ADVERTISEMENT

ആഷാഢത്തിന്റെ കാർമേഘങ്ങൾ തെളിമാനത്തെ കരിമ്പടം പുതപ്പിക്കുമ്പോഴും ഇളമുറകളിലേക്കു തർപ്പണപുണ്യത്തിന്റെ വെള്ളിവെളിച്ചവുമായി എത്തുകയാണു കർക്കടകവാവിന്റെ സുകൃതം. പെയ്‌തൊഴിയാത്ത മഴയിലും കുതിരാത്ത ഭക്‌തിയുടെ നനുത്ത പുലരികളിൽ പോയകാല സ്‌മൃതികളുടെ പുണ്യം നിറയുന്ന മലയാളത്തിന്റെ മനസ്സ്, കറുത്ത വാവിന്റെ ഈ നാളിൽ ഓർമകളുടെ തിരുമുറ്റത്തേക്ക് ഒരു വേള തിരിച്ചുപോകുകയാണ്. നമ്മെ നാമാക്കിയ പിതാക്കൻമാർ അങ്ങകലെ കാണാമറയത്തിരുന്ന് നമ്മെ അനുഗ്രഹിക്കുന്നു. ആ അനുഗ്രഹവർഷം പേമാരിയിലും വരളുന്ന നമ്മുടെ മനസ്സിനെ വീണ്ടും വീണ്ടും ഉർവരമാക്കും.

നിത്യതയുടെ തീരമണഞ്ഞ ജീവാത്മാക്കൾ പ്രിയപ്പെട്ടവരിൽ നിന്ന് ഓർമകളുടെ തിലോദകം ഏറ്റുവാങ്ങുമ്പോൾ പന്ത്രണ്ടു തലമുറകളുടെ അനുഗ്രഹവായ്‌പാണ് ഇളമുറയ്‌ക്കു ലഭിക്കുന്നത്. മൺമറഞ്ഞു പോയവർക്കായി ഏതു ദിവസവും തർപ്പണം നടത്താം, ബലിയർപ്പിക്കാം. എന്നാൽ കറുത്ത വാവിൻ നാളിൽ തർപ്പണം നടത്തുന്നതു കൂടുതൽ നല്ലത്. അതു ദക്ഷിണായനത്തിലാണെങ്കിലോ പുണ്യകരം, കർക്കടകത്തിൽ തന്നെയെങ്കിൽ അത്യന്തം പുണ്യദായകം. കർക്കടകത്തിലെ കറുത്ത വാവിൻ നാളിൽ പിതൃക്കൾക്കു തർപ്പണം നടത്തുന്നതിനു ശാസ്‌ത്രത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പിൻബലമുണ്ട്. സൂര്യനും ചന്ദ്രനും ഭൂമിയുമൊക്കെയായി ചേർന്നു കിടക്കുന്നു ആചാരവിശുദ്ധിയുടെ ആ തെളിമ.

മാനത്തു കാണുന്ന അമ്പിളിക്ക് നാം കാണാത്തൊരു മുഖം കൂടിയുണ്ട്. ആ മുഖം ഭൂമിക്കു നേരെ വരുന്ന ദിവസമാണ് അമാവാസി. മൺമറഞ്ഞുപോയവരുടെ ആത്മാക്കൾ ചന്ദ്രലോകത്തിന്റെ നാം കാണാത്ത പകുതിയിലാണ് ഉള്ളത് എന്നാണു വിശ്വാസം. വെളുത്ത വാവു ദിവസം നാം പൂർണചന്ദ്രനെ കാണുമ്പോൾ അതിന്റെ മറുപുറത്തായിരിക്കും പിതൃക്കളുടെ സാന്നിധ്യം. അതുകൊണ്ട് വെളുത്ത വാവിന്റെ ദിവസം പിതൃക്കൾക്കായി പൊതുവേ ബലിതർപ്പണം ചെയ്യാറില്ല. എന്നാൽ കറുത്ത വാവു ദിവസം പിതൃസാന്നിധ്യമുള്ള ചന്ദ്രമുഖം ഭൂമിക്കു നേരെ വരുന്നു. അന്നു ചെയ്യുന്ന തർപ്പണം പിതൃക്കളിലേക്കു നേരിട്ടെത്തുമെന്നതാണ് ബലിതർപ്പണത്തിൽ അമാവാസിക്കുള്ള പ്രാധാന്യം. അതുകൊണ്ടു തന്നെ എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കു വിശേഷപ്പെട്ട ദിവസമാണ്. എന്നാൽ കർക്കടകമാസത്തിലെ കറുത്ത വാവിനു പുണ്യം കൂടും.

