെയാണ് സഹോദരിമാരുടെ പേര്– നാടിനെയും വീടിനേയും കുടുംബത്തേയും കുറിച്ചുള്ള ഹാഷിമിന്റെ ഓർമകൾ ഇവിടെ അവസാനിച്ചു. 

ട്രെയിൻ കയറിയാണ് ഹാഷിം ഏഴാമത്തെ വയസ്സിൽ കാഞ്ഞങ്ങാട് എത്തുന്നത്. വഴിയിൽ കണ്ട ആരോ കുട്ടിയുടെ സങ്കടം കണ്ട് മലയാളത്തിൽ കുറിപ്പെഴുതി പാണത്തൂരിലേക്കുള്ള ബസ് കയറ്റി വിട്ടു. കുറിപ്പ് കണ്ട കണ്ടക്ടർ കുട്ടിയെ മൂന്നാം മൈലിൽ ഇറക്കി. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ കുട്ടി ഷജീറിനെ ആണ് ആദ്യം കണ്ടത്. കയ്യിലുള്ള കുറിപ്പ് ഷജീറിനെ കാണിച്ചു. ഷജീറിന്റെ വീട്ടുകാർ ഹാഷിമിനു സംരക്ഷണം നൽകി. പൊലീസിലും വിവരം അറിയിച്ചു. പിന്നീട് പാറപ്പള്ളി യത്തീംഖാനയിൽ ഹാഷിം പത്താം ക്ലാസ് വരെ പഠിച്ചു. 

ഇതിനിടയിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഹാഷിം ഉമ്മയെ കാണണമെന്ന് ആഗ്രഹത്തോടെ നാടു വിട്ടു. വീട്ടിലേക്കോ തിരിച്ചു കേരളത്തിലേക്കോ വഴിയറിയാതെ ഹാഷിം മംഗളൂരുവിൽ കുടുങ്ങിയെങ്കിലും യത്തീംഖാന അധികൃതരും ഷജീറിന്റെ ഉപ്പ അബ്ദുൽ കരീമുമെല്ലാം ചേർന്നു കണ്ടെത്തി നാട്ടിലെത്തിച്ചു. പത്താം ക്ലാസ് കഴിഞ്ഞതോടെ ഹാഷിം അബ്ദുൽ കരീമിന്റെ വീട്ടിൽ തന്നെയായിരുന്നു കൂടുതലും കഴിഞ്ഞത്.

ഇതിനിടെ അബ്ദുൽ കരീമിന്റെ ഭാര്യ സഹോദരൻ മുഹമ്മദ് കുഞ്ഞി ഹാഷിമിനെ ഗൾഫിലേക്ക് കൊണ്ടു പോയി തന്റെ കമ്പനിയിൽ തന്നെ ജോലി നൽകി. ഉമ്മയെ കണ്ടെത്തണമെന്ന മോഹത്തോടെ, ഇപ്പോൾ നാട്ടിൽ അവധിയിൽ വന്നിരിക്കുകയാണ് ഹാഷിം. പരിമിതമായ ഓർമയിൽ നിന്നു നാട് കണ്ടെത്താൻ കഴിയുമോയെന്ന് അറിയില്ലെങ്കിലും ഹാഷിം പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com