ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്നു മർദിച്ചു. സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. മർദനത്തിൽ പരുക്കേറ്റ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ് പൊലീസ് വിപുല മുന്നൊരുക്കമാണ് നടത്തിയത്.

2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു സ്ഥലത്തുണ്ടായിരുന്നത്. എന്നാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാറും രാഹുൽ രാംനഗറും ജില്ലാ ആശുപത്രിയിൽ രാവിലെ 9ന് തന്നെ എത്തിയിരുന്നു. എന്നാൽ, ഇരുവരെയും പൊലീസ് പിടികൂടി. പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെടാൻ ഇരുവരും ബലം പ്രയോഗം നടത്തിയെങ്കിലും പ്രദീപിനെ പിടികൂടി പൊലീസ് ഫിസിയോതെറപ്പി മുറിയിൽ അടച്ചിട്ടു. ഈ സമയത്ത് പുറത്തെത്തിയ രാഹുൽ രാംനഗർ മന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുകയും ചെയ്തു.

മന്ത്രി എത്തുന്നതിന് തൊട്ടുമുൻപ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടവും ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജും ചേർന്നു കരിങ്കൊടി കാട്ടി. ഉടൻ തന്നെ പൊലീസ് ഇരുവരെയും ജീപ്പിൽ കയറ്റി. ഇതിനിടെ പൊലീസുമായി ഇരുവരും ഉന്തും തള്ളുമായി. സിപിഎം പ്രവർത്തകരും പൊലീസിനെ സഹായിക്കാനെത്തി. ഇവരെ ജീപ്പിൽ കയറ്റി കൊണ്ടു പോകാൻ ഒരുങ്ങുന്നതിനിടെ മന്ത്രിയെത്തി. ഈ സമയത്ത് കരിങ്കൊടി കാട്ടാൻ ഒരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജിക ഉദുമ, സി.എച്ച്.തസ്റീന, ഡോ.ദിവ്യ എന്നിവരെ പൊലീസ് പിടികൂടി. പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ ഇവർക്കെതിരെ കയ്യേറ്റത്തിന് ശ്രമിച്ചു.

തസ്റീനയ്ക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഈ സമയത്താണ് മന്ത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ രാംനഗറും മാർട്ടിൻ ജോർജും കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഉടൻ തന്നെ പൊലീസ് ഇരുവരെയും ബലം പ്രയോഗിച്ചു മാറ്റി. ഇതിനിടയിൽ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്നു ഇരുവരെയും മർദിച്ചു. മർദനത്തിൽ പരുക്കേറ്റ രാഹുൽ രാംനഗർ പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കും നിസാര പരുക്കേറ്റു. ജില്ലാ ആശുപത്രിയിൽ എത്തിയ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. 

പ്രതിഷേധവുമായി യൂത്ത് ലീഗും

കാസർകോട്  ∙ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു. മൊഗ്രാലിൽ യുനാനി ആശുപത്രിയുടെ ഉദ്ഘാടനത്തിന് പോകുമ്പോൾ മൊഗ്രാൽ പുത്തൂരിൽ വച്ചാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര ഭാരവാഹികളായ ജലീൽ തുരുത്തി,

റഹ്മാൻ തൊട്ടാൻ, മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരിത്തി എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. നീലേശ്വരത്തേക്ക് പോകുന്ന വഴിയാണ് പുതിയകോട്ടയിൽ വച്ചും യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി.നൗഷാദ്, മണ്ഡലം ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി, സെക്രട്ടറി സിദ്ദീഖ് കുശാൽ നഗർ, പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ചേരക്കാടത്ത്,

ഇർഷാദ് ആവിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇവരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി കാണിക്കാൻ പോയ പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ചേരക്കാടത്തിനെ പൊലീസ് മർദിക്കുകയും ചെയ്തു. കാലിനു സാരമായി പരുക്കേറ്റ ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പരിപാടി ബഹിഷ്കരിച്ച് എംപി

ജില്ലാ ആശുപത്രിയിൽ എസ്എൻസിയു ഉദ്ഘാടന പരിപാടിയുടെ നോട്ടിസിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരും ഫോട്ടോയും വയ്ക്കാത്തതിനെ തുടർന്നു അദ്ദേഹം പരിപാടി ബഹിഷ്കരിച്ചു. പരിപാടിയുടെ നോട്ടിസിലോ ബ്രോഷറിലോ ബാനറിലോ ഇദ്ദേഹത്തെ പേരോ ഫോട്ടോയോ വച്ചിരുന്നില്ല.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പരിപാടിക്ക് എത്തിയപ്പോഴാണ് നോട്ടിസിൽ തന്റെ പേരില്ലെന്ന് അദ്ദേഹം അറിയുന്നത്. എംപിക്കു പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറിയും ആശുപതി എച്ച്എംസി കമ്മിറ്റി അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീടും പരിപാടി ബഹിഷ്കരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com