ADVERTISEMENT

കൊല്ലൂർ ∙ അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിലെത്തിയത് ആയിരക്കണക്കിനു കുരുന്നുകൾ. ദേവീപൂജയുടെ നവരാത്രിനാളുകളിൽ അവസാനം അക്ഷരപൂജയാണ്. ദുരിതനാശിനിയായ ദുർഗയായും ഐശ്വര്യദേവതയായ മഹാലക്ഷ്മിയായും ആരാധിക്കുന്ന ആദിപരാശക്തി തന്നെയാണ് അറിവിന്റെ ദേവതയായ സരസ്വതിയും. ഇന്നലെ പുലർച്ചെ 3നാണു നട തുറന്നത്. വിദ്യാരംഭത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളുമായി അപ്പോൾ തന്നെ ആളുകൾ കുരുന്നുകളുമായി എത്തിത്തുടങ്ങിയിരുന്നു. പുലർച്ചെ 4 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

സരസ്വതി മണ്ഡപത്തിലും മണ്ഡപത്തിനോടു ചേർന്നുള്ള യാഗശാലയിലും യാഗശാലയുടെ വരാന്തയിലുമാണ് എഴുത്തിനിരുത്ത് നടന്നത്. മുഖ്യ തന്ത്രി ഡോ.രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലുള്ള തന്ത്രിമാരാണു വിദ്യാരംഭ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.കേരളത്തിൽ നിന്ന് ഒട്ടേറെപ്പേരാണ് ഇന്നലെ വാഗ്ദേവതയുടെ സന്നിധിയിൽ കുരുന്നുകളുമായി ആദ്യാക്ഷരം നുകരാനെത്തിയത്. മാതാപിതാക്കളുടെ മടിയിൽ കുട്ടികളെ ഇരുത്തി തന്ത്രിമാർ സരസ്വതി ശ്ലോകങ്ങൾ ഉരുവിട്ടാണു ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4ന് ആരംഭിച്ച എഴുത്തിനിരുത്ത് ഉച്ചയ്ക്ക് 1.30ന് അവസാനിച്ചു. വിദ്യാരംഭ ചടങ്ങുകൾക്കു ശേഷം ദേവിക്ക് പായസ സമർപ്പണമായി നവാന്നപ്രാശണ നൈവേദ്യം സമർപ്പിച്ചു. വൈകിട്ട് വിജയോത്സവത്തോടെ വിജയദശമി ദിനത്തിന്റെ ചടങ്ങുകൾക്കു പരിസമാപ്തി കുറിച്ചു.

മഹാ നവരാത്രി ഉത്സവ സമാപനം

ഭക്തജന സാഗരത്തെ സാക്ഷിയാക്കി ദേവീ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപനമായി. മഹാ നവരാത്രി ദിനമായ ചൊവ്വാഴ്ച പുലർച്ചെ 3നു നട തുറന്നു. നിർമാല്യ ദർശനം കഴിഞ്ഞു മുഖ്യ തന്ത്രി ഡോ.രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ ഉഷകാല പൂജ നടന്നു. 8.15ന് ആയുധ പൂജ നടന്നു. 8.30നു ദീപാരാധനയ്ക്കായി നട തുറന്നു. ശേഷം സുപ്രധാന ചണ്ഡികാ യാഗത്തിനും നവരാത്രി പൂജകളും നടന്നു.12.30നു രഥംവലി ചടങ്ങുകൾക്കായി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ കാളിദാസ ഭട്ട് ദേവി വിഗ്രഹം തലയിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമരത്തിനു മുന്നിലായി എത്തിയത്.

