കാഞ്ഞങ്ങാട് ∙ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു ഡിജിറ്റൽ യുഗത്തിലേക്ക് എത്തുമ്പോഴും പഴയ ക്യാമറയെ നെഞ്ചോട് ചേർത്ത് സുകുമാരൻ ആശീർവാദ്. ആദ്യകാലത്ത് ഇറങ്ങിയ യാഷിക മാറ്റ് ക്യാമറ ആണ് സുകുമാരൻ ആശീർവാദിന്റെ കയ്യിൽ ഇന്നും സുരക്ഷിതമായി ഇരിക്കുന്നത്. പടം എടുക്കാമെങ്കിലും ഫിലിം കിട്ടാത്തതിനാൽ ക്യാമറ ഉപയോഗിക്കാൻ കഴിയില്ലെന്ന് മാത്രം. 40 വർഷം മുൻപ് വാങ്ങിയതാണ് ഈ ക്യാമറ.
കാഞ്ഞങ്ങാടിന്റെ ചരിത്രത്തിനൊപ്പം 40 വർഷമായി സഞ്ചരിക്കുകയാണ് ഇദ്ദേഹം. ഇതിനിടയിൽ ദക്ഷിണ മേഖല വോളിബോൾ അടക്കമുള്ള മത്സരങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് അദ്ദേഹം പകർത്തി. അക്കാലത്തു പത്രങ്ങൾക്കും പടമെടുത്ത് കൊടുത്തിരുന്നു. ഓരോ കാലത്തും ഉപയോഗിച്ച ക്യാമറകൾ എല്ലാം ഇദ്ദേഹം ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. നിക്കോൺ സെഡ് 7 (മിറർ ലെസ്) ക്യാമറയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.