വനത്തിൽ നിന്നു തേക്ക് മുറിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Mail This Article
ഇരിയണ്ണി ∙ വനത്തിൽ നിന്നു 100 വർഷത്തിലേറെ പ്രായമുള്ള തേക്ക് മരം മുറിച്ചു കടത്തിയെന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. അരിയിൽ ബ്രാഞ്ച് സെക്രട്ടറിയും റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനുമായ തീയ്യടുക്കത്തെ സി.സുകുമാരൻ നായരെയാണ് (59) വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 3 മീറ്റർ ചുവട് വണ്ണമുള്ള മരമാണു മുറിച്ചത്. 2 കഷണം തടിയും ഈർന്നെടുത്ത ഉരുപ്പടികളും തടിമില്ലിൽ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മരത്തിന് ഒന്നര ലക്ഷം രൂപയോളം വില വരുമെന്നാണു സൂചന.
സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവർക്കു വേണ്ടി അന്വേഷണം തുടങ്ങി. അരിയിൽ റോഡരികിൽ ഇദ്ദേഹത്തിന്റെ സ്ഥലത്തോടു ചേർന്നുള്ള വനഭൂമിയിലുണ്ടായിരുന്ന മരം ആഴ്ചകൾക്കു മുൻപാണു മുറിച്ചത്. പരാതിയെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിനു ചെന്നപ്പോൾ മരം തന്റെ ഭൂമിയിലാണെന്നായിരുന്നു ഇയാളുടെ വാദം. തുടർന്നു വനംവകുപ്പ് ഭൂസർവേ നടത്തുകയും വനഭൂമിയാണെന്നു വ്യക്തത വരുത്തിയ ശേഷം കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.