കാസർകോട് ∙ ജില്ലയിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങൾ കയറ്റി ജില്ലാ പാഠപുസ്തക ഡിപ്പോയിലേക്ക് വന്ന ലോറി കാത്തു നിന്നത് ഒന്നര ദിവസം. എറണാകുളം കാക്കനാട് കേരള ബുക്ക് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയിൽ നിന്നു കാസർകോട് ഗവ.ഹൈസ്കൂളിലെ ഡിപ്പോ പരിസരത്ത് ഞായറാഴ്ച രാവിലെ 6നു എത്തിയതാണ് ലോറി. പുസ്തകം ഇറക്കുന്നതിനു ഡിപ്പോ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 9,10 ക്ലാസുകളിലെ പുസ്തകങ്ങളാണിത്. 12 ടൺ പുസ്തകം. ജൂലൈയിൽ വിദ്യാർഥികളുടെ കയ്യിൽ എത്തേണ്ടതായിരുന്നു ഇത്.
ഒടുവിൽ ജില്ലാ ഡിപ്പോയിൽ എത്തിയെങ്കിലും ഒന്നര ദിവസം കഴിഞ്ഞു പുസ്തകം ഇറക്കാൻ. ഇന്നലെ രാവിലെ ഡിപ്പോ അധികൃതരെ കിട്ടിയെങ്കിലും ലോഡ് ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു. ജൂലൈയിൽ പാഠപുസ്തകം ഇറക്കിയതിനുള്ള കൂലി വർധന കിട്ടാത്തത് ആയിരുന്നു കാരണം. ലേബർ ഓഫിസർ ഇടപെട്ട് നടത്തിയ ചർച്ചയിലായിരുന്നു 2,3 വാള്യം പുസ്തകം ഇറക്കുന്നതിനു ബണ്ടിൽ ഒന്നിന് ഇറക്കു കൂലി 40 പൈസ വീതവും കൂലി ഒരു ലോഡിനു 50 രൂപ വീതവും വർധന അനുവദിച്ചത്. അതനുസരിച്ച് തൊഴിലാളികൾക്കു 4000 രൂപ കിട്ടണം. 2 മാസം കഴിഞ്ഞിട്ടും വർധിച്ച തുക അനുവദിക്കാത്തതിൽ ആയിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
ഏറെ നേരത്തെ കൂടിയാലോചനകൾക്കു ശേഷം 2 മണിയോടെ ആണ് തൊഴിലാളികൾ ലോറിയിൽ നിന്നു പാഠപുസ്തകം ഇറക്കിയത്. മലയാളം പാഠാവലി, ഇംഗ്ലിഷ്, ഉർദു, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് തുടങ്ങി 75000 ത്തോളം 2 ാം വാള്യം പുസ്തകമായിരുന്നു. ഇനി ഇത് ജില്ലാ ഡിപ്പോയിൽ നിന്നു വേർതിരിച്ച് സ്കൂളുകളിലേക്ക് നൽകണം. ദിവസങ്ങൾ പിന്നെയും കഴിയും സ്കൂളിൽ എത്താൻ. അതിനിടെ വർധിപ്പിച്ച കൂലി കുടിശികയും ഇറക്കിയ കൂലിയും കിട്ടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ എറണാകുളത്തു നിന്നു ലോറികളിൽ എത്തുന്ന പാഠപുസ്തകങ്ങൾ ഇറക്കുന്നതിനുള്ള തടസ്സം തുടരാൻ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കൂലി വർധന അനുവദിച്ചിട്ടുണ്ട്.