ADVERTISEMENT

കാസർകോട് ∙ ഇന്നു തുടങ്ങുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ ജില്ലാ–സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ ശക്തമായ വിർമശനം ഉയർന്നേക്കും. ഇതിനകം പൂർത്തിയായ ബ്രാ‍ഞ്ച്–ലോക്കൽ മണ്ഡലം സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നുവെങ്കിലും പലതിനും മറുപടി നൽകാൻ മേൽക്കമ്മിറ്റിയിൽ നിന്നെത്തിയ നേതാക്കൾക്കു സാധിച്ചിരുന്നില്ല.

2018 ഫെബ്രുവരിയിൽ ചട്ട‍ഞ്ചാലിലാണു കഴിഞ്ഞ തവണ സമ്മേളനം നടന്നത്. 4 വർഷത്തിനു ശേഷം നടക്കുന്ന ഇത്തവണത്തെ സമ്മേളനത്തിനു മുൻപ് തദ്ദേശ–ലോക്സഭ–നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഈ കാലയളവിൽ പാർട്ടിക്ക് വളർച്ച ഉണ്ടായതായി നേതൃത്വം അവകാശപ്പെടുന്നുവെങ്കിലും പാർട്ടിയുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കു നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപണമുണ്ട്.  സംസ്ഥാന –ജില്ലാ നേതാക്കൾ ഏറെയുള്ള ശക്തി കേന്ദ്രങ്ങളിൽ പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽക്കുന്നതു ചില നേതാക്കളുടെ അഹന്ത കൊണ്ടാണെന്നും പരാതിയുണ്ട്.

എൽഡിഎഫിലെ ഘടകകക്ഷിയായ സിപിഐക്ക് തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് ജില്ലയിലെ ചില പഞ്ചായത്തുകളിൽ ഒരു വാർഡിൽ പോലും മത്സരിക്കാൻ സീറ്റു നൽകാൻ സിപിഎം തയാറായില്ലെന്നും പ്രവർത്തകർക്കു പരാതിയുണ്ട്. എന്നാൽ ഇത് എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാനും പരിഹാരം കാണാനും നേതൃത്വം തയാറാവുന്നില്ലെന്ന വിഷയം സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിക്കും. നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാം തവണയും ഇ.ചന്ദ്രശേഖരന് മത്സരിക്കാൻ സീറ്റു നൽകിയതിനെ ചൊല്ലിയുണ്ടായ തർക്കവും സമ്മേളനത്തിൽ ചർ‌ച്ചയാകുമെന്നാണ് കരുതുന്നത്.

മുൻമന്ത്രി കൂടിയായ ഇ.ചന്ദ്രശേഖരൻ മത്സരിക്കുന്നില്ലെന്നു പറഞ്ഞ് സ്വയം ഒഴിഞ്ഞ് പാർട്ടി പ്രവർത്തനങ്ങൾക്കായി മാറുമെന്നായിരുന്നു പ്രവർത്തകരും ജില്ലയിലെ നേതാക്കളും ആഗ്രഹിച്ചത്. എന്നാൽ മൂന്നാം തവണയും ചന്ദ്രശേഖരനു സീറ്റു നൽകിയത് പാർട്ടിയിൽ അഭിപ്രായ ഭിന്നതയ്ക്കും പരസ്യ പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. ഭരണത്തിലെ പങ്കാളിത്തം ഉപയോഗിച്ച് ചില നേതാക്കൾ ചില വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയാണെന്ന ആരോപണവുമുണ്ട്.

ബേനൂർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറിയായ എഐവൈഎഫ് സംസ്ഥാന വനിതാ നേതാവിനെതിരെ എടുത്ത നടപടിയും ഇതേ തുടർന്നു പാർട്ടിയിൽ നിന്നു പുറത്താക്കിയതും ഉൾപ്പെടെയുള്ളയുള്ള വിഷയം ചർച്ചയ്ക്കിടയാക്കും. ചില നേതാക്കൾ പറയുന്നതു പോലെയാണു പാർട്ടി നീങ്ങുന്നതെന്നും ജില്ലാ സെക്രട്ടറി പോലും റബർ സ്റ്റാംപായി മാറിയിരിക്കുകയാണെന്നും കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതു ജില്ലാ സമ്മേളനത്തിലും ചർച്ചയാകും.

ആരാകും പുതിയ ജില്ലാ സെക്രട്ടറി 

മൂന്നു തവണ സെക്രട്ടറിയായ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴി‍യാനാണു സാധ്യത. എന്നാൽ ചില നീക്കുപ്പോക്കുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ഒരു അവസരം നൽകാനുള്ള സാധ്യതയും പറഞ്ഞു കേൾക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുന്നവരടക്കും ഇത്തവണ പ്രായം നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ ജില്ലാ എക്സിക്യൂട്ടീവിലുള്ള പല നേതാക്കൾ പുറത്താകും. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലുള്ള അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ സി.പി.ബാബുവിനെ പരിഗണിക്കാനാണ് സാധ്യതയേറെ. 65 വയസ്സിനു താഴെയുള്ളവരാണ് സെക്രട്ടറിയാകേണ്ടത്. ജില്ലാ നേതൃത്വത്തിൽ  സി.പി.ബാബുവിനെ പിന്തുയ്ക്കുന്നവരേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com