ADVERTISEMENT

പെരിയ ∙ ചാലിങ്കാൽ ഗ്രാമം ഇന്നലെ ഉണർന്നത് നീലകണ്ഠൻ എന്ന യുവാവിന്റെ  കൊലപാതക വാർത്തകേട്ടാണ്. ഇരട്ടക്കൊലപാതകത്തിലൂടെ കുപ്രസിദ്ധി നേടിയ പുല്ലൂർ‌ പെരിയ പഞ്ചായത്തിൽ വീണ്ടും കൊലപാതകമെന്നത് നടുക്കത്തോടെയാണ് നാടു കേട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന സ്ഥിരീകരണം ലഭിച്ചതോടെ പിന്നെ ആര്, എന്തിന് എന്ന ചോദ്യമായി. ആ അന്വേഷണം ചെന്നെത്തിയത് അധ്വാനശീലനും പ്രദേശത്തെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നീലകണ്ഠൻ എന്ന യുവാവിലേക്കാണ്.

1. വീടിനു മുൻപിൽ ഉപേക്ഷിച്ച കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പൊലീസ് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നു. 2. പൊലീസ് ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.

ടൈൽ, തേപ്പ് തൊഴിലാളിയായ നീലകണ്ഠനൊപ്പം പെയിന്റിങ് ജോലിക്കു കൂടി പോകുന്നയാളാണ് സഹോദരീ ഭർത്താവു കൂടിയായ ഗണേശൻ. അടുത്തിടെ ഗണേശന് കാലിന് അസുഖം വന്നപ്പോൾ ഡോക്ടറെ കാണാൻ നിർബന്ധിച്ച് കൊണ്ടുപോയതും  നീലകണ്ഠനാണ്. അങ്ങനെയൊരാൾ ഈ കൊലപാതകം നടത്തിയെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുമാകുന്നില്ല. പക്ഷേ പൊലീസ് സംശയനിഴലിലാക്കുന്നത് ഗണേശനെത്തന്നെ.

ഗണേശന്റെ മദ്യപാനത്തെ നീലകണ്ഠൻ എതിർത്തു

1.സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നു. 2. വീടിനുള്ളിൽ നീലകണ്ഠന്റെ ഇൻക്വസ്റ്റ് നടപടികൾ നടക്കുമ്പോൾ പുറത്തെ മേശപ്പുറത്ത് വെച്ച പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പികൾ

സഹോദരീ ഭർത്താവായ ഗണേശന്റെ മദ്യപാനത്തെ നീലകണ്ഠൻ എതിർത്തിരുന്നതായി ബന്ധുക്കളും പരിസരവാസികളും പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ രൂക്ഷമായ വാക്കേറ്റമല്ലാതെ മറ്റൊന്നുമുണ്ടാകാറില്ലെന്നും ഇവർ പറയുന്നു. മാതാപിതാക്കളുടെയും മൂന്നു സഹോദരങ്ങളുടെയും മരണശേഷം കുടുംബത്തിനു താങ്ങായിരുന്നത് നീലകണ്ഠനായിരുന്നു. കോവിഡിനെത്തുടർന്ന് ദീർഘകാലം നാട്ടിലേക്കു പോകാൻ കഴിയാത്തതുകൊണ്ടാണ് ഭാര്യയെയും കുട്ടിയെയും കുറച്ചു നാൾ ചിക്ക്മംഗളൂരുവിലെ അവരുടെ വീട്ടിലാക്കിയത്. അടുത്തയാഴ്ച അവരെ തിരികെ കൂട്ടിക്കൊണ്ടുവരുമെന്ന് നീലകണ്ഠൻ ബന്ധുക്കളോടും അടുപ്പക്കാരോടും പറഞ്ഞിരുന്നു.

ഫോറൻസിക് അധികൃതർ എത്താൻ വൈകി

കാസർകോട് പൊലീസ് ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാനുള്ളതിനാൽ കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥ റെനി തോമസ് എത്തിയാണ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. അതിനാൽ ഇൻക്വസ്റ്റ് നടപടികളുൾപ്പെടെ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്.

കുടുംബത്തിൽ അസ്വാഭാവിക മരണങ്ങൾ നാല് 

നീലകണ്ഠന്റെ മരണത്തോടെ കുടുംബത്തിൽ നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം നാലായി. നീലകണ്ഠന്റെ മൂത്ത സഹോദരൻ സുബ്ഹമണ്യൻ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. സഹോദരി രമണി വിഷം ഉള്ളിൽച്ചെന്നാണ് മരണപ്പെട്ടത്. മറ്റൊരു സഹോദരി മംഗളയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

നീലകണ്ഠന്റെ കൊലപാതകകേസന്വേഷണച്ചുമതല അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.മുകുന്ദനാണ്. സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിനോട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.എസ്ഐമാരായ ബാബു തോമസ്, ലതീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ കെ.രാമകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി.

ഗണേശൻ പെരിയയിലേക്ക് നടന്നെത്തിയെന്ന് സംശയം

കൊലപാതകം നടത്തിയശേഷം ഗണേശൻ 4 കിലോമീറ്ററകലെയുള്ള പെരിയ ബസ് സ്റ്റോപ്പിലേക്ക് നടന്നെത്തിയെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവിടെ നിന്നാണ് 5.30 ന് കാസർകോട് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിപ്പോയത്. ഗണേശൻ നടന്നു പോകുന്നതും ബസ് കയറുന്നതും നാട്ടുകാരിൽ ചിലർ കണ്ടതായിപ്പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കാസർകോടു നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ നായ നീലകണ്ഠന്റെ വീട്ടിൽ നിന്നു നമ്പ്യാരടുക്കത്തെ ബസ് കാത്തിരിപ്പു കേന്ദ്രം വരെ എത്തി. കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി വീടിനു മുൻപിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 43 സെ.മീ നീളമുള്ള കത്തിയിൽ ചോരപ്പാടുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com