ADVERTISEMENT

രാജപുരം∙ അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും നൽകുന്ന പോഷക ബാല്യം പദ്ധതിക്ക് ജില്ലയിൽ വേണ്ടത് ഒരു മാസം 1.35 ലക്ഷം മുട്ടയും 16,927 ലീറ്റർ പാലും. ജില്ല ശിശുവികസന ഓഫിസിനു കീഴിൽ 12 ഐസിഡിഎസ് ഓഫിസുകൾക്കു കീഴിൽ 16,927 കുട്ടികൾക്കാണ് മുട്ടയും പാലും നൽകുന്നത്.

പരപ്പ ബ്ലോക്കിൽ 2037, നീലേശ്വരം ബ്ലോക്കിൽ 2068, കാഞ്ഞങ്ങാട് ബ്ലോക്കിൽ 3444, കാസർകോട് ബ്ലോക്കിൽ 4040, കാറഡുക്ക ബ്ലോക്കിൽ 2523, മഞ്ചേശ്വരം ബ്ലോക്കിൽ 2815 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. ഇത്രയും കുട്ടികൾക്ക് ആഴ്ചയിൽ 2 മുട്ട വീതം ഒരു മാസം നൽകാൻ 1,35,416 മുട്ടകളാണ് വേണ്ടത്. കുടുംബശ്രീയുടെ കോഴിയും കൂടും പദ്ധതിയിൽ ജില്ലയിലെ 42 കുടുംബശ്രീ സിഡിഎസുകൾ വഴി ഒരു മാസം ലഭിക്കുന്നത് 60,480 നാടൻ മുട്ടകളാണ്.

എല്ലാ കുടുംബശ്രീ യൂണിറ്റുകളും മുട്ട നൽകാൻ  തയാറായാൽ തന്നെ ബാക്കി 74,936 മുട്ടകൾക്ക് പൊതു വിപണിയെ ആശ്രയിക്കണം. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. കുടുംബശ്രീ വഴിയാണ് പല സ്ഥലത്തും മുട്ടയും പാലും നൽകുന്നത്. കുടുംബശ്രീകൾ ഏറ്റെടുക്കാത്ത സ്ഥലങ്ങളിൽ‌ മിൽമ അല്ലെങ്കിൽ ക്ഷീര സംഘങ്ങൾ വഴി പാലും  സ്വകാര്യ ഏജൻസികൾ വഴി മുട്ടയും  കരാർ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നു.‍ 

സർക്കാർ നൽകുന്ന തുക പോരെന്ന് പരാതി

അങ്കണവാടികളിൽ എത്തിക്കുന്ന ചെലവ് ഉൾപ്പെടെ മുട്ട ഒന്നിന് 6 രൂപയും പാൽ ഒരു ലീറ്ററിനു 50 രൂപയുമാണ് സർക്കാർ നൽകുന്നത്. എന്നാൽ ഇത് നഷ്ടമാണെന്ന് കരാറുകാരും കുടുംബശ്രീ പ്രവര്‍ത്തകരും പറയുന്നു. കുടുംബശ്രീ യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ മുട്ട ഒന്നിന് 6രൂപയിൽ അധികം മാർക്കറ്റിൽ ലഭിക്കുന്നതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു.

നഷ്ടത്തിൽ നൽ‌കാൻ തയാറായാൽ പോലും അങ്കണവാടികളിലും എത്തിക്കുന്ന ചെലവും കൂടി കരാറുകാരൻ വഹിക്കണം. അതിനാൽ പല കുടുംബശ്രീ യൂണിറ്റുകളും പദ്ധതിയുമായി സഹകരിക്കാതെ മാറി നിൽക്കുകയാണ്. വില കുറവെന്നതിനാൽ ടെൻഡർ എടുക്കാൻ തന്നെ ആരും തയാറാകുന്നില്ലെന്ന് ഐഡിസിഎസ് ഓഫിസർമാരും‍ പറയുന്നു. ആദ്യ ടെൻഡർ തന്നെ വളരെ പണിപ്പെട്ടാണ് നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മുട്ടയ്ക്ക് വിപണിയിൽ 6 രൂപയുണ്ട്.

അങ്കണവാടികളിൽ എത്തിക്കേണ്ടതിനാൽ കരാർ എടുക്കാൻ ആളെ കിട്ടുന്നില്ല. സർക്കാർ നൽകുന്ന തുകയിൽ വർധന വരുത്തിയില്ലെങ്കിൽ രണ്ടാം ഘട്ട ടെൻഡർ എടുക്കാ‍ൻ ആരും ഇല്ലാതെ പദ്ധതി നിന്നുപോകുമോ എന്ന ആശങ്കയുമുണ്ട്. അതേ സമയം ചില ബ്ലോക്ക് പ‍ഞ്ചായത്തുകളിൽ മുട്ട വിതരണം ലാഭകരമാണെന്നും അഭിപ്രായമുണ്ട്. പൊതു വിപണിയിൽ 5.50 രൂപ ലഭിക്കുമ്പോൾ അങ്കണവാടിയിൽ നൽകിയാൽ 6 രൂപ ലഭിക്കും. തൊട്ടടുത്ത സ്ഥലത്ത് എത്തിച്ചാൽ അങ്കണവാടി ജീവനക്കാർ തന്നെ കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com