ADVERTISEMENT

കാസർകോട് ∙ മറുനാടൻ പൂക്കളോടു കിടപിടിക്കുന്ന പൂ വിപണിയൊരുക്കിയപ്പോൾ കുടുംബശ്രീക്കു നേട്ടം. ഒന്നരലക്ഷം രൂപയാണ് പൂ വിപണിയിലൂടെ മാത്രം ലഭിച്ചത്. കുടുംബശ്രീക്ക് ഓണച്ചന്തകൾ വഴി പലചരക്ക് അടക്കമുള്ള സാധനങ്ങളുടെ ആകെ വിറ്റുവരവ് 48.36 ലക്ഷം രൂപയാണ്. ഓണച്ചന്തകൾ വഴി നാടൻ പച്ചക്കറികൾക്കും വിവിധ ഉൽപന്നങ്ങൾക്കു മൊപ്പമാണു പൂക്കളും ഓണ വിപണിയിലെത്തിച്ചത്. സെപ്റ്റംബർ 4 മുതൽ 7 വരെയാണ് കുടുംബശ്രീയുടെ ഓണച്ചന്തകളിൽ പൂ വിൽപന നടത്തിയത്. ജില്ലയിലെ സിഡിഎസുകൾ കേന്ദ്രീകരിച്ച് 42 ഓണച്ചന്തകളും 4 ജില്ലാതല ചന്തകളും പ്രവർത്തിച്ചു.

കുടുംബശ്രീയുടെ ബ്രാൻഡഡ് അരി, കുടുംബശ്രീ അപ്പങ്ങൾ, കുടുംബശ്രീ സംഘങ്ങൾ കൃഷി ചെയ്‌തെടുത്ത വിഷരഹിതമായ പച്ചക്കറികൾ, അച്ചാറുകൾ, പലതരം ചിപ്‌സുകൾ, സ്‌ക്വാഷ്, ജാം, ശർക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഓണചന്തകളിൽ ഉണ്ടായിരുന്നു. കൂടാതെ പട്ടിക വർഗ മേഖലയിലെ ഉൽപന്നങ്ങളും ഓണം വിപണിയിൽ ഇടംപിടിച്ചു. ജില്ലയിലെ 18 സിഡിഎസുകളുടെ കീഴിൽ 12 ഏക്കർ സ്ഥലത്തു നടത്തിയ പൂകൃഷിയിലും മികച്ച വരുമാനമുണ്ടായി. കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, അജാനൂർ, മടിക്കൈ, നീലേശ്വരം, മംഗൽപ്പാടി, കരിന്തളം രണ്ട്, പീലിക്കോട്, ചെറുവത്തൂർ, കോടോം-ബേളൂർ,

മുളിയാർ തുടങ്ങിയ സിഡിഎസുകൾക്കു കീഴിലാണ് വിവിധ ഇടങ്ങളിൽ ചെണ്ടുമല്ലി കൃഷി ചെയ്തു വിപണിയിലെത്തിച്ചത്. ചെറുവത്തൂർ, പടന്ന, പുല്ലൂർ-പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നാണ് മികച്ച വിളവ് ലഭിച്ചത്. പൊതുവിപണിയിൽ 300 രൂപ മുതൽ 400 രൂപ വരെയുള്ള പൂക്കൾ കുടുംബശ്രീ 150 രൂപ മുതൽ 250 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാക്കിയപ്പോൾ ആവശ്യക്കാർ ഏറെയായിരുന്നു. ഏറ്റവും മികച്ച ചന്തകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ സമ്മാനം നൽകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടിസുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com