ADVERTISEMENT

കാഞ്ഞങ്ങാട് ∙ കാസർകോട് വികസന പാക്കേജിൽ ടൂറിസം വകുപ്പിന്റെ പദ്ധതികൾക്കു മെല്ലെപ്പോക്ക്. പദ്ധതികളുടെ വിശദ പദ്ധതി റിപ്പോർട്ട്(ഡിപിആർ) സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ ടൂറിസം വകുപ്പിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകുന്നില്ല. വികസന പാക്കേജിൽ ഇപ്പോൾ നടപ്പിലാക്കുന്നത് ആകെ 3 പദ്ധതികൾ മാത്രം. പൊസഡിഗുംബെ, അഴിത്തല വിനോദ സഞ്ചാര പദ്ധതികളുടെ വിശദ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സമർപ്പിക്കാൻ ടൂറിസം വകുപ്പിനു കഴിഞ്ഞിട്ടില്ല.

100 കോടിയുടെ ടൂറിസം വികസന പദ്ധതികളാണ് കാസർകോടിന്റെ വികസനത്തിനായി രൂപീകരിച്ച പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിലുള്ളത്. ഇതിൽ മറ്റു പല വകുപ്പുകളും അവരുടെ വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കി എടുക്കുമ്പോഴാണ് ടൂറിസം വകുപ്പിന്റെ പദ്ധതികൾ ഒച്ച് ഇഴയുന്ന വേഗത്തിൽ നീങ്ങുന്നത്. വികസന പാക്കേജിൽ പെടുത്തി പൂർത്തിയാക്കിയെന്നു പറയാൻ ആകെയുള്ളത് കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ മാത്രമാണ്. കുമ്പള റൂറൽ ടൂറിസം പ്രൊജക്ട്, നമ്പ്യാർക്കൽ അണക്കെട്ട് ടൂറിസം പദ്ധതി എന്നിവയ്ക്കു തുടക്കം കുറിച്ചെങ്കിലും ഇതുവരെ പൂർത്തീകരണത്തിൽ എത്തിയിട്ടില്ല.

ഇതിൽ നമ്പ്യാർക്കൽ അണക്കെട്ട് ടൂറിസം പദ്ധതി കൈമാറി ഇപ്പോൾ ഇറിഗേഷൻ വകുപ്പിന്റെ കയ്യിലെത്തിയിട്ടുണ്ട്. തൈക്കടപ്പുറം, കണ്വതീർഥം ബീച്ച്, വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മലബാർ ടൂറിസം ട്രാവൽ സർക്യൂട്ട്, റാണിപുരം ഇക്കോ ടൂറിസം, വീരമലക്കുന്ന് വികസനം എന്നീ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനും പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കാനും മേയ് മാസത്തിൽ ഓൺലൈൻ യോഗം ചേർന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. കാസർകോട് വികസന പാക്കേജിൽ 2021–22 സാമ്പത്തിക വർഷം 125 കോടിയാണ് അനുവദിച്ചത്.

ഇതിൽ ടൂറിസം വകുപ്പിന്റെ വികസന പ്രവർത്തനങ്ങളായ ആർക്കിയോളജിക്കൽ മ്യൂസിയം, കോട്ടഞ്ചേരി ഇക്കോ ടൂറിസം, വീരമലക്കുന്ന് ടൂറിസം പദ്ധതി, പൊസഡിഗുംബെ, കോളിയാർമല ആൻഡ് കാവേരികുളം പദ്ധതികളുടെ എസ്റ്റിമേറ്റ് അടക്കമുള്ള വിശദ പദ്ധതി റിപ്പോർട്ട് ഏപ്രിൽ 25നു മുൻപായി സമർപ്പിക്കണമെന്നു നിർദേശം നൽകിയെങ്കിലും ഇതുവരെ സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായിട്ടില്ല. ജില്ലയിലെ ഏറ്റവും മനോഹരമായ തീരങ്ങളിൽ ഒന്നാണ് അഴിത്തല. 20 ഏക്കറോളം സർക്കാർ സ്ഥലം ഇവിടെയുണ്ട്.

കർണാടകയോടു ചേർന്നു കിടക്കുന്ന സ്ഥലമാണ് പൊസഡിഗുംബെ. മനോഹരമായ ഈ സ്ഥലങ്ങൾ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വലിയ സാധ്യതകളാണു തുറന്നിടുന്നത്. എന്നാൽ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ജില്ലയുടെ ടൂറിസം സാധ്യതകളിൽ മങ്ങലേൽപ്പിക്കുന്നു. പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിൽ കലക്ടറും ജനപ്രതിനിധികളും ഇടപെടണമെന്നാണു ജില്ലയുടെ പൊതുവായ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com