ADVERTISEMENT

കാസർകോട് ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കുമ്പള പെർവാഡിൽ ലോറിക്കു നേരെ കല്ലേറുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. കാസർകോട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വൈകിട്ട് ദീർഘദൂര സർവീസുകൾ മാത്രമാണു നടത്തിയത്. കാഞ്ഞങ്ങാട് കെഎസ്ആർടിസി 2 സർവീസുകൾ നടത്തി. നഗര മേഖലകളിൽ കടകൾ ഭൂരിഭാഗവും അടഞ്ഞു കിടന്നു. കാഞ്ഞങ്ങാട് നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടി.

അപൂർവം കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും മാത്രം സർവീസ് നടത്തി. നഗരത്തിൽ പ്രക‌ടനം നടത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിനാണു ‌കേസും അറസ്റ്റുമുണ്ടായത്. 20 പേർക്കെതിരെ കേസെടുത്തു. 4 പേരെ കരുതൽ തടങ്കലിലും പാർപ്പിച്ചിരുന്നു. ഇവരെ വൈകിട്ട് വിട്ടയച്ചു. നീലേശ്വരത്ത് ബസുകൾ ഓടിയില്ല. രാവിലെ ദേശീയപാതയിലെ മാർക്കറ്റ് ജംക്‌ഷനിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലീസ് നീക്കി.

നീലേശ്വരം നഗരസഭയിലെ എസ്ഡിപിഐ കൗൺസിലർ വി.അബൂബക്കർ ഉൾപ്പെടെ 12 പേരെ പൊലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ നാടെന്ന നിലയിൽ തൃക്കരിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ടൗണുകളിൽ കടകൾ മിക്കയിടങ്ങളിലും അടഞ്ഞു കിടന്നു. പടന്ന പഞ്ചായത്തിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സർക്കാർ ഓഫിസുകളിൽ പ്രവർത്തനമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നില്ല. സ്വകാര്യ വാഹനങ്ങളും അത്യാവശ്യം വാടക വാഹനങ്ങളും നിരത്തിലിറങ്ങി.

ബസുകൾ ഓടിയില്ല. രാവിലെ റോഡിലിറങ്ങിയ വാഹനങ്ങൾ ചിലയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. പടന്നയിൽ പോസ്റ്റ് ഓഫിസ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഉൾനാടൻ ഗ്രാമങ്ങളിൽ ചിലയിടങ്ങളിൽ കടകൾ സജീവമായി. ഹർത്താൽ അനുകൂലികൾ തൃക്കരിപ്പൂർ ടൗണിൽ പ്രകടനം നടത്തി. എം.അബൂബക്കർ, എൻ.റഫീഖ്, വി.പി.അസ്‌ലം എന്നിവർ നേതൃത്വം നൽകി. മുൻ കരുതലെന്ന നിലയിൽ ചന്തേര പൊലീസ് 5 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. കുമ്പള, ഉപ്പള തുടങ്ങിയ മേഖലകളിലും ഹർത്താൽ പൂർണമായിരുന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണു പലയിടത്തും പ്രവർത്തിച്ചത്. 

മലയോരത്തെ ബാധിച്ചില്ല

രാജപുരം ഉൾപ്പെടെ മലയോരത്ത് ഹർത്താലിൽ സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ നിരത്തിലിറങ്ങി. കെഎസ്ആർടിസിയും ചില സ്വകാര്യ ബസുകളും സർവീസ് നടത്തി. സർക്കാർ വിദ്യാലയങ്ങൾ ഉച്ചവരെ മാത്രമേ പ്രവർത്തിച്ചുള്ളു. വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ഓട്ടോ -ടാക്സി വാഹനങ്ങൾ സർവീസ് നടത്തി. കാലിക്കടവ്, ചെറുവത്തൂർ ടൗണുകളിലും, മടക്കരയിലും ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇതു കൊണ്ട് തന്നെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആളുകൾക്ക് ആവശ്യാനുസരണം സഞ്ചരിക്കാൻ കഴിയാത്തതിനാൽ ടൗണുകളിൽ ആളുകൾ നന്നേ കുറവായിരുന്നു. ഓട്ടോകൾ എല്ലാം തന്നെ സാധാരണപോലെ നിരത്തിലിറങ്ങി. മടക്കര മത്സ്യബന്ധന തുറമുഖം സാധാരണപോലെ പ്രവർത്തിച്ചു.

സർക്കാർ പിന്തുണ നൽകി: കെ.ശ്രീകാന്ത്

കാസർ‌കോട് ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് പിണറായി  സർക്കാരിന്റെ പിന്തുണ  ലഭിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി  കെ ശ്രീകാന്ത് ആരോപിച്ചു.  ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച് ഹർത്താൽ ആഹ്വാനം ചെയ്തപ്പോൾ അതിനെതിരെ കർശന നടപടി സ്വീകരിക്കേണ്ട സംസ്ഥാന സർക്കാരും പൊലീസും പക്ഷേ ഹർത്താലിന് മൗനാനുവാദം നൽകിയെന്നും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com