കാസർകോട് ∙ ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 12.06 ഗ്രാം എംഡിഎംഎയുമായി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ തെക്കിൽ ബെണ്ടിച്ചാൽ കെകെ ഹൗസിൽ എം.മുഹമ്മദ് ഖയീസ് (34) മേൽപറമ്പ് കൂവത്തൊട്ടിയിലെ ജാസിദ് (26) ചെമ്പരിക്ക കീഴൂർ ഹൗസിൽ പി.എം.ഷാജഹാൻ (30) എന്നിവരെ ബേക്കൽ പൊലീസും മഞ്ചേശ്വരം ഉദ്യാവർ പത്താം മൈലിലെ എച്ച്.സലീം (42) ഉദ്യാവർ മാഡ ബിഎസ് നഗർ ആസീർ മൻസിലിലെ ഹസൻ ആസിർ (32) എന്നിവരെ മഞ്ചേശ്വരം പൊലീസുമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഉദുമ പടിഞ്ഞാറിൽ വച്ചാണു 8.68 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഖയീസിനെ 8.68 ഗ്രാം എംഡിഎംഎയുമായി സിഐ യു.പി.വിപിൻ, എസ്ഐ എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാസിദിനെയും പൊലീസ് പിടികൂടി. ഇരുവരും എംഡിഎംഎ വിൽപനക്കാരാണെന്നു പൊലീസ് പറഞ്ഞു.
ഉദുമ പള്ളത്ത് വച്ചാണ് 0.48 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ ഷാജഹാനെ പിടികൂടിയത്. ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നിർദേശത്തെ തുടർന്നാണു നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസർ കെ.സനീഷ്, സിവിൽ പൊലീസ് ഓഫിസർ കെ.സനിൽ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ദേശീയപാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കുഞ്ചത്തൂരിലെ ഒരു സ്വകാര്യ ലോഡ്ജിനടുത്ത് വച്ചാണു 3.10 ഗ്രാം എംഡിഎംഎയുമായി എച്ച്.സലീം, ഹസൻ ആസിർ എന്നിവർ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലാകുന്നത്. ലഹരിമരുന്നുകടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. സിഐ കെ.സന്തോഷ്കുമാർ, എസ്ഐമാരായ എ.അൻസാർ, ടോണി.ജെ.മറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.