ADVERTISEMENT

കാഞ്ഞങ്ങാട് ∙ വൈറൽ പനിയിൽ വിറങ്ങലിച്ച് ജില്ല. മാറിയ പനി ദിവസങ്ങൾക്ക് ശേഷം വീണ്ടും വരുന്നു. ചില കുടുംബങ്ങളിൽ ഒരാൾക്ക് പനി വന്നാൽ പിന്നീട് വീട്ടിലുള്ള എല്ലാവരും പനി ബാധിതര്‍ ആകുന്നു. പിന്നീട് ആദ്യം പനി വന്നയാൾക്കു തന്നെ വീണ്ടും പനി വരുന്നതാണ് നിലവിലെ‍ സ്ഥിതി. കുട്ടികളിലാണ് പനി കൂടുതൽ. രണ്ടു ദിവസങ്ങൾ കൊണ്ട് പനി മാറിയാൽ തന്നെ ചുമയും കഫക്കെട്ടും ആഴ്ചകൾ നീണ്ടു നിൽക്കുന്നു. ചുമച്ചുചുമച്ചു വശം കെടുകയാണ് പനി ബാധിതർ.

സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ നീണ്ട ക്യൂ ആണ്. സർക്കാർ ആശുപത്രികളിലെ കിടക്കകൾ പലയിടത്തും പനി ബാധിതരെ കൊണ്ടു നിറഞ്ഞ നിലയിലാണ്. ഈ മാസം മാത്രം 20,888 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ സ്വകാര്യ ക്ലിനിക്, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും.

ഈ വർഷം മാത്രം ഇതുവരെ പനി ബാധിച്ചത് 1,74,324 പേർക്ക് ആണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21 വരെ പനി ബാധിച്ചത് വെറും 82,889 പേർക്കാണ്. ഈ മാസം മാത്രം 21 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 184 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ജില്ലയിൽ ഈ മാസം ഒരാൾക്ക് സ്ഥിരീകരിച്ചു. ഈ വർഷം 49 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.  ഈ മാസം ഇന്നലെ വരെ 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. ഈ വർഷം17 പേർക്ക് ആണ് മലമ്പനി സ്ഥിരീകരിച്ചത്. 

വില്ലനാകുന്നത് കാലാവസ്ഥാമാറ്റം

കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതിന് പുറമേ മറ്റേതെങ്കിലും വകഭേദ വൈറസ് പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല. മാറി മാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുന്നു.പനി ബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതല്‍ ഉണ്ടാകാമെന്നും ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നു. എന്നാൽ പരിശോധനകൾ ഇല്ലാത്തത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ട് പനി മാറുന്നതിനാൽ ആരും പരിശോധന നടത്താന്‍ തയാറാകുന്നില്ല. ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യുന്നു.  

വയറിളക്ക ബാധിതർ കൂടി

മുൻ വർ‍ഷങ്ങളെ അപേക്ഷിച്ച് വയറിളക്കം ബാധിച്ചവരുടെ എണ്ണം ഇത്തവണ ഏറെയാണ്. ഈ മാസം ഇതുവരെ 1206 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ഇതു വരെ 16324 പേർ. കഴി‍ഞ്ഞ വർഷം ജൂൺ വരെ 3000ത്തിൽ താഴെയായിരുന്നു വയറിളക്കം ബാധിച്ചവരുടെ എണ്ണം. വേനൽക്കാലത്താണ് വയറിളക്കം രോഗം കൂടുതലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് രോഗം കൂടുതലായി പടർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com