ADVERTISEMENT

കാസർകോട് ∙ 3 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫിഷറീസ് സ്റ്റേഷനിൽ നിന്ന് ഉയരുന്നത് ദുർഗന്ധം. ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ദുർഗന്ധമാണിതെന്നാണ് ആരോപണം. 5 വർഷങ്ങൾക്കു മുൻപ് 50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് കെട്ടിടം. പിന്നീട് 3 മാസം മുൻപ് 4 ലക്ഷം രൂപ ചെലവിട്ട് പുതുക്കി ഉദ്ഘാടനം ചെയ്തു. ടാങ്കിന്റെ മൂടി കൃത്യമായി അടയാത്തതാണ് ദുർഗന്ധം വമിക്കുന്നതിനു കാരണമെന്നും മഴക്കാലത്ത് മാത്രമാണ് ഈ സ്ഥിതിയെന്നും അധികൃതർ പറയുന്നു.

ശുദ്ധജലമില്ല

പുഴയിൽ നിന്ന് 10 മീറ്ററും കടലിൽ നിന്നു 75 മീറ്ററും അകലെയുള്ള 10 സെന്റ് സ്ഥലത്താണ് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം സ്റ്റേഷനിൽ ഇല്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് ഉപ്പുവെള്ളമാണ് ആശ്രയം. നല്ല വെള്ളം കിട്ടണമെങ്കിൽ ഒന്നര കിലോമീറ്റർ അകലെ പോകണം. അവിടെ നിന്നു പൈപ്പ്‌ലൈൻ വഴി വെള്ളമെത്തിക്കാൻ വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്റ്റേഷൻ കെട്ടിടം കാസർകോട് നഗരസഭാ പരിധിയിലും കെട്ടിടം ഒഴികെയുള്ള ബാക്കി സ്ഥലം ചെമ്മനാട് പഞ്ചായത്തിലുമാണ്. കെട്ടിടത്തിലേക്കു വെള്ളമെത്തിക്കുന്നതിനു നഗരസഭയുടെ സഹായം തേടിയിട്ടുണ്ട്. 

ജീവനക്കാരെ നിയമിച്ചില്ല

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഫിഷറീസ് ഓഫിസർ, ടൈപ്പിസ്റ്റ് കം ക്ലാർക്ക് തസ്തികകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ ഇതിൽ ഫിഷറീസ് ഓഫിസർ, ടൈപ്പിസ്റ്റ് കം ക്ലാർക്ക് തസ്തികകളിലേക്കുള്ള നിയമനം നടന്നില്ല. ആവശ്യമായ രക്ഷാപ്രവർത്തന ബോട്ട്, രാത്രി കടൽ – പുഴ നിരീക്ഷണത്തിനുതകുന്ന വെളിച്ചം തുടങ്ങിയവ ഇല്ല. പൊതുവേ ഫിഷറീസ് സ്റ്റേഷൻ അനാഥാവസ്ഥയിലാണെന്നാണു പരാതി. പല ദിവസങ്ങളിലും അടഞ്ഞുകിടപ്പാണ്. ഉദ്യോഗസ്ഥർ ഫീൽഡിൽ ആണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com