ADVERTISEMENT

കാസർകോട്–സുള്ള്യ ∙ കുടകിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭൂചലനമുണ്ടായ മേഖലയിൽ ഇന്നലെ പുലർച്ചെ 1.15നും രാവിലെ 10.47നും വീണ്ടും നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 1.8, 2.1 മാത്രം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ചലനങ്ങളാണ് ഇന്നലെ ഉണ്ടായത്. സംപാജെ, ഗുത്തിഗാരു, ഉബറഡുക്ക, ഗൂണഡുക്ക, എലിമലെ, സുള്ള്യ ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ശബ്ദം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. കുടകിലെ ചെംബു ഗ്രാമത്തിലും സമീപത്തുമുള്ളവർ വലിയ ആശങ്കയിലാണ്. ബെംഗളൂരുവിലെ കർണാടക സംസ്ഥാന നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ സംഘം കുടകിൽ പഠനം നടത്തുന്നുണ്ട്. 2018ലെ മഴക്കാലത്ത് മടിക്കേരി താലൂക്കിൽ വ്യാപകമായി മണ്ണിടിച്ചിലും മറ്റുമുണ്ടായിരുന്നു.

കുടക്, സുള്ള്യ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ തുടർ ഭൂചലനങ്ങളിൽ കാസർകോട് കൂടുതൽ പഠനം നടത്താൻ അധികൃതർ. കുടകിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ജില്ലയുടെ മലയോര മേഖലകളിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ ജിയോളജി വകുപ്പ് അധികൃതർ പനത്തടി, ബളാൽ തുടങ്ങിയ മേഖലകൾ സന്ദർശിച്ചിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാനും വിശദമായ പഠനം നടത്താനും തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിനോട് കലക്ടർ വഴി അഭ്യർഥിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ കുടകിലെ ചെംബു ഗ്രാമത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും പഠനങ്ങൾ നടത്തും.

പാറ നീക്കാൻ ശ്രമം

പാണത്തൂർ ∙ കഴിഞ്ഞ ദിവസം പനത്തടി പഞ്ചായത്തിൽ ഉണ്ടായ ഭൂമികുലുക്കത്തെ തുടർന്ന് ഇളകി നിൽക്കുന്ന കൂറ്റൻ പാറ 3 കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. പാറക്കടവിലെ ആണ്ടു നായ്കിന്റെ പറമ്പിലെ പാറയാണ് ഏതു സമയവും ഉരുണ്ട് വീഴാൻ പാകത്തിൽ നിൽക്കുന്നത്. കുത്തനെയുള്ള സ്ഥലത്തെ പാറ ഇളകിയാൽ താഴെയുള്ള  റോസമ്മ വർഗീസ്, വാരിജ, വി.വി.മാധവൻ എന്നിവരുടെ വീടുകൾ അപകടത്തിലാകും. പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗം എന്നിവർ സ്ഥലം സന്ദർശിച്ചു. ദ്രുതകർമ സേനയുടെ സഹായത്തോടെ പാറ പൊട്ടിച്ചോ, ഇളക്കി മാറ്റുകയോ ചെയ്ത് അപകടം ഒഴിവാക്കാനാണ് അധിക‍തരുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലെ ഭൂചലനങ്ങൾ (8 ദിവസത്തിനിടെ 7 തവണ)

∙ജൂൺ 23 : ഹാസനിലെ മലുഗനഹള്ളി ഗ്രാമത്തിൽ പുലർച്ചെ 4.37ന് 3.4 തീവ്രതയുള്ള ഭൂചലനം

∙ജൂൺ 25 : കുടകിലെ കരിക്കെ ഗ്രാമത്തിൽ രാവിലെ 9.10ന് 2.3 തീവ്രതയുള്ള ഭൂചലനം

∙ജൂൺ 28 : കുടകിലെ ചെംബു ഗ്രാമത്തിൽ രാവിലെ 7.45ന് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കാസർകോട് ജില്ലയുടെ മലയോരത്തും പ്രകമ്പനം അനുഭവപ്പെട്ടു. ചെംബു ഗ്രാമത്തിൽ തന്നെ വൈകിട്ട് 4.32ന് 1.8 തീവ്രതയുള്ള ചലനം. ചിക്കബല്ലപൂരിൽ രാത്രി 7.35ന് 2.8 തീവ്രതയിൽ ഭൂചലനം

∙ജൂലൈ 1 : കുടകിലെ ചെമ്പുവിൽ പുലർച്ചെ 1.15ന് 1.80 തീവ്രതയുള്ള ചലനം ചെമ്പുവിൽ രാവിലെ 10.47ന് 2.1 തീവ്രതയുള്ള ചലനം

