ADVERTISEMENT

സർക്കാർ തീരുമാനപ്രകാരം വിദ്യാലയം അടച്ചു പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു; യാത്രാ സൗകര്യം ഇല്ലെന്നതിനാൽ കുട്ടികളെ ഇവിടെ തന്നെ പഠിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് രക്ഷിതാക്കൾ

ബോവിക്കാനം ∙ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ നിർദേശിച്ച ആലൂർ ഏകാധ്യാപക വിദ്യാലയത്തിലെ (എംജിഎൽസി) കുട്ടികളുടെ ഭാവി തുലാസിൽ. സ്കൂൾ പൂട്ടാൻ കഴിഞ്ഞ മാസം 30ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അന്ത്യശാസനം നൽകിയെങ്കിലും അംഗീകാരം പുനഃസ്ഥാ പിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. ജീവനക്കാർക്കു ശമ്പളമോ കുട്ടികൾക്ക് ഉച്ചഭക്ഷണമോ ഇപ്പോൾ ലഭിക്കുന്നില്ല. സ്കൂളിന് അംഗീകാരവും ഇല്ല. 1 മുതൽ 4 വരെ ക്ലാസുകളിലായി 42 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഇവരെ സമീപത്തെ മറ്റു സ്കൂളുകളിലേക്കു മാറ്റാൻ അധികൃതർ നിർദേശിച്ചെങ്കിലും രക്ഷിതാക്കൾ തയാറായില്ല. സ്കൂൾ നിലനിർത്താമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തനം തുടരുന്നത്. പക്ഷേ, ഇതുവരെ അനുകൂല ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതു വൈകുന്തോറും രക്ഷിതാക്കളുടെ ആശങ്കയും വർധിക്കുകയാണ്. കഴിഞ്ഞ മാസം 30നാണ് സ്കൂൾ പൂട്ടാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അഗസ്റ്റിൻ ബർണാഡ് മൊന്തേരോ രേഖാമൂലം നിർദേശം നൽകിയത്.

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കുട്ടികൾക്കു ടിസി നൽകി സ്കൂൾ പൂട്ടാൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നായിരുന്നു വീണ്ടും ഉത്തരവിറക്കിയത്. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങുകയും എംഎൽഎയെ സമീപിക്കുകയും ചെയ്തു. സ്കൂൾ നിലനിർത്താമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി നാട്ടുകാർ പറയുന്നു.

എകാധ്യാപക വിദ്യാലയം പൂട്ടിയാൽ മുണ്ടക്കൈ ഗവ. എൽപി സ്കൂളിലേക്കാണ് കുട്ടികൾ പോകേണ്ടത്. ഇവിടേക്കു 3 - 4 കിലോമീറ്റർ ദൂരം നടന്നുപോകണം. ബസ് സൗകര്യം ഇല്ല. ഇതു കുട്ടികൾക്കു ബുദ്ധിമുട്ടാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടും പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com