ADVERTISEMENT

കാസർകോട് / മംഗളൂരു ∙ കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ കനത്ത മഴ. ജില്ലയുടെ പല ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. മംഗളൂരു, സുള്ള്യ മേഖലകളിലും ഇന്നലെ കനത്ത മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈ സീസണിലെ ആദ്യത്തെ ഓറഞ്ച് അലർട്ട് ബുധനാഴ്ചയാണു പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാലവർഷം ഔദ്യോഗികമായി ആരംഭിച്ച് ഒരു മാസത്തോളമെത്തുമ്പോഴാണ് ഇത്തവണ ശക്തി പ്രാപിക്കുന്നത്. 

കെ.വി. ബാലചന്ദ്രൻ.
കെ.വി. ബാലചന്ദ്രൻ.

തെയ്യം കലാകാരനെ കാണാതായി

എരിഞ്ഞിപ്പുഴ ∙ മഴവെള്ളത്തിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെയ്യം കലാകാരനെ മുള്ളംകോട് ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ബേഡഡുക്ക മുള്ളംകോട് പാറക്കടവിലെ കെ.വി.ബാലചന്ദ്രനാണ് (57) ഇന്നലെ ഉച്ചയ്ക്കു ഒഴുക്കിൽപ്പെട്ടത്. മകൻ വിപിൻ നോക്കിനിൽക്കെയാണ് അപകടം. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നീരൊഴുക്ക് കൂടിയതും കനത്തമഴയും രക്ഷാശ്രമത്തിനു തിരിച്ചടിയായി.

മുള്ളംകോട് അണക്കെട്ടിനു താഴെ ഭാഗത്തായി തേങ്ങ പിടിക്കുകയായിരുന്നു ബാലചന്ദ്രനും വിപിനും. തേങ്ങ പിടിക്കുമ്പോൾ കാൽവഴുതി ബാലചന്ദ്രൻ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നു പറയുന്നു. മഴശക്തമായതിനാൽ ഇന്നലെ ചാലിലെ ഒഴുക്ക് ശക്തമായിരുന്നു. ചാൽ ഒഴുകിയെത്തുന്നത് പയസ്വിനിപ്പുഴയിലെ ചമ്പിലാംകൈയിലാണ്. പുഴയിലും ജലനിരപ്പ് കുത്തനെ ഉയർന്നതു തിരച്ചിൽ ദുഷ്കരമാക്കി. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.  

കനത്ത മഴയിൽ കാഞ്ഞങ്ങാട് കൊത്തിക്കാലിലെ ഹനീഫ, ഉബൈദ്, ജമാൽ എന്നിവരുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ
കനത്ത മഴയിൽ കാഞ്ഞങ്ങാട് കൊത്തിക്കാലിലെ ഹനീഫ, ഉബൈദ്, ജമാൽ എന്നിവരുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

മടിക്കൈയിൽ വീട് തകർന്നു; കൊവ്വലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

നീലേശ്വരം ∙ മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്തുകളിൽ കാറ്റിലും മഴയിലും വ്യാപകനാശം. മടിക്കൈ പഞ്ചായത്തിലെ തെക്കൻ ബങ്കളത്തെ ടി.വി.ദേവകിയുടെ വീട് മഴയിൽ തകർന്നു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ വീട് സന്ദർശിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചിമ്മത്തോട്ട് വീശിയടിച്ച കാറ്റിൽ നാശനഷ്ടമുണ്ടായി.

മടിക്കൈ തെക്കൻ ബങ്കളത്തെ ടി.വി.ദേവകിയുടെ വീട് കാറ്റിലും മഴയിലും തകർന്ന നിലയിൽ.
മടിക്കൈ തെക്കൻ ബങ്കളത്തെ ടി.വി.ദേവകിയുടെ വീട് കാറ്റിലും മഴയിലും തകർന്ന നിലയിൽ.

റബർ മരങ്ങൾ കടപുഴകി. ബേബി ബാലഗോപാലൻ, വസന്തൻ എന്നിവർക്കാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. നേന്ത്രവാഴകളും നിലംപൊത്തി. കാട്ടുമരങ്ങളും കടപുഴകി. ബന്തടുക്കയിൽ ബളാംതോട് ഗാന്ധിപുരത്തിനടുത്ത് ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ ശിവപുരത്തെ എൻ.ചന്ദ്രശേഖരൻ നായരുടെ വീടിന്റെ മുൻഭാഗം തകർന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഭൂമി കുലുക്കത്തിൽ സംഭവിച്ച കേടുപാടുകൾ കൊണ്ടാണ് ഇന്നലെ പെയ്ത കനത്ത  മഴയിൽ മുൻ ഭാഗം തകർന്നതെന്നു വീട്ടുടമ പറഞ്ഞു.

കൊവ്വൽ പള്ളി മന്യോട്ട് ക്ഷേത്രത്തിന് സമീപം കെ.പി.സതീശന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ബദിയടുക്കയിൽ ദേവർമെട്ടുവിലും മൺടാമെയിലും റോഡി‍ൽ വെള്ളക്കെട്ട്. വിദ്യാനഗർ നീർച്ചാൽ മുണ്ട്യത്തടുക്ക റോഡിൽ ദേവർമെട്ടുവിലും മൺടാമെയിലുമാണ് വെള്ളം കെട്ടി നിൽക്കുന്നത്. ഈ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിന്ന് ടാർ ചെയ്ത റോഡ് തകരുന്നതിനാൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഓവുചാൽ നിർമിക്കാത്തതിനാ‍ലാണ് വെള്ളം കെട്ടി നിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com