ദക്ഷിണേന്ത്യയിൽ വലിയ ഭൂചലനങ്ങൾക്കു സാധ്യത കുറവാണ്. ലക്ഷക്കണക്കിനു വർഷങ്ങളായി ഉറച്ച പാറകളാണ് ഈ മേഖലയിൽ കാണപ്പെടുന്നത്. ചെറിയ പ്രകമ്പനങ്ങൾ യഥാർഥത്തിൽ വലിയ ഭൂചലനം ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കുകയാണു ചെയ്യുന്നത്. പല ഘട്ടങ്ങളിലായി മർദ്ദം പുറത്തു പോവുകയാണു ചെയ്യുന്നത്. ഹിമാലയൻ മേഖലകളിൽ ഇതു സർവ സാധാരണമാണ്. ഭൂചലന സാധ്യതകൾ കൂടിയ മേഖലകളാണിവ. വലിയൊരു ഭൂകമ്പം ഉണ്ടാകുന്ന സാധ്യതയെ ചെറിയ പ്രകമ്പനങ്ങൾ നിയന്ത്രിക്കുന്നു. കനത്ത മഴയെ തുടർന്ന് ഭൂമിയുടെ ഉപരിതലത്തിൽ ഭാരം വർധിക്കുമ്പോൾ അടിത്തട്ടിലുണ്ടാകുന്ന മർദ്ദവ്യതിയാനവും ചെറിയ വിള്ളലുകളും പ്രാദേശികമായ ചെറു ഭൂചലനങ്ങൾക്കു കാരണമാകാറുണ്ട്. ചില ഡാമുകളുടെ സമീപ പ്രദേശങ്ങളിൽ സാധാരണമായി ഇത്തരം പ്രകമ്പനങ്ങളുണ്ടാകും. സ്വാഭാവികമായ അവസ്ഥയിൽ നിന്നു മാറി റിസർവോയറിൽ വെള്ളം നിറഞ്ഞ് ഭാരം വളരെ കൂടുമ്പോൾ ഭൂമിയുടെ അടിത്തട്ടിൽ സംഭവിക്കുന്ന മാറ്റങ്ങളാണിത്. എന്നാൽ കുടക് മേഖലയിൽ അണക്കെട്ടുകളില്ല. മൈസൂരുവിലെ ഡാം വളരെ പഴയതുമാണ്. ബെംഗളൂരുവിൽ ഉൾപ്പെടെ മുൻപ് ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല എന്നതാണു വലിയ പരിമിതി. ദീർഘകാലയളവിലേക്കു ഭൂചലന സാധ്യത ചൂണ്ടിക്കാട്ടാമെങ്കിലും സംഭവിക്കുന്നതിനു തൊട്ടുമുൻപ് മുന്നറിയിപ്പുകൾ നൽകാൻ സാധിക്കില്ല. ഭൂകമ്പ ബാധിത മേഖലകൾ കൂടുതലുള്ള ജപ്പാനിൽ ഇതു സംബന്ധിച്ച ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.- പി.വി.സുകുമാരൻ, മുൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ജില്ലയിൽ തുടർ ഭൂചലന സാധ്യതകൾ കുറവ്

ജില്ലയുടെ സമീപത്തെ സ്ഥലങ്ങൾ കണക്കിലെടുത്താൽ പാലക്കാട് ചുരം, കർണാടക തീരത്തെ കുംത എന്നീ മേഖലകളാണ് ചെറിയ തോതിൽ ഭൂചലന സാധ്യതയുള്ള മേഖലകളായി കണക്കാക്കുന്നത്. എന്നാൽ പൊതുവേ ദക്ഷിണേന്ത്യ ഭൂചലന സാധ്യത കുറഞ്ഞ സ്ഥലമാണ്. ഇപ്പോളുണ്ടായ ചലനങ്ങളുടെയെല്ലാം തീവ്രത റിക്ടർ സ്കെയിലിൽ 4ൽ താഴെയാണ്. മർദ്ദം ക്രമീകരിക്കാനായി സ്വാഭാവികമായി നടക്കുന്ന പ്രവർത്തനമായേ ഇതിനെ കാണാനാകൂയെന്ന് വിദഗ്ധർ പറഞ്ഞു.

മർദ്ദം പുറംതള്ളുന്നത് ഭ്രംശ മേഖലയിലൂടെ തന്നെയാകണമെന്ന് നിർബന്ധമില്ല. ഭൗമോപരിതലത്തിലെ ഏറ്റവും പുറത്തെ പാളിയായ ക്രസ്റ്റിൽ തന്നെ നടക്കുന്ന പ്രവർത്തനങ്ങളാണിത്. കുടകിലെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 5 കിലോമീറ്റർ ആഴത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ ഉപദ്വീപ് മേഖല തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ മുതൽ ഇടത്തരം ശക്തിയുള്ള ചലനങ്ങൾക്കു വരെ സാധ്യതയുള്ള മേഖലയിലാണ് ഉൾപ്പെടുന്നത്. കുടക് മലനിരകളിലെ ശക്തി കുറഞ്ഞ ഏതെങ്കിലും പാറകൾക്കുണ്ടായ ചെറിയ ഇരുത്തമോ മറ്റോ ആകാം കഴിഞ്ഞ ദിവസങ്ങളിലെ പ്രകമ്പനങ്ങൾ‍ക്കു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഭൂചലനമുണ്ടായാൽ അതിന്റെ തുടർച്ചയായി തീവ്രത കുറഞ്ഞ ചെറു ചലനങ്ങൾ പലപ്പോളും ഉണ്ടാകാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com