ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ ബഡ്സ് സ്‌കൂളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ പഞ്ചായത്ത് തലത്തിലുമുള്ള സമിതികൾ ശക്തിപ്പെടുത്തുന്നു. ബഡ്സ് സ്‌കൂളുകളിലെ പിടിഎ പ്രവർത്തനം ഊർിതമാക്കാൻ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന  ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.നബാർഡ് എൻഡോസൾഫാൻ പാക്കേജിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ തദ്ദേശ  സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പ്രവർത്തനം തുടങ്ങിയില്ല. ബഡ്‌സ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണം.

ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫിസറോട് കലക്ടർ നിർദേശിച്ചു. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷറഫ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.പി.വത്സലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭാധ്യക്ഷ  ടി.വി.ശാന്ത, സാജിദ് മൗവ്വൽ, എഡിഎം എ.കെ.രമേന്ദ്രൻ, സബ് കലക്ടർ ഡി.ആർ.മേഘശ്രീ, ആർഡിഒ അതുൽ.എസ്.നാഥ്, ജില്ല പ്ലാനിങ്  ഓഫിസർ എ.എസ് മായ, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി രാജ്‌മോഹൻ എന്നിവർ പ്രസംഗിച്ചു.

ദുരിതാശ്വാസം: സർക്കാർ ഓഫിസുകൾ ഇന്നു തുറക്കും

കാസർകോട്∙എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ബാധിത പഞ്ചായത്തുകളിലെ വില്ലേജ് ഓഫിസുകളും അക്ഷയ കേന്ദ്രങ്ങളും ഇന്ന് തുറക്കുമെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. എല്ലാ താലൂക്ക് ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകും. കലക്ടറേറ്റിലെ  മുഴുവൻ ജീവനക്കാരും  ഇന്ന്  ഹാജരായി എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായത്തിൻ മേലുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കും.

പുരോഗതികൾ വിലയിരുത്തുന്നതിനായി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ജെറോമി ജോർജ് ജില്ലയിലെത്തി. എൻഡോസൾഫാൻ ദുരിതബാധിതരായ 3308 പേർക്ക് ഇന്നലെ വരെ 140.56 കോടി വിതരണം ചെയ്തു. ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികൾ  എൻഡോസൾഫാൻ സെല്ലിൽ തുടരുകയാണ്. അപേക്ഷിച്ച എല്ലാവർക്കും അർഹതപ്പെട്ട തുക എത്രയും വേഗം തന്നെ വിതരണം  ചെയ്യും.

ഇനിയും അപേക്ഷ നൽകാത്ത എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ട് ഒപി. നമ്പർ ലഭ്യമായ ദുരിത ബാധിതർ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. പട്ടികയിൽ ഉൾപ്പെട്ടവർ മരിച്ചിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com