ADVERTISEMENT

കാസർകോട് ∙ സർക്കാർ ഭൂമിയിലെ അക്കേഷ്യ മരങ്ങൾ മുറിക്കുന്നതിലെ മെല്ലെപ്പോക്ക് തുടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളുടെ ഇടപെടൽ തേടി കത്തയയ്ക്കുമെന്ന് വനംവകുപ്പ്. വിദ്യാഭ്യാസം, റവന്യു, തദ്ദേശം, വകുപ്പുകളുടെ ഭൂമിയിലാണു ഏറ്റവും കൂടുതൽ അക്കേഷ്യകൾ ഉള്ളത്. മരങ്ങളുടെ എണ്ണം നൽകിയാൽ ഇവയുടെ മൂല്യനിർണയം നടത്തി സാമൂഹിക വനവൽകരണ വിഭാഗം അധികൃതരെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തടി ലേലം നടത്തി തുക അതതു ഓഫിസുകളുടെ ആവശ്യത്തിനു തന്നെ വിനിയോഗിക്കാമെന്നും പകരം നടാനുളള തദ്ദേശീയ മരങ്ങളുടെ തൈകൾ വനംവകുപ്പ് നൽകുമെന്നും ഡപ്യൂട്ടി കൺസർവേറ്റർ പി.ധനേഷ് കുമാർ അറിയിച്ചു. 

പരിസ്ഥിതിക്കും കാടിന്റെ ആവാസ വ്യവസ്ഥയ്ക്കും ദോഷകരമാണെന്നു കണ്ടെത്തിയ അക്കേഷ്യ മരങ്ങൾ മുറിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും ഇതിലെ മെല്ലെപ്പോക്ക് മെട്രോ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഡപ്യൂട്ടി കൺസർവേറ്റർ. സംരക്ഷിത വനത്തിലെ 128 ഹെക്ടർ അക്കേഷ്യ ഈ വർഷം മുറിക്കുമെന്ന് ഡിഎഫ്ഒ സി.ബിജു പറഞ്ഞു. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ബാക്കിയുള്ള അക്കേഷ്യ തോട്ടങ്ങളും ഘട്ടംഘട്ടമായി മുറിക്കും. 5 വർഷം കൊണ്ട് ജില്ലയിലെ സംരക്ഷിത വനങ്ങളെ അക്കേഷ്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് പുതിയ കെട്ടിടത്തിലേക്ക് മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ വില്ലേജ് ഓഫിസ് ഇല്ലാതാകും

മൊഗ്രാൽ പുത്തൂർ ∙ കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് സ്മാർട്ടായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുന്നതോടെ മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ വില്ലേജ് ഓഫിസ് ഇല്ലാതാകും.  പഞ്ചായത്തിലെ എരിയാലിലുള്ള കുഡ്‍ലു ഗ്രൂപ്പ് വില്ലേജ് ഓഫിസ് മധൂർ പഞ്ചായത്തിലെ ശിരിബാഗിലു വില്ലേജിലെ ഉളിയത്തടുക്കയിലേക്ക് മാറ്റുന്നതിനുള്ള  നടപടി പുരോഗമിക്കുന്നു. ഇതോടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ വില്ലേജ് ഓഫിസ് ഇല്ലാത്ത സ്ഥിതി വരും. ഇത് ഈ പഞ്ചായത്തിലുള്ളവർക്കു ദുരിതമാകും. പ്രശ്നം പരിഹരിക്കാൻ വില്ലേജ് വിഭജനം ആവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ വീണ്ടും ധനകാര്യമന്ത്രിയെയും റവന്യുമന്ത്രിയെയും കാണാൻ ആക്​ഷൻ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു. കുഡ്‌ലു ഗ്രൂപ്പ് വില്ലേജിലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെടുന്നത്. പഞ്ചായത്തിലെ 1 ,2 , 3 , 4 , 5 ,6 ,14 ,15 വാർഡുകൾ പുത്തൂർ വില്ലേജിലും, വാർഡ് 7 , 8 , 9 , 10 , 11 , 12 , 13 വാർഡുകൾ കുഡ്‍ലു വില്ലേജിലും ഉൾപ്പെടുന്നു.

വില്ലേജ് ഓഫിസ് വിഭജിച്ച് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ തന്നെ നിലനിർത്തണമെന്ന്  ആക്​ഷൻ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജീവനക്കാരുടെ ഒഴിവു മൂലം വില്ലേജ് പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി  യോഗം ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, സ്ഥിരം സമിതി അധ്യക്ഷൻ  നിസാർ കുളങ്കര, റാഫി എരിയാൽ, ജുബൈരിയ, പി.എം. മുനീർ ഹാജി, റഫീഖ് കുന്നിൽ, കെ.ബി. മുനീർ ഹാജി, എ.എ.ജലീൽ ചന്ദ്രശേഖരൻ ,ഹൈദർ കുളങ്കര, അൻവർ ചേരങ്കൈ, മാഹിൻ കുന്നിൽ, കെ.ബി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കെ.ബി.കുഞ്ഞാമു (ചെയർ ), റഫീഖ് കുന്നിൽ ( കൺവീനർ) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com