ADVERTISEMENT

ബോവിക്കാനം ∙ ‌‌‌റോഡരികിൽ നിന്നു മുറിച്ച മരങ്ങൾ സമയത്തു ലേലം ചെയ്യാതെ നശിക്കുന്നതിന് ആരാണ് ഉത്തരവാദി?. സർക്കാർ ഖജനാവിൽ എത്തേണ്ട ലക്ഷക്കണക്കിനു രൂപയുടെ തടികളാണ് ഇങ്ങനെ മഴയും വെയിലും കൊണ്ട് റോഡരികിൽ നശിച്ചു കൊണ്ടിരിക്കുന്നത്. ബോവിക്കാനം ടൗണിൽ നിന്നു 2 വർഷം മുൻപു മുറിച്ച പ്ലാവ് ഇതുവരെ ലേലം ചെയ്തിട്ടില്ല. യഥാസമയം വിറ്റിരുന്നെങ്കിൽ ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വില ലഭിക്കുമായിരുന്നുവെന്നു വ്യാപാരികൾ പറയുന്നു.

പക്ഷേ, 2 വർഷമായി മഴയും വെയിലും കൊണ്ട് ഇനി വിറകിനു പോലും കൊള്ളാത്ത നിലയിലായി. റോഡരികിൽ ഉണങ്ങിക്കിടന്നു ഭീഷണി ഉയർത്തിയിരുന്ന പ്ലാവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തിന്റെ പരാതിയെ തുടർന്നാണ് മരാമത്ത് അധികൃതർ മുറിക്കാൻ തയാറായത്. റോഡരികിൽ കൂട്ടിയിട്ട മരം ഇപ്പോഴും അതേപടി കിടക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ തന്നെ വനംവകുപ്പ് വില നിർണയിച്ചു നൽകിയെങ്കിലും ലേലം നടന്നില്ല. ലേലം നടത്തിയിട്ടും ആരും പങ്കെടുത്തില്ലെന്നാണ് അധികൃതർ പറയുന്നത്.അതേപോലെ ബോവിക്കാനം റേഷൻ കടയുടെ സമീപത്തും മുറിച്ച അക്കേഷ്യ മരങ്ങൾ നശിക്കുകയാണ്.

മുളിയാർ പാലത്തിന്റെ സമീപത്തു നിന്നു മുറിച്ച കൂറ്റൻ പ്ലാവും നശിച്ചു. വീടു നിർമാണത്തിനും ഫർണിച്ചറിനും ഉപയോഗിക്കാവുന്ന നല്ല തടികളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നശിച്ചത്. മരാമത്ത് ഭൂമിയിലെ മരങ്ങൾ ആയതിനാൽ അവരാണ് ലേലം ചെയ്തു വിൽപന നടത്തേണ്ടത്. മുറിക്കുന്ന മരങ്ങൾ റോഡരികിൽ തന്നെ ഇടുന്നതിനാൽ പെട്ടെന്ന് നശിക്കുന്നു. ഇവ മഴ നനയാതെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റാൻ പോലും അധികൃതർ തയാറാകുന്നില്ല. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com