ADVERTISEMENT

സുള്ള്യ ∙ ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ വീണ്ടും നേരിയ ഭൂചലനം ഉണ്ടായി. ഇതിന്റെ പ്രകമ്പനം കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി മേഖലയിലും അനുഭവപ്പെട്ടു. കർണാടക അതിർത്തിയോടു ചേർന്നുള്ള കല്ലപ്പള്ളിയിൽ രാവിലെ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നാശനഷ്ടങ്ങളില്ല. എന്നാൽ നേരിയ തോതിൽ ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നു നാട്ടുകാർ പറയുന്നുണ്ട്.

ജൂൺ 28നുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ബളാൽ, ചിറ്റാരിക്കൽ മേഖലയിൽ വരെ അനുഭവപ്പെട്ടിരുന്നു. ഇതുവരെ കർണാടകയിലുണ്ടായ മിക്ക ചലനങ്ങളും പനത്തടി കല്ലപ്പള്ളിയിലും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 6.22ന് ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗം സുള്ള്യ താലൂക്കിലെ അറന്തോട് എന്ന സ്ഥലത്താണ് 1.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. വലിയ ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടു എന്നു പ്രദേശവാസികൾ പറഞ്ഞു. അറന്തോട്, തൊടിക്കാനം, സംപാജെ, ഗൂനടുക്ക തുടങ്ങി സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കുടക് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലും ഇതിന്റെ പ്രതിഫലനമായി ഭൂചലനം അനുഭവപ്പെട്ടു. 

കുടക്, ദക്ഷിണ കന്നഡ ജില്ലകളുടെ അതിർത്തിയിൽ കഴിഞ്ഞ ആഴ്ച തുടർച്ചയായ ദിവസങ്ങളിൽ 7 തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ മാസം രണ്ടിനു ഒരു പ്രാവശ്യവും ഒന്നിന് രണ്ടു പ്രാവശ്യവും കഴിഞ്ഞ 28നു രണ്ടു പ്രാവശ്യവും 25നു ഒരു പ്രാവശ്യവും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർ ചലനങ്ങളുണ്ടായതിനെ തുടർന്ന് ബെംഗളൂരുവിലെ കർണാടക സംസ്ഥാന നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ സംഘം കുടകിൽ പഠനം നടത്തിയിരുന്നു. 

8–ാം ഭൂചലനം

ജൂൺ 23 മുതലാണ് കർണാടകയിൽ‍ തീവ്രത കുറഞ്ഞ തുടർ ഭൂചലനങ്ങളുണ്ടായിത്തുടങ്ങിയത്. ഇന്നലെ സുള്ള്യയിൽ രേഖപ്പെടുത്തിയത് ഇത്തരത്തിൽ എട്ടാമത്തേതാണ്. ജൂൺ 23ന് ഹാസനിൽ രേഖപ്പെടുത്തിയ 3.4 ആണ് ഇതുവരെയുള്ളതിൽ തീവ്രത കൂടിയ ചലനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com