ADVERTISEMENT

കാസർകോട് ∙ സൗരോർജ തൂക്കുവേലിയുടെ നിർമാണത്തിലെ മെല്ലെപ്പോക്കിനെതിരെ വിമർശനം ഉയരുന്നതിനിടെ, 2 കിലോ മീറ്റർ ദൂരത്തിൽ വേലി ഈ മാസം 5ന് ചാർജ് ചെയ്യാനൊരുങ്ങി അധികൃതർ. ഈ ഭാഗത്ത് പണി അന്തിമഘട്ടത്തിലാണ്. മഴ തടസമായില്ലെങ്കിൽ ബാക്കി 6 കിലോ മീറ്റർ വേലിയുടെ നിർമാണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് ഡിഎഫ്ഒ സി.ബിജു അറിയിച്ചു. ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാനം മുതൽ ഒളിയക്കൊച്ചി വരെയുള്ള വേലിയാണ് പ്രവർത്തനക്ഷമമാക്കുന്നത്.

കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ ഭാഗമായി കർണാടകയുമായി അതിർത്തി പങ്കിടുന്ന ദേലംപാടി,കുറ്റിക്കോൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ 29 കി.മീ നീളത്തിലാണ് സൗരോർജ വേലി നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 8 കി.മീ വേലിയാണ് നിർമിക്കാൻ തീരുമാനിച്ചത്. 60 ലക്ഷം രൂപ വനംവകുപ്പിന് കൈമാറുകയും ചെയ്തു. ബാക്കി 21 കി.മീ നിർമിക്കാനുള്ള തുക ഈ വർഷം ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും ദുരിതമനുഭവിക്കുന്ന മുളിയാർ, കാറഡുക്ക, ബേഡഡുക്ക, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതവുമാണ് നീക്കിവച്ചിട്ടുള്ളത്.

ഇതിനു പുറമെ സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി കണ്ട്, ആസൂത്രണ ബോർഡ് അനുവദിച്ച 66 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിനു നൽകിയിരുന്നു. ഇതും ചേർത്ത് ഈ വർഷം തന്നെ വേലിയുടെ പണി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.കാട്ടാനശല്യം തടയാൻ സംസ്ഥാനത്ത് ആദ്യമായാണ് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിക്കുന്നത്. കിടങ്ങ്, കരിങ്കൽ മതിൽ, കിടങ്ങ് എന്നിവ നിർമിച്ചിട്ടുണ്ടെങ്കിലും തൂക്കുവേലി നിർമിക്കുന്നത് ജില്ലയിലും ആദ്യമാണ്.

കഴിഞ്ഞ മാർച്ച് മാസം 12നാണ് വേലിയുടെ പണി ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും തുടങ്ങാൻ വൈകി. തൂണുകൾ സ്ഥാപിക്കാനുള്ള ഫൗണ്ടേഷൻ സ്ഥാപിച്ചെങ്കിലും ഒരാഴ്ച മുൻപാണ് സാമഗ്രികൾ എത്തിച്ച് വേലിയുടെ പണി തുടങ്ങിയത്. അതിനു ശേഷം വേഗത്തിലാണ് പുരോഗമിക്കുന്നത്. കർണാടകയിൽ ഇത്തരം വേലികൾ നിർമിച്ചിട്ടുള്ള വിദഗ്ധ തൊഴിലാളികളാണ് പണിയെടുക്കുന്നത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണത്തിന്റെ ചുമതല.

കർണാടകയിലെ തൂക്കുവേലിക്കു സമീപം മരങ്ങൾ വെട്ടി മാറ്റി, ഇവിടെയോ?

കാസർകോട് ∙ സൗരോർജ വേലിയുടെ 2 കിലോ മീറ്റർ ഭാഗം ചാർജ് ചെയ്യാനൊരുങ്ങുമ്പോഴും ഇതിനോടു ചേർന്നുള്ള മരങ്ങൾ മുറിക്കാത്തതിൽ ആശങ്കയുമായി കർഷകർ. വേലി നിർമിക്കുന്ന സ്ഥലത്തുള്ള മരങ്ങൾ മാത്രമാണ് ഇപ്പോൾ മുറിച്ചു മാറ്റുന്നത്.ഇതിനോട് ചേർന്നുള്ള മരങ്ങൾ അങ്ങനെ തന്നെ നിൽക്കുകയാണ്. കൂടുതലും അക്കേഷ്യയാണ്. ചിലഭാഗങ്ങളിൽ വൻ മരങ്ങളും ഉണ്ട്.  ഇവ മുറിച്ചു നീക്കിയില്ലെങ്കിൽ, ആനകൾ മരം വേലിയുടെ മുകളിൽ മറിച്ചിട്ട് തകർക്കാൻ സാധ്യത ഏറെയാണ്. മുൻപു നിർമിച്ച സൗരോർജ വേലികൾ ആനകൾ ഇങ്ങനെ തകർത്ത അനുഭവം മുന്നിലുണ്ട്.

വേലിക്കു ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റിയാണ് കർണാടകയിൽ സൗരോർജ തൂക്കുവേലി നിർമിക്കുന്നത്. വേലി കടന്നുപോകുന്ന സ്ഥലത്തെയും മറിച്ചിട്ടാൽ വേലിക്കു മുകളിൽ വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ മുറിച്ചാണ് ബന്ദിപൂരിലും സിദ്ധാപുരയിലും ഉൾപ്പെടെ കർണാടക വനംവകുപ്പ് ഇത്തരം വേലികൾ നിർമിച്ചിട്ടുള്ളത്. എന്നാൽ, പണി പൂർത്തിയായി ചാർജ് ചെയ്യാൻ ഒരുങ്ങുന്ന ഭാഗങ്ങളിൽ ഇപ്പോൾ തന്നെ മരങ്ങൾ വേലിക്കു മുകളിൽ വീണുകിടക്കുന്നതാണ് കാഴ്ച.

‘പണി തുടങ്ങാൻ വൈകിയെങ്കിലും പദ്ധതി വിജയകരമായി പൂർത്തിയാക്കും. വനംവകുപ്പിന്റെ ആത്മാർഥമായ സഹകരണം ഇക്കാര്യത്തിലുണ്ട്. മരങ്ങൾ ചിലയിടങ്ങളിൽ വേലിക്കു ഭീഷണിയായ സാഹചര്യമുണ്ട്. ഇക്കാര്യം വനംവകുപ്പുമായി ചർച്ച ചെയ്യുകയും നടപടിയെടുക്കുമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്’. സിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

‘വേലിക്കു തടസ്സമായ മരങ്ങൾ മുറിക്കാൻ സിസിഎഫ് അനുവാദം നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ മരങ്ങൾ ഉണ്ടെങ്കിൽ അവയുടെ പട്ടിക നൽകിയാൽ അനുവാദം നൽകും. അക്കേഷ്യ മരങ്ങൾ മുറിച്ച് തദ്ദേശീയ മരങ്ങൾ നടുന്ന പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തെ എല്ലാ അക്കേഷ്യകളും മുറിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയാകാൻ 6 മാസം എടുക്കും. വേലിയുടെ 10 മീറ്റർ മാറിയേ പിന്നീട് മരങ്ങൾ നടുകയുള്ളൂ’. സി.ബിജു. ഡിഎഫ്ഒ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com