ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാത മരണങ്ങളും കൂടുമ്പോഴും മതിയായ ചികിത്സ സൗകര്യമില്ലാത്തത് പ്രതിസന്ധിയാകുന്നു. നിലവിൽ സർക്കാർ മേഖലയിൽ ജില്ലയിലെ ഒറ്റ ആശുപത്രിയിലും ഹൃദയ ചികിത്സാ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ ആണ് മിക്കപ്പോഴും സാധാരണക്കാർ അടക്കം ആശ്രയിക്കേണ്ടി വരുന്നത്. ഇതാകട്ടെ,ഏറെ ചെലവേറിയതും. ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് വരുമെന്ന് കൊട്ടിഘോഷിക്കാൻ തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി. ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ഇതിന്റെ മുന്നോടിയായി നിലവിൽ കാർഡിയോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. കാത്ത് ലാബ് വന്നാൽ ഹൃദയ ചികിത്സയിൽ തെല്ലൊരു ആശ്വാസമാകും. കാത്ത് ലാബ് പ്രവർത്തനം തുടങ്ങിയാൽ ആൻജിയോപ്ലാസ്റ്റി, ആൻജിയോ ഗ്രാം എന്നിവ ജില്ലാ ആശുപത്രിയിൽ ചെയ്യാൻ കഴിയും. എക്കോ, ടിഎംടി എന്നീ സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജില്ലാ ആശുപത്രിയിലെ ഫാർമസി, ലാബ് എന്നിവ പ്രവർത്തിച്ചിരുന്ന മുറികൾ പൊളിച്ചാണ് കാത്ത് ലാബിന് സൗകര്യം ഒരുക്കിയത്. 

ഹൃദ്രോഗങ്ങൾ  കൂടുന്നു.

ജില്ലയിൽ ഓരോ വർഷം ഹൃദയ സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ പരിശോധിക്കുമ്പോൾ 30 ശതമാനവും ഹൃദയ സംബന്ധമായ അസുഖമുള്ളവരാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവർക്ക് വിദഗ്ധ ചികിത്സ വേണ്ടി വന്നാൽ നിലവിൽ റഫർ ചെയ്യുകയാണ് പതിവ്. ചികിത്സാ സൗകര്യം കുറവായതിനാൽ മംഗളൂരുവിലെയും കണ്ണൂരിലെയും ആശുപത്രികളിലേക്കാണ് റഫർ ചെയ്യുന്നത്. ദൂരക്കൂടുതൽ കാരണം ഇവിടേക്ക് എത്തുന്നതിന് മുൻപ് മരിക്കുന്ന രോഗികളുമുണ്ട്. 

വ്യായാമവും  സമീകൃതാഹാരം

ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ പ്രധാനമാണ് വ്യായാമവും സമീകൃതാഹാരവും. ഹൃദയാഘാത ലക്ഷണങ്ങളെ ചെറുതായി കാണുന്നവരുണ്ട്. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഡോക്ടറുടെ നിർദേശം തേടാൻ മറക്കരുത്. കൃത്യമായ വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കണം. മാനസിക ആരോഗ്യവും പ്രധാനമാണ്. കൊളസ്ട്രോൾ പരിശോധനയും കൃത്യമായി വേണം. പാരമ്പര്യമായി ഹൃദയ സംബന്ധമായ അസുഖമുള്ളവർ ഇടയ്ക്കിടെ പരിശോധന നടത്തണം. ചില വൈറൽ ഫീവർ പിടിപെടുന്നവരും ശ്രദ്ധിക്കണം.

സൗകര്യങ്ങൾ കൂട്ടണം

കാത്ത് ലാബിന്റെ ഗുണം ജനങ്ങൾക്ക് കിട്ടണമെങ്കിൽ നിലവിൽ അനുവദിച്ച ഡോക്ടർക്ക് പുറമേ ഇനിയൊരു ഡോക്ടറെ കൂടി നിയമിക്കണം. ഇതിന് ആനുപാതികമായി മറ്റു ജീവനക്കാരെ കൂടി നിയോഗിക്കണം. 

രോഗികൾക്ക് അടിയന്തര ചികിത്സ നൽകണമെങ്കിൽ ഇതിനാവശ്യമായ സജീകരണങ്ങൾ ആശുപത്രിയിൽ ഒരുക്കേണ്ടി വരും. കാത്ത് ലാബിന്റെ പൂർണ ഗുണം ജനങ്ങൾക്ക് കിട്ടാൻ ആവശ്യമായ സൗകര്യങ്ങൾ കൂടി ഒരുക്കാൻ അധികൃതർ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com