ADVERTISEMENT

നീലേശ്വരം ∙ തോട്ടുംപുറത്ത് ഓണാഘോഷ പരിപാടികൾക്കിടെ പുഴയിൽ വീണു കാണാതായ കൊയാമ്പുറത്തെ കെ.വി.വേണുഗോപാലന്റെ(48) മൃതദേഹം കണ്ടെത്താനായത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം. ആഴമേറിയ പുഴയുടെ അരികിൽക്കൂടി തന്നെ റോഡ് കടന്നു പോകുന്ന ഇവിടെ പുഴയ്ക്കു സുരക്ഷാ ഭിത്തിയില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. തോട്ടുംപുറത്തു നടത്തിയ ഓണാഘോഷ പരിപാടികൾ കാണാനെത്തിയതായിരുന്നു വേണുഗോപാലൻ.

തിരുവോണ നാളിൽ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം പൊലീസ്, കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രാത്രി പതിനൊന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആഴമേറിയ പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. വെള്ളം കലങ്ങിക്കിടക്കുകയുമായിരുന്നു. ഇന്നലെ രാവിലെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കുറ്റിക്കോൽ, ഉപ്പള അഗ്നിരക്ഷാനിലയങ്ങളിലെ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി തിരച്ചിൽ തുടർന്നു.

ജലസുരക്ഷ ജില്ലാ മേധാവിയും ഉപ്പള അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസറുമായ കെ.വി.പ്രഭാകരൻ, കാഞ്ഞങ്ങാട് നിലയം ഓഫിസർ പി.വി.പവിത്രൻ, അസി.ഓഫിസർ എ.നസിറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. അഗ്നിരക്ഷാനിലയങ്ങളിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാർ, ഡിവിൽ ഡിഫൻസ് അംഗങ്ങൾ, പൊലീസ്, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

അപകടത്തിൽ പെട്ടതിന് 40 മീറ്റർ അകലെ 4 മീറ്റർ താഴ്ചയിൽ നിന്ന് അഗ്നിരക്ഷാസേന സ്കൂബ ടീമിലെ എച്ച്.ഉമേശൻ, രാജേഷ് പാവൂർ എന്നിവരാണു മൃതദേഹം കണ്ടെടുത്തത്. സിവിൽ ഡിഫൻസ് പ്രവർത്തകരായ പി.പി.പ്രദീപ് കുമാർ, അബ്ദുൽ സലാം, കെ.രതീഷ്, മധു, എം.രാഹുൽ, എച്ച്.അരുൺ, എച്ച്.കിരൺ, സുരേഷ് ബാബു, അക്ഷയ്, മണിപ്രസാദ്, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com