കർക്കടകത്തിനു ജ്യോതിഷപരമായി ഏറെ പ്രത്യേകതകൾ ഉണ്ട്. പ്രപഞ്ചനിയന്താതാവായ സൂര്യനുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു കർക്കടകമാസത്തിന്റെ പ്രാധാന്യം. അതാകട്ടെ, തികച്ചും ശാസ്‌ത്രീയവും.സൂര്യൻ സഞ്ചരിക്കുന്നില്ല, ഭൂമിയാണു സൂര്യനും ചുറ്റും കറങ്ങുന്നത് എന്നതു ശാസ്‌ത്രസത്യം തന്നെ. എന്നാൽ ഭൂമിയിൽ നിൽക്കുന്ന വ്യക്‌തിയെ സംബന്ധി‘ച്ചിടത്തോളം സൂര്യൻ സഞ്ചരിക്കുന്നുണ്ട്, അഥവാ സഞ്ചരിക്കുന്നതായി തോന്നുന്നുണ്ട്.രാവിലെ കിഴക്കു കണ്ട സൂര്യനെത്തന്നെയല്ലേ വൈകുന്നേരമാകുമ്പോൾ പടിഞ്ഞാറു കാണുന്നത്. ഭൂമി പടിഞ്ഞാറു നിന്നു കിഴക്കോട്ടു ഭ്രമണം ചെയ്യുന്നതു കൊണ്ടാണ് ഇതെന്നു നമുക്കറിയാം.

എങ്കിലും സൂര്യൻ കിഴക്കു നിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. കിഴക്കു നിന്നു പടിഞ്ഞാറോട്ടുള്ള സൂര്യന്റെ ഈ സഞ്ചാരത്തോടൊപ്പം മറ്റൊരു സഞ്ചാരം കൂടി സൂര്യനുണ്ട്. അതു തെക്കു നിന്നു വടക്കോട്ടും വടക്കു നിന്നു തെക്കോട്ടും ആണ്! തെക്കു നിന്നു വടക്കോട്ടുള്ള ഈ സഞ്ചാരത്തെ ഉത്തരായണം എന്നും വടക്കു നിന്നു തെക്കോട്ടുള്ള സഞ്ചാരത്തെ ദക്ഷിണായനം എന്നും പറയുന്നു.    സൂര്യൻ നേരെ കിഴക്കുദിക്കിൽ ഉദിക്കുന്നത് കൊല്ലത്തിൽ രണ്ടു തവണ മാത്രമാണ്. മറ്റു ദിവസങ്ങളിലെല്ലാം കിഴക്കേ ചക്രവാളത്തിൽ തന്നെ അൽപ്പം തെക്കോട്ടോ വടക്കോട്ടോ മാറിയായിരിക്കും സൂര്യന്റെ ഉദയം.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും ഭ്രമണത്തിന്റെ പ്രത്യേകതയും കൊണ്ടാണിതു സംഭവിക്കുന്നത്. സൂര്യന്റെ തെക്കോട്ടോ വടക്കോട്ടോ ഉള്ള മാറ്റത്തെയാണു ദക്ഷിണായനമെന്നും ഉത്തരായണമെന്നും പറയുന്നത്. ഇങ്ങനെയുള്ള മാറ്റത്തിനിടയിൽ ഉത്തരായണം കഴിഞ്ഞ് ദക്ഷിണായനം ആരംഭിക്കുന്ന തീയതിയാണു കർക്കടകം ഒന്ന് എന്നതാണു കർക്കടകമാസത്തിന്റെ പ്രധാന പ്രത്യേകത. അതായത് കർക്കടകം ഒന്ന് ദക്ഷിണായന പുണ്യകാലമാണ്. മിഥുനം രാശിയിൽ നിന്നു കർക്കടകം രാശിയിലേക്കു സൂര്യൻ പ്രവേശിക്കുന്ന കർക്കടകസംക്രമ മുഹൂർത്തം ഏറെ വിശേഷപ്പെട്ടതാകുകയും ചെയ്‌തു.

