ADVERTISEMENT

കാസർകോട് ∙ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം ഒഴിവുകളുടെ 10 ശതമാനമാക്കി വെട്ടിച്ചുരുക്കിയതിലും മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനുമെതിരെ അധ്യാപകർ പ്രക്ഷോഭത്തിലേക്ക്. എൽപി, യുപി അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് കേഡർ സ്ട്രെങ്തിന്റെ 30 ശതമാനവും ഹൈസ്കൂൾ അധ്യാപകരുടേതിന് 25 ശതമാനവും തസ്തികകളാണു നീക്കിവച്ചിരിക്കുന്നത്. ഇത് ഓരോ വർഷവും ഈ തസ്തികകളിൽ ഉണ്ടാവുന്ന ആകെ ഒഴിവിന്റെ 10 ശതമാനമാക്കി വെട്ടിച്ചുരുക്കിയതായാണു പൊതു വിദ്യാഭ്യാസ ഡയറക്ടർ 24നു പുറപ്പെടുവിച്ച ഉത്തരവ്.

ഇതു പ്രകാരം ഒരാളെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് പരിഗണിക്കാൻ അതത് അധ്യാപക തസ്തികയിൽ ചുരുങ്ങിയത് 10 ഒഴിവുകളെങ്കിലും വേണം. പല അധ്യാപക തസ്തികകളിലും ജില്ലകളിൽ 10ൽ താഴെ അധ്യാപക ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതിനാൽ അന്തർ ജില്ലാ സ്ഥലംമാറ്റം സാധിക്കാതെ വരുമെന്ന് അധ്യാപകർ പറയുന്നു. മാതൃ ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്കു നിശ്ചിത വർഷം കഴിഞ്ഞാൽ സ്വന്തം ജില്ലയിലേക്കു സ്ഥലംമാറ്റം ലഭിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതായത്. കാസർകോട്, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ജോലി ചെയ്യുന്ന ഇതര ജില്ലക്കാരായ അധ്യാപകർക്കാണു തീരുമാനം തിരിച്ചടിയായത്. ഇവരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം കുറഞ്ഞാൽ ഈ ജില്ലകളിലെ ഉദ്യോഗാർഥികൾക്കു പുതിയ നിയമനം വഴി സർവീസിൽ പ്രവേശിക്കാവനുള്ള അവസരവും ഇല്ലാതാവും.

അന്തർ ജില്ലാ സ്ഥലം മാറ്റം കാത്തിരിക്കുന്ന അധ്യാപകർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു സമരത്തിനിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും അടക്കം നിവേദനവും നൽകിയിട്ടുണ്ട്. ഇതിനായി 14 ജില്ലകളിലും സമരസമിതി രൂപീകരിച്ച് ഒക്ടോബർ അവസാനം തിരുവനന്തപുരത്തു സമര ്രപഖ്യാപന കൺവെൻഷനും നടക്കും. അന്തർ ജില്ലാ സ്ഥലം മാറ്റത്തിനു ലഭിച്ചു വന്നിരുന്ന 30 ശതമാനം ക്വോട്ട പുനഃസ്ഥാപിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. നേരത്തേ നിലവിലുള്ള ഉള്ള സർക്കാർ ഉത്തരവുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലൂടെ റദ്ദാക്കിയതു മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്നും സർക്കാർ ഉത്തരവിനെ ഡയറക്ടറുടെ സർക്കുലറിലൂടെ റദ്ദാക്കാനാവില്ലെന്നും അധ്യാപകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com