ADVERTISEMENT

മോട്ടർ മെക്കാനിക്കായ ധർമേന്ദ്രയുടെ വിനോദം ജോലി ചെയ്തു പണം സമ്പാദിക്കുക, അതുപയോഗിച്ചു സ്വർണകമ്മൽ വാങ്ങി അണിയുക എന്നതാണ്. നടൻ പ്രഭുദേവ ആദ്യകാലത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് കമ്മലുകൾ അണിയാൻ തുടങ്ങിയത്...

ബദിയടുക്ക ∙ ബദിയടുക്കയിലെ ധർമേന്ദ്ര ആദ്യം ചെവിയിൽ കമ്മലിട്ടതു ജനിച്ച ഉടൻ തന്നെയാണ്. ആചാരപ്രകാരം അച്ഛനും അമ്മയുമാണ് അന്നു കമ്മലിടാനായി ചെവി കുത്തിയത്. പിന്നീട് 30ാം വയസ്സിൽ രണ്ടാമത്തെ കമ്മലിട്ടു. ശേഷം ഇടക്കിടെ കമ്മലിടാനായി ചെവി കുത്തുന്നതു പതിവായി. ഇപ്പോൾ ഈ 42 വയസുകാരന്റെ കാതിൽ കമ്മലുകളുടെ എണ്ണം 7. ധർമേന്ദ്ര പുറത്തിറങ്ങിയാൽ കാതിലെ കൗതുകം കണ്ട് ആളുകൾ ഓടിക്കൂടും. ഒപ്പം നിന്നു ചിത്രങ്ങളെടുക്കും. ഈ സന്തോഷം തന്നെയാണ് ഇത്രയും കമ്മലിടാൻ തന്നെ പ്രേരിപ്പിച്ചതെന്നു ധർമേന്ദ്ര പറയുന്നു. 

ബദിയടുക്കയിൽ മോട്ടർ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ധർമേന്ദ്ര. ജോലി ചെയ്തു സ്വരൂപിക്കുന്ന പണത്തിൽ ഒരു വിഹിതം സമീപത്തെ ജ്വല്ലറിയിൽ നിക്ഷേപിക്കും. കമ്മൽ വാങ്ങാനുളള പണമായാൽ ഷോപ്പിലെത്തി ഇഷ്ടപ്പെട്ടതു തിരഞ്ഞെടുക്കും.ഇപ്പോൾ യുവാക്കൾ കാതു കുത്തുന്നതു സാധാരണം ആണെങ്കിലും എന്തെങ്കിലും വ്യത്യസ്തമായതു ചെയ്യണമെന്ന തന്റെ ചിന്തയാണ് ഇത്രയും കമ്മലുകൾ ഇടാൻ കാരണമെന്നു ധർമേന്ദ്ര പറയുന്നു. 

ചെറുപ്പം മുതലേ തമിഴ് നടൻ പ്രഭുദേവയുടെ ആരാധകനായിരുന്നു ധർമേന്ദ്ര. പ്രഭുദേവയുടെ നൃത്തവും ആ കാലത്തെ ഫാഷനും കണ്ട് അതേരീതിയിൽ വസ്ത്രം ധരിച്ചും മുടി നീട്ടി വളർത്തിയും നടന്നിട്ടുണ്ട് ഇദ്ദേഹം. കാതലൻ സിനിമയിൽ പ്രഭുദേവയുടെ നൃത്തം കണ്ട് ഇതിലെ വസ്ത്രങ്ങൾ കണ്ടെത്തി ധരിച്ചായിരുന്നു സഞ്ചാരം. കാഞ്ഞങ്ങാട് പോയാണ് കാതലൻ സിനിമ കണ്ടത്. പ്രഭുദേവ നൃത്തത്തിന് ഉപയോഗിച്ചതു പോലെയുള്ള വസ്ത്രം, ബെൽറ്റ്, ഷൂ എന്നിവ കണ്ടെത്തി ഉപയോഗിക്കുകയായിരുന്നു.

ഉത്സവത്തിനും ഉറൂസിനും മറ്റു പരിപാടികൾക്കും പേരു കേട്ടതായിരുന്നു ബദിയടുക്കയിലെ ധർമേന്ദ്ര മൈക്ക്സ് എന്ന സ്ഥാപനം. ധർമേന്ദ്രയുടെ മൂത്ത സഹോദരൻ പരേതനായ നാരായണനാണ് ഇതു നടത്തിയിരുന്നത്. ഇവിടെ നിന്നാണ് ഉത്സവങ്ങളിലെത്തുന്നവരെ ആകർഷിക്കുന്നതിനുള്ള ശബ്ദവും വെളിച്ചവും ഒരുക്കുന്ന രീതി ധർമേന്ദ്ര പഠിച്ചത്. ഭാര്യ ഭാരതിക്കൊപ്പം ബദിയടുക്കയിലാണു ധർമേന്ദ്രയുടെ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com