ADVERTISEMENT

കാറഡുക്ക ∙ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ വടക്കേ മലബാറിന്റെ ഒളിമങ്ങാത്ത ഓർമകളിലൊന്നാണ് കാടകം വനസത്യഗ്രഹം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ കാടകം വനസത്യഗ്രഹത്തിന്റെ സ്മരണകളും പുനർജനിക്കുകയാണ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വനസത്യഗ്രഹ സ്ക്വയറിലൂടെ. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മുൻപിൽ 12 ലക്ഷം രൂപ ചെലവഴിച്ചാണ് സത്യഗ്രഹ സ്ക്വയർ നിർമിച്ചത്. 105 അടി നീളത്തിലുള്ള ചുമർ ശിൽപങ്ങളിൽ സമരത്തിന്റെ ആദ്യവസാനം വരെയുള്ള സംഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കഴിഞ്ഞ വാർഷിക ബജറ്റിലാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനു തുക അനുവദിച്ചത്. ഒന്നര മാസം കൊണ്ട് ശിൽപി കണ്ണൂർ പട്ടുവത്തെ സുകേഷ് നാരായണനാണ് ശിൽപങ്ങൾ ഒരുക്കിയത്. മനോഹരമായ പുൽത്തകിടിയും ഇരിപ്പിടങ്ങളും ഇതിനെ ആകർഷകമാക്കുന്നു. സമരത്തിന്റെ ലഘുവിവരണവും ചുമരിൽ ആലേഖനം ചെയ്തിട്ടുണ്ട്. വനസത്യഗ്രഹത്തിന്റെ തൊണ്ണൂറാം വാർഷികം കൂടിയാണിത്. 1932 ഓഗസ്റ്റിലാണ്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വനനിയമത്തിനെതിരെ ഐതിഹാസിക സമരം നടന്നത്. ആളുകൾ കാട്ടിൽ പ്രവേശിക്കുന്നതും വനവിഭവങ്ങൾ ശേഖരിക്കുന്നതും വിലക്കുന്നതായിരുന്നു നിയമം.

അതുവരെ തോലിനും വിറകിനുമായി ആശ്രയിച്ചിരുന്ന വനത്തിലേക്ക് കയറുന്നതിനു വിലക്കേർപ്പെടുത്തിയപ്പോൾ അതിനെതിരെയുള്ള അമർഷമാണ് ഇതിലേക്കു നയിച്ചത്. 1932 ൽ ഗാന്ധിജി അറസ്റ്റിലായ തോടെ ആരംഭിച്ച സിവിൽ നിയമലംഘന സമരങ്ങളുടെ സമയം കൂടിയായിരുന്നു അത്. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടകത്ത് സത്യഗ്രഹ ക്യാംപ് തുറന്നായിരുന്നു ആസൂത്രണം. കാടകം നാരന്തട്ട തറവാടുകാരുടെ പത്തായപ്പുര ആയിരുന്നു സത്യഗ്രഹികളുടെ താവളം. വൊളന്റിയർമാർ നിയമം ലംഘിച്ച് സർക്കാർ വനത്തിൽ പ്രവേശിക്കുകയും വനവിഭവങ്ങൾ ശേഖരിക്കുകയും മരങ്ങൾ മുറിച്ചിടുകയും ചെയ്തു.

ഉമേഷ് റാവു, മകൻ രാമ ഹെഗ്ഡെ, എ.വി.കുഞ്ഞമ്പു, നാരന്തട്ട കൃഷ്ണൻ നായർ, കൃഷ്ണ മനോലിത്തായ എന്നിവർക്കായിരുന്നു നേതൃത്വം. ദേവപ്പ ആൾവ, ഗാന്ധി രാമൻ നായർ, നാരന്തട്ട കുഞ്ഞിരാമൻ നമ്പ്യാർ, ചെട്ടി ശങ്കരൻ, കരിച്ചേരി ചരടൻ നായർ, എൻ.ചാത്തുനമ്പ്യാർ തുടങ്ങിയവരും മുൻനിരയിൽ പ്രവർത്തിച്ചു. ചന്ദനടുക്കം, കർമംതോടി, കൊട്ടംകുഴി പ്രദേശങ്ങളിലായിരുന്നു സമരത്തിന്റെ കേന്ദ്രങ്ങളായത്. സമരക്കാരെ വളരെ ക്രൂരമായിട്ടായിരുന്നു ഭരണകൂടവും പൊലീസും നേരിട്ടത്.

പിടിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടുപോയി രാത്രി ദൂരെ ദിക്കുകളിൽ ഉപേക്ഷിക്കുന്നതായിരുന്നു ഒരു രീതി. ഇവർ പിന്നീട് കിലോമീറ്ററുകൾ നടന്ന് വീണ്ടും സമരത്തിൽ പങ്കുചേരും. കാടകത്തെ പട്ടേലർ ആയിരുന്ന വിഷ്ണു കടമ്പിളിത്തായയെ സമരക്കാർക്കു സഹായം നൽകിയതിന്റെ പേരിൽ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. പി.കൃഷ്ണപ്പിള്ള 2 തവണ സമരത്തിനു പിന്തുണ നൽകാൻ കാടകത്ത് എത്തിയിരുന്നു.

സമരത്തെക്കുറിച്ച് കേട്ടറിവുകൾ ധാരാളമുണ്ടെങ്കിലും ഓർമകൾ നിലനിർത്താൻ സ്മാരകമോ ശേഷിപ്പുകളോ പോലും ബാക്കിയു ണ്ടായിരുന്നില്ല. സമരക്കാർ താവളമടിച്ച നാരന്തട്ട തറവാടിലെ പത്തായപ്പുര പുതുക്കിപ്പണിതു. പക്ഷേ ഈ ത്യാഗോജ്വല പോരാട്ടത്തിന്റെ ഓർമകൾ കാടകത്തെ ഓരോ തരി മണ്ണിലും ഇപ്പോഴുമുണ്ട്. ഇതിലൊന്നായി സത്യഗ്രഹ സ്ക്വയറും മാറുകയാണ്. ഇതു നാളെ 11.30 ന് മന്ത്രി എം.വി.ഗോവിന്ദൻ നാടിനു സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com