മഴ ശക്തമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സജീവം; വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങി

കൊന്നക്കാട്ടെ അച്ചൻകല്ല് വെള്ളച്ചാട്ടം.
കൊന്നക്കാട്ടെ അച്ചൻകല്ല് വെള്ളച്ചാട്ടം.
SHARE

കൊന്നക്കാട് ∙ മഴ ശക്തമായതോടെ മലയോരമേഖലയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും സജീവമായി. കൊന്നക്കാടിനടുത്ത അച്ചൻകല്ലിലെ വെള്ളച്ചാട്ടമാണ് ഈ മേഖലയിലെ ഏറ്റവും വലുത്. കോട്ടഞ്ചേരി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന അരുവിയാണ് അച്ചൻകല്ലിന്റെ മുകളിൽനിന്നും പതഞ്ഞൊഴുകി വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നത്. ഇതിന്റെ താഴെ കടവത്തുമുണ്ട, ഓട്ടക്കൊല്ലി എന്നിവിടങ്ങളിലും ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് മാസം വരെയാണ് ഇവിടെ വെള്ളച്ചാട്ടം സജീവമാവുക.

ഈ മാസങ്ങളിൽ ജില്ലയ്ക്കകത്തും പുറത്തും നിന്നായി ഒട്ടേറെയാളുകൾ മലയോരത്തെ വശ്യഭംഗി നുകരാൻ എത്താറുണ്ട്. കോവിഡ് ലോക്ഡ‍ൗണിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിലും ഇവിടെ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കുറി നിയന്ത്രണങ്ങളില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടേയ്ക്കു വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങി. കൊന്നക്കാടുനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ അച്ചൻകല്ലിലെത്താം. അതേസമയം സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതർ ഇവിടെ ഏർപ്പെടുത്തിയിട്ടുമില്ല. 

"മൺസൂൺ ടൂറിസത്തിനു സാധ്യതയുള്ള പ്രകൃതി സുന്ദരമായ സ്ഥലമാണ് അച്ചൻകല്ല്. ഇവിടുത്തെ വെള്ളച്ചാട്ടം നയനമനോഹരമാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. വെള്ളച്ചാട്ടത്തിനു സമീപത്തായി നീന്തൽകുളവും, ശുചിമുറി സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ ഇവിടേയ്ക്കെത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാകും. ഇവിടത്തെ ടൂറിസം വികസനത്തിനു പഞ്ചായത്ത് അധികൃതരോ ടൂറിസം വകുപ്പോ മുൻകൈയെടുക്കണം. കോട്ടഞ്ചേരി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽക്കൂടി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ അതു മലയോര വികസനത്തിനും മുതൽക്കൂട്ടാകും." - ഷാജി തൈലംമാനാൽ, നാട്ടുകാരൻ

"സീസൺ ആരംഭിച്ചതോടെ അച്ചൻകല്ലിലേയ്ക്കു സഞ്ചാരികൾ വന്നുതുടങ്ങി. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അഞ്ഞൂറോളം പേർ ഇവിടെയെത്താറുണ്ട്. സഞ്ചാരികൾക്കു കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾകൂടി ഇവിടെ ഏ‍ർപ്പെടുത്തണം." - പി.ഭാസ്കരൻ, വ്യാപാരി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS