ADVERTISEMENT

കാസർകോട് ∙ എൽകെജി, യുകെജി വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ‌ ബസ് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 15ഓളം പേർക്ക് പരുക്കേറ്റു. സാരമായ പരുക്കേറ്റ പെരുമ്പള കരുവാക്കോട് സ്വദേശി ശശികല (50), വിദ്യാർഥിനി മിൻഷ ഫാത്തിമ (6) എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസ്‍വാൻ, ഇബ്രാഹിം ആദം, അബൂബക്കർ, മുഹമ്മദ് ഇബ്രാഹിം, റിസ്‍വാൻ മറിയം, ആയിഷത്ത് സൽമാൻ, മറിയം, മുഹമ്മദ് അൻവാർ, ആയിഷ റഫീഖ്, ഫാത്തിമ, റി‍സ്‍വാൻ അബ്ദുല്ല, മുഹമ്മദ് ഫാറൂഖ് എന്നീ വിദ്യാർഥികൾ ആശുപത്രിയിലെത്തി ചികിത്സ തേടി.

ബാക്കിയുള്ളവർക്ക് ചെറിയ പരുക്ക് മാത്രമാണുള്ളത്. വിദ്യാനഗർ ചാല ബെദിര പാണക്കാട് തങ്ങൾ മെമ്മോറിയിൽ എയുപി സ്കൂളിലെ കെജി വിദ്യാർഥികളുമായി പോവുകയായിരുന്ന ബസാണ് പെരുമ്പളക്കടവ് ചാല വളവിൽ നിന്നു നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്. ഇന്നലെ 2.30നാണ് സംഭവം.ക്ലാസ് കഴിഞ്ഞ് വിദ്യാർഥികളുമായി പോവുകയായിരുന്നു ബസ്. ഇറക്കം തുടങ്ങുന്നതിനടുത്തു നിന്നു തന്നെ നല്ല ശബ്ദത്തോടെയാണ് ബസ് എത്തിയതെന്നു വഴിയോരത്ത് കുട്ടികളെ കാത്തിരിക്കുകയായിരുന്ന രക്ഷിതാക്കൾ പറഞ്ഞു. റോഡിലെ വളവും ഓവുചാലും കരിങ്കൽ കൊണ്ട് നിർമിച്ച മതിലും മറികടന്നാണ് ബസ് താഴേക്കു വീണ് മരത്തിന്റെ ഇടയിൽ തലക്കുത്തി നിന്നത്.

കുട്ടികളെ എത്തിച്ച സ്വകാര്യ ആശുപത്രിയിൽ അപകടവിവരമറിഞ്ഞ് എത്തിയവർ. 			ചിത്രം: മനോരമ
കുട്ടികളെ എത്തിച്ച സ്വകാര്യ ആശുപത്രിയിൽ അപകടവിവരമറിഞ്ഞ് എത്തിയവർ. ചിത്രം: മനോരമ

സ്കൂളിൽ നിന്ന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്.സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. സ്ഥിരം ഉപയോഗിച്ചിരുന്ന സ്കൂൾ ബസ് കേടായതിനാൽ വർക്‌ഷോപ്പിൽ കയറ്റി ഒരു ട്രാവൽസിന്റെ ബസ് താൽക്കാലികമായി എടുത്ത് സ്കൂൾ ബസ് ഡ്രൈവർ തന്നെയായിരുന്നു ഇന്നലെ വിദ്യാർഥികളെ കൊണ്ടുപോയത്. അതേ സമയം അനുവദനീയമായതിലും കൂടുതൽ കുട്ടികളുമായാണ് ബസ് പോയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു വളവിൽ പെട്ടെന്ന് ബ്രേക്ക് കിട്ടാതെയാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു.

മകളെ കാത്തിരിക്കേ ഉമ്മ കണ്ടത് നെഞ്ചു പിളരുന്ന കാഴ്ച

എൽകെജി വിദ്യാർഥി മുഹമ്മദ് ഹാദിയെ സ്കൂൾ ബസിൽ നിന്ന് വീട്ടിലേക്കു കൊണ്ടുപോകാൻ ഉമ്മ റാബിയ വീട്ടിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കാത്തിരിക്കുകയായിരുന്നു. ബസ് വരുന്നതു റാബിയ ദൂരെ നിന്നേ കാണുന്നുണ്ടായിരുന്നു. വീടിനു തൊട്ടു മുൻപിലെത്തി കുട്ടിയെ ബസിൽ നിന്ന് ഇറക്കാമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് ബസ് നിയന്ത്രണം വിട്ട് സ്വന്തം വീട്ടു പറമ്പിലെ താഴ്ചയിലേക്ക് നിലംപതിച്ചത്. ആ കാഴ്ച കണ്ട് റാബിയയും തളർന്നു വീണു. സ്കൂൾ ബസ് റോഡിൽ നിന്നു താഴ്ചയിലേക്കു വീണ സംഭവം വിവരിക്കുമ്പോഴും ചാല ബൈത്തുൽ ഹിമയിലെ റാബിയയുടെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല. 

കുട്ടികൾ തെറിച്ചു വീണത് ഡ്രൈവറുടെ സീറ്റിനരികിലേക്ക്

ചെങ്കുത്തായ ഇറക്കത്തിൽ നിന്ന് താഴ്ചയിലേക്ക് ബസ് മൂക്കു കുത്തി വീണപ്പോൾ പിറകിലെ സീറ്റിൽ നിന്നടക്കം കുട്ടികൾ കൂട്ടമായി തെറിച്ച് ഡ്രൈവറുടെ സീറ്റിനു സമീപത്തെത്തി. കൂട്ടമായി വീണുകിടക്കുന്ന കുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയുടെ കാൽ മാത്രമേ ആദ്യം പുറത്തേക്ക് കാണുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളിൽ ഒരാളായ ഒരാളായ ചാല ഹൗസിൽ ഖാസിം പറയുന്നു. ബസിന്റെ മുൻവശം നിലത്തു കുത്തിയ നിലയിലായതിനാൽ അവിടത്തെ ഗ്ലാസ് പൊട്ടിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ബസിന്റെ വശങ്ങളിലെ ഗ്ലാസ് പൊട്ടിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.

അപകടം നടന്ന സ്ഥലത്തിനു തൊട്ടരികിൽ താമസിക്കുന്ന ചാല ഹൗസിൽ സുലൈമാൻ ഓടിയെത്തിയപ്പോൾ കണ്ടത് പേടിച്ചു നിലവിളിക്കുന്ന കുട്ടികളെയാണ്. അധികം വൈകാതെ നാട്ടുകാരെല്ലാം ഓടിക്കൂടി. സമീപത്തെ വീടുകളിൽ നിന്ന് സ്ത്രീകൾ പാത്രങ്ങളിൽ വെളളവുമായി എത്തി. കുട്ടികളുടെ തലയിലൂടെ ഒഴിച്ചുകൊടുത്തും കുടിക്കാൻ നൽകിയും കുട്ടികളെ ആശ്വസിപ്പിച്ചു. ഓടിയെത്തിയവർ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.

ബ്രേക്ക് പൊട്ടിയതാവില്ല;ബസിനു ഫിറ്റ്നസില്ല

അപകടമുണ്ടായത് ബ്രേക്ക് പൊട്ടിയതു കൊണ്ടായിരിക്കില്ലെന്ന് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ബ്രേക്ക് പൊട്ടിയുള്ള അപകടത്തിനുള്ള സാധ്യത കുറവാണെന്നും ബസ് നിയന്ത്രണം വിട്ടാതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്ഥലം സന്ദർശിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫിസർ എം.ടി.ഡേവീസ് പറഞ്ഞു.

ബസിന് ഫിറ്റ്നസില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ ബസ് തകരാറിലായതിനെ തുടർന്നാണു ട്രാവൽസിന്റെ ബസ് താൽക്കാലികമായി ഓടാൻ വാങ്ങിയത്. എന്നാൽ ഇതിന് ആവശ്യമായ രേഖകൾ എല്ലാം ഉണ്ടോയെന്നു സ്കൂൾ അധികൃതരും നൽകുമ്പോൾ ട്രാവൽസ് ഉടമയും പരിശോധിക്കേണ്ടതായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com