ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ജില്ലയിലെ പ്രളയ സാധ്യത മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്കു നൽകി ഉത്തരവായി. താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാക്കണം. ഇതിന്റെ ചുമതല ജൂനിയർ സൂപ്രണ്ട്/ഡപ്യൂട്ടി തഹസിൽദാർമാർക്കാണ്.

ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി  കെട്ടിടത്തിലേക്കു വെള്ളം കയറിയപ്പോൾ.
ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിലേക്കു വെള്ളം കയറിയപ്പോൾ.

മതിയായ ഉദ്യോഗസ്ഥരുടെ സേവനം കൺട്രോൾ റൂം ഡ്യൂട്ടിക്കും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും ഉറപ്പു വരുത്തണം. താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തീവ്രമഴ കുറയുന്നതു വരെ താൽക്കാലികമായി നിർത്തി വെക്കണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.

ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കു പ്രസ്തുത സ്ഥലം സന്ദർശിച്ചു രക്ഷാപ്രവർത്തനം നിർവഹിക്കുകയും ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുകയും വേണമെന്ന് കലക്ടർ നിർദേശം നൽകി. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവർത്തനം കാഞ്ഞങ്ങാട് സബ് കലക്ടറും, കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവർത്തനങ്ങൾ കാസർകോട് റവന്യൂ ഡിവിഷണൽ ഓഫിസറുമാണ് ഏകോപിപ്പിക്കുന്നത്

പാലപ്പുഴ ചെക്ക് ഡാം: കൃഷിയിടങ്ങൾ വെള്ളത്തിൽ

രാജപുരം ∙ കോടോം ബേളൂർ പ‍ഞ്ചായത്തിലെ പാലപ്പുഴയിൽ‍ കുടിവെള്ള പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതായി പരാതി. ശക്തമായ മഴയിൽ പുഴ കരകവിഞ്ഞ് സമീപത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങുകയാണ്. പലരുടെയും കൃഷിസ്ഥലങ്ങൾ നശിച്ചു. നിർമാണത്തിലെ അപാകത മൂലം പുഴയുടെ ഒരു ഭാഗം മാത്രം കര കവിഞ്ഞു ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെയാണു നാട്ടുകാരുടെ ദുരിതവും തുടങ്ങിയത്.

പാലപ്പുഴ ചെക്ഡാമിൽ നിന്നു വെള്ളം കരകവിഞ്ഞു കൃഷിയിടത്തിലൂടെ ഒഴുകുന്നു.
പാലപ്പുഴ ചെക്ഡാമിൽ നിന്നു വെള്ളം കരകവിഞ്ഞു കൃഷിയിടത്തിലൂടെ ഒഴുകുന്നു.

പാർശ്വഭിത്തി നിർമിച്ചപ്പോൾ ഒരു ഭാഗത്ത് ഉയരം കുറച്ചതാണു കാരണമെന്നു പറയുന്നു. ബേഡകം പഞ്ചായത്തിലെ രാമങ്കയം കുടിവെള്ള പദ്ധതി, കോടോം ബേളൂർ പഞ്ചായത്തിലെ സാർക് കുടിവെള്ള പദ്ധതി എന്നിവയ്ക്കായി 2011ലാണ് വാട്ടർ അതോറിറ്റി അയറോട്ട് പാലപ്പുഴ പുഴയിൽ ചെക്ഡാം നിർമിച്ചത്. അശാസ്ത്രീയമായ നിർമാണം മൂലം പ്രദേശത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങുകയാണ്. ഉദുമ മണ്ഡലം, ഹൊസ്ദുർഗ് മണ്ഡലം എന്നിവയുടെ അതിർത്തി ഈ പുഴയാണ്.

ഉദുമ മണ്ഡലത്തിലെ ബേഡകം പഞ്ചായത്തിന്റെ വശം സുരക്ഷിതമായ രീതിയിൽ പാർശ്വ ഭാഗം നിർമിച്ചപ്പോൾ, മറുകരയായ കോടോം ബേളൂർ പഞ്ചായത്തിന്റെ ഭാഗം സുരക്ഷിതമല്ലാതെ നിർമിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. ഡാമിന്റെ മുകൾ വശത്ത് 50 മീറ്റർ നീളത്തിൽ ഏകദേശം 10 മീറ്റർ ഉയരത്തിലും ഡാമിന്റെ താഴെ ഭാഗം 50 മീറ്റർ നീളത്തിൽ 5 മീറ്റർ ഉയരത്തിലും കോൺക്രീറ്റ്  പാർശ്വഭിത്തി നിർമിച്ച്‍ പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.‍

ജില്ലയിൽ ഇന്ന് അവധി

കാസർകോട് ∙ കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഇന്നു ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അടുത്ത 2 ദിവസം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് അവധി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com