ADVERTISEMENT

എൻഡോസൾഫാൻ ബാധിതർക്കു ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും

കാസർകോട് ∙ ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കു ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ടിടപെട്ടതോടെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു ദുരിത ബാധിതർ. അതേസമയം എല്ലാവർക്കും മതിയായ ചികിത്സാ സൗകര്യങ്ങൾ ജില്ലയിൽ ലഭിക്കുന്നുണ്ടെന്ന സംസ്ഥാന സർക്കാർ വാദത്തെ കോടതി മുഖവിലയ്ക്കെടുക്കുന്നില്ല എന്ന സൂചനയായി പരാതിക്കാർ കോടതി നടപടിയെ കാണുന്നു.

ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടായെന്ന തരത്തിൽ നടത്തിയ സർക്കാർ പ്രചാരണങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണു കോടതി നടപടി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് നേരിട്ടു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത് നിഷ്പക്ഷമായ വിവരങ്ങൾ സുപ്രീംകോടതിക്കു നേരിട്ടു ലഭിക്കാൻ വേണ്ടിയാണ്.  

 ‘സെർവി’ന്റെ പഠനത്തിൽ സൗകര്യങ്ങൾ പരിമിതം

കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ വിക്ടിംസ് റൈറ്റ്സ് കളക്ടീവ്സാ(സെർവ്)ണു ദുരിത ബാധിതർക്കു നിയമ പിന്തുണ നൽകുന്നത്. സംസ്ഥാന സർക്കാർ ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ചു നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റാണെന്നു സ്ഥാപിക്കുന്ന റിപ്പോർട്ട് ഇവർ കോടതിയിൽ നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ പി.എൻ.രവീന്ദ്രൻ, പി.എസ്.സുധീർ എന്നിവരാണു ദുരിത ബാധിതർക്കായി സുപ്രീം കോടതിയിൽ വാദിച്ചത്.

സർക്കാർ വാദത്തെ ഖണ്ഡിക്കുന്ന റിപ്പോർട്ട് പരാതിക്കാർ നൽകിയതോടെ നിഷ്പക്ഷമായ വിവരങ്ങൾ സമർപ്പിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയെ കോടതി ചുമതലപ്പെടുത്തു കയായിരുന്നു. ആശുപത്രികൾ, എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, ആരോഗ്യ സേവന വകുപ്പ് ഉദ്യോഗസ്ഥർ, എൻഡോസൾഫാൻ ബാധിതർ എന്നിവരെ സന്ദർശിച്ച് കാസർകോട്ടെ ആരോഗ്യ സൗകര്യങ്ങളെക്കുറിച്ച് സെർവ് പഠനം നടത്തി.

സെർവ് ഭാരവാഹികളായ പ്രഫ എം.എ.റഹ്മാൻ, പ്രകാശ് ബാരെ, കെ.കെ.അശോകൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ‘സർക്കാരിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും എൻഡോസൾഫാൻ ഇരകൾക്കും ജീവിതം എളുപ്പമാക്കുന്നതിനുള്ള അവസരങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണു സെർവിന്റെ നിലപാട്. 

സെർവ് സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ

∙ മെഡിക്കൽ കോളജ്: കാസർകോട് സർക്കാർ മെഡിക്കൽ കോളജിൽ ഔട്ട് പേഷ്യന്റ് (ഒപി) സേവനങ്ങൾ മാത്രം. ഭൂരിഭാഗം മെഡിക്കൽ ജീവനക്കാരെയും സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

∙സാങ്കേതിക പിന്തുണയില്ലാത്ത ഒരു ന്യൂറോളജിസ്റ്റ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 11 സ്പെഷൽറ്റി ഒപികളുണ്ട്. ന്യൂറോളജിയിൽ 2 പേരെ പോസ്റ്റ് ചെയ്തെങ്കിലും ഒരാൾ മാത്രമാണു ചുമതലയേറ്റത്. ജില്ലയിൽ ലഭ്യമായ ഏക സൂപ്പർ സ്‌പെഷൽറ്റി സർവീസാണിത്. എന്നാൽ, ഇഇജി മെഷീൻ പ്രവർത്തിപ്പിക്കാൻ സാങ്കേതിക വിദഗ്ധനില്ല. രണ്ട് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും ഹാജരാകാൻ യോഗ്യതയുള്ള ആളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

∙ഘടനാപരമായ പരിമിതികൾ : ജില്ലാ ആശുപത്രി 250 കിടക്കകളിൽ നിന്ന് 400 കിടക്കകളാക്കി. എന്നാൽ അധിക അടിസ്ഥാന സൗകര്യങ്ങളോ, ജീവനക്കാരുടെ എണ്ണമോ വർധിപ്പിച്ചില്ല. താൽകാലിക ജീവനക്കാരുമായാണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. മാനദണ്ഡമനുസരിച്ച് വാർഡുകളിലെ കിടക്കകൾക്കിടയിൽ 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ അകലം ഉണ്ടായിരിക്കണം. എന്നാൽ ജനറൽ ആശുപത്രിയിൽ രണ്ട് കിടക്കകൾക്കിടയിൽ 50 സെന്റീമീറ്റർ മാത്രം വിടവുള്ളതിനാൽ കിടപ്പുരോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്.

∙ കാസർകോട് ജനറൽ ആശുപത്രി : മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാതെ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തി. പെരിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രം അധിക ജീവനക്കാരെ നൽകാതെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.

∙ ഐസിയു/ ടെർമിനൽ കെയർ സൗകര്യങ്ങളിൽ കിടക്കകളുടെ അഭാവം : ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയുള്ള 5 കിടക്കകൾ മാത്രമാണുള്ളത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവ പര്യാപ്തമല്ല. അതിനാൽ എൻഡോസൾഫാൻ ബാധിതർക്കു വേണ്ടിയുള്ള 11 സ്പെഷൽറ്റി ഒപി രോഗികളുള്ള ജില്ലാ ആശുപത്രിയിലെ ക്രമീകരണങ്ങൾ അർഥ ശൂന്യമാണ്. 

∙സ്പെഷലൈസ്ഡ് പാലിയേറ്റിവ് കെയർ സേവനങ്ങളുടെ അപര്യാപ്തത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com