എങ്ങനെയെത്തും രാവിലെ 8ന്? ഖാദർ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും

studants-skech
SHARE

ഗതാഗത സൗകര്യങ്ങൾ വളരെ പരിമിതമായ മലയോര പ്രദേശങ്ങൾ ഏറെയുള്ള  ജില്ലയിൽ ഖാദർ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും.

പെരിയ ∙ സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുകയാണ്. 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ കായിക പരിശീലനത്തിനുമായി ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ക്ലാസുകളിലെന്നപോലെ സ്കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു.

യാത്രാ പ്രശ്നം തന്നെ വില്ലൻ..!

സ്കൂളുകളിൽ രാവിലെ 8ന് ക്ലാസുകൾ ആരംഭിക്കണമെന്ന നിർദേശം ഭൂമിശാസ്ത്രപരമായി സങ്കീർണമായ പ്രദേശങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തും. മലയോര മേഖലയിലും ഗതാഗത പ്രശ്നങ്ങൾ രൂക്ഷമായ ഉൾനാടൻ ഗ്രാമങ്ങളിലും ഇതു പ്രായോഗികമല്ലെന്ന വാദമാണുയരുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നു വരുന്ന അധ്യാപകരേയും സമയമാറ്റം ബാധിക്കും. ഇപ്പോൾ  10ന് തുടങ്ങുന്ന ക്ലാസിന് 8ന് മുൻപേ വീട്ടിൽ നിന്നിറങ്ങേണ്ടി വരുന്ന വിദ്യാർഥികളുണ്ട്. ഒന്നിലേറെ ബസുകളിൽ സഞ്ചരിച്ച് സ്കൂളിലെത്തുന്ന വിദ്യാർഥികളും അധ്യാപകരുമുണ്ട്.ഗതാഗത സൗകര്യങ്ങൾ വളരെ പരിമിതമായ മലയോര പ്രദേശങ്ങൾ ഏറെയുള്ള  ജില്ലയിൽ ഖാദർ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും.

കുട്ടികൾ ഒറ്റപ്പെടരുത് 

ക്ലാസുകൾ രാവിലെ 7.30 നോ 8 നോ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന തരത്തിലായാൽ നേരത്തേ വീട്ടിലെത്തുന്ന കുട്ടികൾ ഒറ്റപ്പെട്ടുപോകുമോയെന്ന സംശയമുണ്ട്. ഇത്തരം സാഹചര്യത്തിൽ വിദ്യാർഥികൾ ഡിജിറ്റൽ ഉപകരണങ്ങളിലൂടെയും മറ്റും സമയം പാഴാക്കാനുള്ള സാധ്യതയുമുണ്ട്. ഉച്ചകഴിഞ്ഞ് വിദ്യാർഥികൾക്ക് ലാബിലോ മറ്റോ പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്ന രീതിയിലേക്കു മാറുമെങ്കിൽ അവിടെയും അധ്യാപകരുടെ മേൽനോട്ടം വേണ്ടി വരും. അങ്ങനെയെങ്കിൽ അധ്യാപകൻ എത്ര മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്ന ചോദ്യമുയരുന്നുണ്ട്. 7.30ന് സ്കൂളിലെത്തണമെങ്കിൽ ദൂരസ്ഥലങ്ങളിൽ നിന്നു വരുന്ന അധ്യാപകർ രാവിലെ 5നു തന്നെ വീട്ടിൽ നിന്നിറങ്ങേണ്ട അവസ്ഥയുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന തന്നെ മാറുകയാണ്. അതു സംസ്ഥാനതലത്തിലും നടപ്പാക്കേണ്ടി വരും. അങ്ങനെ വന്നാൽ ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രയോജനരഹിതമായി മാറാനും സാധ്യതയുണ്ട്. പ്രഫ. അമൃത് ജി.കുമാർ,അക്കാദമിക് ഡീൻ, കേരള കേന്ദ്ര സർവകലാശാല

ദുരിതമാകും

ഇപ്പോൾ തന്നെ 10 ന് സ്കൂളിലെത്താൻ 8ന് വീട്ടിൽ നിന്നിറങ്ങേണ്ട സ്ഥിതിയാണ്. സ്കൂൾ സമയം 8ന് ആക്കുന്നത്  മലയോര പ്രദേശങ്ങളിൽ നിന്നുള്ള ഞങ്ങളെപ്പോലുള്ള വിദ്യാർഥികളെ കൂടുതൽ ദുരിതത്തിലാക്കും.അനാമിക കരുൺ എട്ടാം ക്ലാസ് വിദ്യാർഥി, കോടോത്ത് ഗവ. എച്ച്എസ്എസ്

സമയ മാറ്റം  നല്ല നിർദേശമാണ്. നവോദയ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഇപ്പോൾ തന്നെ രാവിലെയാണ്  ക്ലാസ് നടക്കുന്നത്. അധ്യാപകരുടെ ജോലി സമയവും ഇതിനനുസരിച്ച് നിശ്ചയിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മദ്രസ പഠനത്തിനു സമയമാറ്റം തടസ്സമാകുമെങ്കിലും അതിനനുസൃതമായി മദ്രസകളിലും സമയ ക്രമീകരണമുണ്ടാകാം. പി.ബാലചന്ദ്രൻ നായർ, പ്രധാനാധ്യാപകൻ പെരിയ ഗവ. എച്ച്എസ്എസ്

രാവിലെ 8ന്  തുടങ്ങുന്നത് വിദ്യാർഥികൾക്ക് ഏറെ ഗുണം ചെയ്യും. കുട്ടികൾക്ക് പഠനത്തിൽ കടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മലയോരത്തെ കുട്ടികൾക്ക് സുരക്ഷിതമായി നേരത്തേ വീട്ടിലെത്താനും കഴിയും. ഗോത്രസാരഥി പദ്ധതി ഉള്ളതിനാൽ പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് ഗതാഗതം ബുദ്ധിമുട്ടുണ്ടാക്കില്ല. സനോജ് മാത്യു, പിടിഎ പ്രസിഡന്റ് ജിഎച്ച്എസ്എസ് മാലോത്ത് കസബ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}