ഉത്തരായണകാലം ദേവന്മാരുടേതാണ്. ദക്ഷിണായനം പിതൃക്കളുടേതും. അതുകൊണ്ടുതന്നെ ദേവാലയങ്ങളിലെ പ്രതിഷ്‌ഠ തുടങ്ങിയ ചടങ്ങുകൾ ഉത്തരായണകാലത്തു മാത്രമേ പാടുള്ളൂ. ദക്ഷിണായനം പിതൃക്കളുടേതാകയാൽ പിതൃക്കൾക്കുള്ള ബലികർമങ്ങൾ ചെയ്യാനും പുണ്യപ്രവർത്തനങ്ങൾക്കും ഏറ്റവും ഉത്തമം ദക്ഷിണായനകാലമാണ്. അതുകൊണ്ടാണു കർക്കടകത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു പിതൃകർമത്തിൽ കൂടുതൽ പ്രാധാന്യം കൈവന്നത്. കർക്കടകത്തിലെ കറുത്ത വാവിനാണെങ്കിൽ, ദക്ഷിണായനം തുടങ്ങി ആദ്യത്തെ കറുത്ത വാവ് എന്ന പ്രത്യേകത കൂടി കൈവരുന്നു. അതുകൊണ്ടുതന്നെ വർഷത്തിൽ എത്ര തന്നെ കറുത്ത വാവുകൾ ഉണ്ടെങ്കിലും കർക്കടകമാസത്തിലെ കറുത്ത വാവിനു പിതൃതർപ്പണത്തിന്റെ കാര്യത്തിൽ പ്രത്യേക പ്രാധാന്യം ഉണ്ട്.

മൺമറഞ്ഞുപോയ പിതൃക്കളുടെ അനുഗ്രഹം ഉണ്ടെങ്കിലേ സന്തതിപരമ്പരകൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവുമൊക്കെ വേണ്ടവിധം ഉണ്ടാകൂ എന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ പിതൃക്കൾക്കായി ബലിയിടുന്നതും തർപ്പണം നടത്തുന്നതുമൊക്കെ നമുക്കു വേണ്ടി മാത്രമല്ല, നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കുമൊക്കെ വേണ്ടിയാണ് എന്നു പുരാണഗ്രന്ഥങ്ങൾ പറയുന്നു. വന്ന വഴി മറക്കാതിരുന്നാലേ പോകാനുള്ള വഴി കൂടുതൽ നന്നാകൂ എന്നു പഴമക്കാർക്കറിയാം.

പൂർവപിതാക്കന്മാരെ തള്ളിപ്പറഞ്ഞുകൊണ്ട് വരുംതലമുറകൾക്ക് നിലനിൽപ്പില്ല. ജീവിച്ചിരിപ്പുള്ള മാതാപിതാക്കളെത്തന്നെ തള്ളിപ്പറയുന്ന രീതിയിലേക്ക് ഇന്നത്തെ സമൂഹം കുറച്ചെങ്കിലും മാറിക്കൊണ്ടിരിക്കുമ്പോൾ, മൺമറഞ്ഞുപോയ പന്ത്രണ്ടു തലമുറയിലെ പിതാക്കന്മാരെ ഓർത്ത് അവർക്ക് അഞ്‌ജലി അർപ്പിക്കുന്ന തർപ്പണച്ചടങ്ങിന് ആധുനികകാലത്ത് ഏറെ പ്രസക്‌തിയുണ്ട്. ശാസ്‌ത്രത്തിന്റെ യുക്‌തിക്കുമപ്പുറത്തേക്കു നീളുന്നു ആചാരങ്ങളുടെ ആ പ്രസക്‌തി. ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഒരു ശാസ്‌ത്രത്തിനും തള്ളിപ്പറയാനാവില്ല.

കാരണം, ഏത് അത്യന്താധുനിക ശാസ്‌ത്രത്തിനും മുകളിലാണ് ഗുരുത്വത്തിന്റെയും സുകൃതത്തിന്റെയും സ്‌ഥാനം. കാലത്തിന്റെ കുത്തൊഴുക്കിലും അതു പൊയ്‌പ്പോകില്ല. പഴമയുടെ സുകൃതം പുതുതലമുറയിലേക്കു പകരുകയാണ്, ആചാരാനുഷ്‌ഠാനങ്ങളിലൂടെ. പഴമയുടെ അടിത്തറയിലേ പുതുമയ്‌ക്കു നിലനിൽപ്പുള്ളൂ. പിതൃക്കളുടെ കനിവിലേ സന്തതിപരമ്പരകൾക്കു മുന്നോട്ടുള്ള പ്രയാണമുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com