ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ എൽപി, യുപി അധ്യാപകരുടെ സ്ഥലം മാറ്റത്തിന്റെ അന്തിമ പട്ടിക ഇറക്കാതെ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ വീണ്ടും താൽക്കാലിക പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു.അപേക്ഷ നൽകിയ 587 അധ്യാപകരിൽ 17 പേർക്ക് മുൻഗണന നൽകി 21ന് ആണ് 227 പേരുടെ താൽക്കാലിക പട്ടിക ഇറക്കിയത്. പരാതികൾ വ്യാപകമായതിനാൽ 24ന് ഈ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. 61 പേർക്കു മുൻഗണന നൽകി 263 പേരുടെ പട്ടിക ആണ് അന്ന് ഇറക്കിയത്. തീയതി 24 മാറ്റാതെ ഈ പട്ടിക വീണ്ടും തിരുത്തി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ഈ പട്ടികയിൽ 72 പേർ മുൻഗണന നേടി. ആകെ 257 അധ്യാപകർക്ക് ആണ് ഈ പട്ടികയിൽ ഇടം കിട്ടിയത്. കഴിഞ്ഞ 2 പട്ടികയിലെ പോലെ ഇതിലും പരാതികൾ ഒഴിവായില്ല. 

ഈ പട്ടിക പരിശോധിച്ചു പരാതി നൽകാനുള്ള നടപടികൾക്കിടെ ആണ്  ഇന്നലെ വീണ്ടും താൽക്കാലിക പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. ഇതിൽ 57 പേർക്ക് മുൻഗണന നൽകി 278 അധ്യാപകരാണ് ഉള്ളത്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നവർ പലരും ഇഷ്ടപ്പെട്ട സ്ഥലം കിട്ടാതെ പുറത്തായി . ഇതിലും പരാതികൾ വ്യാപകമാണെന്നാണ് അധ്യാപകർ പറയുന്നത്. ഈ സാഹചര്യത്തിൽ അന്തിമ പട്ടിക ഇറങ്ങാൻ ഇനിയും വൈകും എന്ന ആശങ്കയാണ് അധ്യാപകർക്ക്. 

ഓരോ താൽക്കാലിക പട്ടിക ഇറങ്ങുമ്പോഴും തങ്ങൾക്കു വീണ്ടും വീണ്ടും ഉണ്ടാകുന്ന മാറ്റം  മാനസിക പീഡനത്തിനു ഇടയാക്കുകയാണെന്നു അപേക്ഷയും പരാതികളും നൽകിയ അധ്യാപകർ പറയുന്നു.  

സീനിയോറിറ്റിക്ക് പുല്ലുവില

അടുക്കത്ത്ബയൽ ജിയുപി സ്കൂളിലെ ഒരു അധ്യാപികയ്ക്ക് ആദ്യ 2 പട്ടികയിലും പട്ടികജാതി– വർഗ വിഭാഗം മുൻഗണന ആയിരുന്നു. കൊടക്കാട് ജിഡബ്ല്യുയുപി സ്കൂൾ ആണ് അനുവദിച്ചിരുന്നത്. 3 ാമത്തെ പട്ടികയിൽ അവർ പുറത്തായി. 2020ൽ സർവീസിൽ കയറിയ പട്ടികജാതി വിഭാഗം അധ്യാപിക പകരം കയറി. ഇവരെക്കാൾ സർവീസ് സീനിയോറിറ്റി ഉണ്ട് മുൻഗണന പട്ടികയിൽ നിന്നു തള്ളപ്പെട്ട അധ്യാപികയ്ക്ക്. 

25 വർഷത്തിലേറെ സർവീസ് ഉള്ളവർ സ്ഥലം മാറ്റം ലഭിക്കാതെ കാസർകോടും മറ്റും ജോലി ചെയ്യുമ്പോൾ മുൻഗണന പേരിൽ 2 വർഷം സർവീസ് ഉള്ളവർ പോലും ചെറുവത്തൂർ ഉപജില്ലയിൽ ജോലി ചെയ്യുന്നു. ഈ സ്ഥിതി തുടർന്നാൽ ചെറുവത്തൂർ വിദ്യാഭ്യാസ ഉപജില്ല മുൻഗണന കൊണ്ട് നിറയുമെന്ന് അധ്യാപകർ പറയുന്നു. 

മാടക്ക ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവ് ഇല്ലെങ്കിലും പെരുമ്പട്ട ജിഎച്ച്എസ്എസ് അധ്യാപകൻ ഇവിടെ സ്ഥലം മാറ്റം പട്ടികയിൽ ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com