വൊളന്റിയർമാരും പൊലീസും ഭക്തജനങ്ങളെ വശങ്ങളിലേക്കു മാറ്റി വിഗ്രഹവുമായുള്ള പ്രദക്ഷിണത്തിന് വഴിയൊരുക്കി. 3 വട്ടം തന്ത്രിമാർ ക്ഷേത്രം വലം വച്ച ശേഷം 12.40നു രഥപൂജ നടത്തി. 1ന് മണി മുഴക്കിയും മന്ത്ര ശ്ലോകങ്ങൾ ഉരുവിട്ടും മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയും പുറകിൽ ദേവി വിഗ്രഹവുമായി കാളിദാസ ഭട്ട്, ശ്രീഷ ഭട്ട്, ഗോവിന്ത അഡിഗ തുടങ്ങി മറ്റു തന്ത്രിമാരും രഥത്തിൽ കയറി. കൃത്യം 1.15ന് പുഷ്പരഥം വലി ആരംഭിച്ചു. ഭക്തരും ഒപ്പം വലം വച്ചു. രഥം വലിക്ക് ശേഷം ഭക്തരുടെ സർവ ഐശ്വര്യ അനുഗ്രഹത്തിനായി രാമചന്ദ്ര അഡിഗ നാണയങ്ങൾ എറിഞ്ഞു നൽകി പുഷ്പ രഥം വലി ചടങ്ങുകൾ അവസാനിച്ചു.

സെപ്റ്റംബർ 26ന് ആരംഭിച്ച നവരാത്രി ചടങ്ങുകൾക്കാണ് 4ന് മഹാ നവരാത്രി ദിവസം പ്രധാന പൂജകളോടെ സമാപനമായത്. വർഷങ്ങൾക്കു ശേഷം വലിയ തോതിൽ ഭക്തർ സന്നിധിയിലേക്കെത്തി. എല്ലാ തരം പൂജകൾക്കും അഭിഷേകങ്ങളും നാളുകൾക്കു ശേഷം ആരംഭമായി. രണ്ടു വർഷത്തെ രോഗ ഭീതി ഒഴിഞ്ഞ് ഭക്തജനങ്ങൾ സംതൃപ്തിയോടെയും ഭയരഹിതരുമായാണ് മൂകാംബികാ ദേവിയെ തൊഴാനായി എത്തിയത്. ഡോ.രാമചന്ദ്ര അഡിഗ, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി

60–ാം പിറന്നാൾ ദിനം കൊല്ലൂരിലെത്തി അംബികാസുതൻ മാങ്ങാട്

ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടും ഭാര്യ പി.രഞ്ജിനിയും. ചിത്രം: മനോരമ

കൊല്ലൂർ ∙ ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. തന്റെ 60–ാം പിറന്നാൾ ദിവസമാണ് അദ്ദേഹം കൊല്ലൂരിൽ എത്തിയത്. വിജയദശമി ദിനം തന്നെയാണ് ഇദ്ദേഹത്തിന്റെ ജന്മദിനവും. മൂകാംബികാ ദേവി സന്നിധിയിൽ വച്ച് തന്നെയാണ് മൂകാംബികാ ദേവിയുടെ മകൻ എന്നർഥം വരുന്ന അംബികാസുതൻ എന്ന പേര് വിളിച്ചതും.

അംബികാസുതന് പേര് ഇടാനായി അച്ഛനും അമ്മയും അദ്ദേഹവുമായി കൊല്ലൂരിൽ എത്തി. പരിചയക്കാരനായ ഒരാളുടെ മഠത്തിൽ താമസിച്ച് അതിരാവിലെ സൗപർണികയിൽ കുളിക്കാനായി പോയപ്പോൾ വഴിതെറ്റി ഒരു സന്ന്യാസിയുടെ മുന്നിൽ എത്തിച്ചേരുകയും മൂകാംബികയിൽ എത്താനുള്ള കാരണം പറഞ്ഞപ്പോൾ കുട്ടിക്ക് ഇടാനായി കണ്ടുവച്ച പേര് വേണ്ട എന്നും പകരം മൂകാംബികയുടെ മകൻ എന്നു അർഥം വരുന്ന അംബികാസുതൻ മതിയെന്ന് സന്ന്യാസി പറയുകയും ചെയ്തതോടെയാണ് ഈ പേര് സ്വീകരിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു.

