ചെർക്കള / നീലേശ്വരം ∙ സെറിബ്രൽ പാൾസി ഫുട്ബോൾ സംസ്ഥാന ടീമിലേക്ക് കാസർകോടു നിന്ന് രണ്ട് താരങ്ങൾ. 25 മുതൽ 28 വരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ചെർക്കള കുതിരത് നഗർ ഹൗസിൽ ഹമീദ് (32), ചായ്യോം ഇടിച്ചൂടി ഏറുകുണ്ട് ഹൗസിലെ കെ.പി.ശ്യാംമോഹൻ (30) എന്നിവരാണ് പങ്കെടുക്കുന്നത്.
ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച് കോഴിക്കോട് നടത്തിയ ട്രയലാണ് ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇരുവർക്കും വഴി തുറന്നത്. അക്കര ഫൗണ്ടേഷൻ മുഖേനയായിരുന്നു അത്. ആലപ്പുഴയിൽ മേയ് 16 മുതൽ 22 വരെ പ്രത്യേക പരിശീലനം നേടി. രണ്ടാം ക്യാംപ് 12 നു തുടങ്ങും. ഇന്ന് വൈകിട്ട് 6ന് ഇവർ കാസർകോടു നിന്നു യാത്ര തിരിക്കും.
ഹമീദ് മുൻപേ ദേശീയ താരം
ഹമീദിന് വലതു കൈക്കും വലതു കാലിനും വലിയ ഭാരം വഹിക്കാനുള്ള ശേഷിയില്ല. എങ്കിലും ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ വഴങ്ങും. ഫുട്ബോളിൽ ഡിഫൻഡറും ക്രിക്കറ്റിൽ ഓൾറൗണ്ടറുമാണ് ഹമീദ്. കളിക്കിടെ പരുക്കേൽക്കുന്നതു പതിവ്. അതൊന്നും കളിയെ ബാധിച്ചിട്ടില്ല. ക്രിക്കറ്റിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ വരെ പങ്കെടുത്തിട്ടുണ്ട്. മനസ്സിന്റെ ഉറപ്പും ഒരു സർക്കാർ ജോലി വേണമെന്ന മോഹവും സുഹൃത്തുക്കളുമാണ് ഉയരങ്ങളിലെത്താൻ സഹായിക്കുന്നതെന്നു ഹമീദ് പറയുന്നു.
ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 12 ാം ക്ലാസ് വരെ പഠിച്ചു. കാസർകോട് ഗവ.കോളജിൽ ബിഎ അറബിക് വിദ്യാർഥിയായിരുന്നു. 2013ൽ കന്യാകുമാരി, 2015ൽ ലക്നൗ, 2018ൽ കോഴിക്കോട്, 2019ൽ ഔറംഗാബാദ് എന്നിവിടങ്ങളിൽ നടന്ന ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളം റണ്ണേഴ്സ് അപ്പ് ആയിരുന്നു. പാരാ ലിംഫ് അസോസിയേഷനും ഡിഫറന്റ്ലി ഏബിൾഡ് അസോസിയേഷനും ഉൾപ്പെടെയുള്ളവരുടെ കൈത്താങ്ങാണ് ഹമീദിന്റെ കരുത്ത്.
മൊയ്തു– നഫീസ ദമ്പതികളുടെ മകനാണ് ഹമീദ്. 6 സഹോദരങ്ങളുണ്ട്. ബദിയടുക്കയിലെ ബുക്ക് സ്റ്റാളിൽ സെയിൽസ്മാൻ ആയി കിട്ടുന്ന വരുമാനം മാത്രമാണ് ഹമീദിന് ആശ്രയം. ഫുട്ബോൾ പരിശീലനത്തിനും ചാംപ്യൻഷിപ്പിലും പങ്കെടുക്കാൻ പോയാൽ ഇങ്ങനെ കിട്ടുന്ന വരുമാനം മുടങ്ങും. സെറിബ്രൽ പാൾസി കൂട്ടായ്മ ആണ് ഇത് തരണം ചെയ്യുന്നത്. സർക്കാർ ജോലി തേടി പിഎസ്‌സി പരീക്ഷ മുടങ്ങാതെ എഴുതുന്നുണ്ട്. സ്പോർട്സ് കൗൺസിൽ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഹമീദ്.
ടീമിന്റെ ഗോളി ശ്യാംമോഹൻ
ജീവിതത്തിലാദ്യമായി കേരളത്തിനു പുറത്ത് ഒരു കായിക മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ചായ്യോം ഇടിച്ചൂടി ഏറുകുണ്ട് ഹൗസിലെ കെ.പി.ശ്യാംമോഹൻ. 25 മുതൽ 28 വരെ ഡൽഹിയിൽ നടക്കുന്ന സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ ഗോളിയാണ് ഇദ്ദേഹം. കഴിഞ്ഞ 2 വർഷമായി ഹൊസ്ദുർഗ് ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്റർ ആയി ജോലി ചെയ്തു വരികയാണ്.
കാസർകോട് വിദ്യാ നഗറിലെ സ്പെഷൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷമാണ് ഇവിടെ നിയമിതനായത്. ഇരു കാലുകൾക്കും ബലക്കുറവുള്ള ശ്യാം ഭിന്നശേഷിക്കാരുടെ ജില്ലാ ക്രിക്കറ്റ് ടീമിൽ ബാറ്റ്സ്മാൻ ആണ്. ശാരീരിക പരിമിതിതികൾ കൂസാതെ ചെറുപ്പം മുതൽ ഫുട്ബോൾ കളിക്കാൻ ശ്രമിക്കുമായിരുന്നു.
ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്എസ്എൽസിയും പ്ലസ്ടുവും പാസായത്. തുടർന്ന് കയ്യൂർ ഐടിഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്ക് ചേർന്നെങ്കിലും തുടർന്നില്ല. ബങ്കളം കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം ദേവു ഹോട്ടലിലെ ജീവനക്കാരൻ എൻ.വി.മോഹനന്റെയും കിനാനൂർ കരിന്തളം കൊല്ലംപാറ മോഡേൺ ഇന്റർലോക് കമ്പനിയിലെ തൊഴിലാളി കെ.ശോഭനയുടെയും മകനാണ്. ഒരു സർക്കാർ ജോലിയെന്നതാണ് ശ്യാമിന്റെയും സ്വപ്നം. ശിൽപ, ശോഭിത എന്നിവരാണ് സഹോദരങ്ങൾ.