ADVERTISEMENT

പള്ളിക്കര (ബേക്കൽ )∙ ലോക്കൽ സെക്രട്ടറിയുടെ വീട് എന്ന പേരിൽ പഞ്ചായത്തു ഓഫിസിനു സമീപം നിയമം ലംഘിച്ച് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടം നിർമിക്കുന്നെന്ന ആരോപണവുമായി യുഡിഎഫ്. പള്ളിക്കര പഞ്ചായത്തിലെ 22ാം വാർഡിലെ പള്ളിക്കര മഠം ജുമാ മസ്ജിദിന് എതിർവശമുളള മിൽമ ബൂത്തിനും അരി, എണ്ണ മില്ലിനും മധ്യേ, സിപിഎം ലോക്കൽ സെക്രട്ടറിയുടെ പേരിൽ  5.14 സെന്റ് സ്ഥലത്ത് നിർമിക്കുന്ന ഇരുനില കെട്ടിടമാണ് വിവാദത്തിലായത്. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവയിൽനിന്നു 100 മീറ്ററും കടൽത്തീരത്തു നിന്ന് 300 മീറ്ററും ദൂരത്തിലാണ് ഈ സ്ഥലം.

മുൻവശം 10 മീറ്റർ അടുത്താണ് സംസ്ഥാന പാത കടന്നുപോകുന്നത്. കടൽ തീരത്തു നിന്നും 500 മീറ്റർ വരെയുള്ള പ്രദേശത്ത് തീരദേശ പരിപാലന നിയമപ്രകാരം ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്കു വീട് നിർമാണത്തിന് അനുമതി നൽകാൻ വ്യവസ്ഥയുണ്ട്.  ഇതിന്റെ മറവിൽ വീടെന്ന വ്യാജേന തീരദേശ പരിപാലന നിയമത്തിനു വിരുദ്ധമായിട്ടാണ് നിർമാണം നടന്നു വരുന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കടൽ തീരത്തു നിന്നു 500 മീറ്റർ വരെയുള്ള പ്രദേശത്ത് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കില്ലെന്നതും തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടക്കുന്ന കെട്ടിടത്തിൽ മതിലിനോട് ചേർന്ന് തന്നെ മുറി നിർമിച്ചതും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. താഴത്തെ നിലയിൽ 113 ചതുരശ്ര മീറ്ററും ഒന്നാം നില 11 ചതുരശ്ര മീറ്ററുമായി 124 ചതുരശ്ര മീറ്ററുമാണ് പഞ്ചായത്തിൽ നിന്നു കെട്ടിട നിർമാണ അനുമതി നേടിയിട്ടുള്ളത്.

പള്ളിക്കരയിൽ സിപിഎമ്മിന് കെട്ടിട നിർമാണത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അനുമതി നൽകിയതിൽ നിന്നു വ്യത്യസ്തമായാണ് ബേസ്മെന്റ് നിർമാണ പ്രവൃത്തി നടക്കുന്നതെന്നും അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയതായാണ് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. നിർമാണ അനുമതി നൽകിയ പ്ലാനിൽ നിന്നു വ്യത്യസ്തമായി നിർമാണം നടക്കുന്നതിനാൽ ഇതിന്മേൽ പെർമിറ്റ് ഫയലിൽ നിയമാനുസരണം നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.

അനധികൃത നിർമാണം തടയണം: യുഡിഎഫ്

പള്ളിക്കര ∙ കെട്ടിട നിർമാണ ചട്ടം പാലിക്കാതെ ഭരണ സ്വാധീനം ദുരുപയോഗം ചെയ്ത് പള്ളിക്കര ജംക്‌ഷനിൽ പഞ്ചായത്ത് ഓഫിസിന് സമീപം  അനധികൃതമായി  പാർട്ടി ഓഫിസ് സമുച്ചയം നിർമിക്കുന്ന സിപിഎം നടപടിയെ  നിയമപരമായും രാഷ്ട്രീയപരമായും നേരിടാൻ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈക്കോടതി വിധി മറികടന്ന്  സിപിഎം സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങൾ നീക്കാൻ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു  കെപിസിസി അംഗം ഹക്കീം കുന്നിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് പള്ളിപ്പുഴ, എംപിഎം ഷാഫി, രാജേഷ് പള്ളിക്കര, മുഹമ്മദ് കുഞ്ഞി ചോണായി, സുന്ദരൻ കുറിച്ചിക്കുന്ന്, അബ്ബാസ് തെക്കുപുറം, ഷറഫു മൂപ്പൻ, ഹാരിസ് തൊട്ടി എന്നിവർ പ്രസംഗിച്ചു.

പള്ളിക്കര പഞ്ചായത്തിൽ സാധാരണക്കാർക്കെതിരെ തീരദേശ പരിപാലന നിയമപ്രകാരം നടപടിയെടുക്കുകയും അതേ സമയം ഭരിക്കുന്ന പാർട്ടി തന്നെ അനധികൃത കെട്ടിട നിർമാണത്തിനു കൂട്ട് നിൽക്കുന്നതുമാണ് ഇവിടെ കാണുന്നത്. പഞ്ചായത്ത് ഓഫിസിന്റെ മൂക്കിനു താഴെ തീരദേശ പരിപാലന നിയമം കാറ്റിൽപറത്തിയാണ് നിർമാണം നടക്കുന്നത്. പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ കെട്ടിടങ്ങൾ നിയമവിരുദ്ധമായാണ് നിർമിച്ചതെന്ന് പഞ്ചായത്ത് തന്നെ വിവിധ വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകിയിട്ടും അതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഹക്കീം കുന്നിൽ, കെപിസിസി അംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com