അതുകൊണ്ട് തന്നെ മൂകാംബിക ക്ഷേത്രവും പേരും എന്നും അദ്ദേഹത്തിന് പ്രത്യേകത ഉള്ളതാണ്.  60–ാം ജന്മദിനത്തിൽ ദേവിയെ കാണാൻ എത്തിയതിന്റെ കൂടെ ഇരട്ടി മധുരമായി പുതിയ ചെറുകഥാ സമാഹാരമായ ‘പ്രാണവായു’ പൂജിച്ചു വാങ്ങുകയും ചെയ്തു. ഭാര്യ പി.രഞ്ജിനിയും വല്ല്യമ്മ സാവിത്രി അമ്മയും അദ്ദേഹത്തിന്റെ കൂടെ തൊഴാൻ എത്തി. അഷ്ടമി ദിനത്തിൽ മൂകാംബികയിൽ എത്തിയ അംബികാസുതൻ മാങ്ങാട് ഇന്നലെ ദർശനം കഴിഞ്ഞ് ഇപ്പോൾ താമസിക്കുന്ന ചെന്നൈയിലെ വീട്ടിലേക്കു മടങ്ങി.

വിദ്യാരംഭ തിരക്കിൽ ജില്ലയിലെ ക്ഷേത്രങ്ങൾ

കാസർകോട് കൊറക്കോട് ആര്യകാർത്ത്യയാനി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം.

കാസർകോട് ∙ വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾക്കു ശേഷം ഒരു നവരാത്രികാലത്തിനു കൂടി അവസാനം. ഇന്നലെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. അറിവിന്റെ ആദ്യാക്ഷരത്തിന്റെ ലോകത്തേക്ക് ഒട്ടേറെ കുരുന്നുകൾ ഇന്നലെ പിച്ചവച്ചു തുടങ്ങി. മിക്ക ക്ഷേത്രങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ മല്ലം ദുർഗാ പരമേശ്വരി ക്ഷേത്രം, ദേളി തായത്തൊടി ദുർഗാ പരമേശ്വരി ക്ഷേത്രം, കാസർകോട് ആര്യ കാർത്ത്യായനി ക്ഷേത്രം, പുലിക്കുന്ന് ജഗദംബ, കാഞ്ഞങ്ങാട് മാരിയമ്മൻ കോവിൽ, നീലേശ്വരം മന്നൻപുറത്തു കാവ്, കരിവേടകം ദുർഗാ പരമേശ്വരി ക്ഷേത്രം, ചട്ടഞ്ചാൽ മഹിഷ മർദിനി ക്ഷേത്രം, മാങ്ങാട് മോലോത്തുങ്കാൽ ബാലഗോപാല ക്ഷേത്രം, ബാര മുക്കുന്നോത്തു കാവ് ഭഗവതി ക്ഷേത്രം, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, തിരുവക്കോളി പാർഥസാരഥി ക്ഷേത്രം, പനയാൽ മഹാലിംഗേശ്വര ക്ഷേത്രം,

ആദൂർ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിജയദശമി ദിന പ്രത്യേക പൂജകളും വിദ്യാരംഭ ചടങ്ങുകളും നടത്തി. ഓരോ നവരാത്രിക്കാലവും മംഗളകരമായ തുടക്കമാണ്. അറിവിന്റെയും കലയുടെയും തൊഴിലിന്റെയും ലോകത്തേക്കു പ്രാർഥനയോടെ പ്രവേശിക്കേണ്ട ദിനങ്ങളായി ഭക്തർ ഈ ദിനങ്ങളെ കാണുന്നു.  പുതിയ വിദ്യകൾ തുടങ്ങാനും അറിവുന്നവ കൂടുതൽ മികവോടെ തുടരാനും നവരാത്രിക്കാലം വഴിതുറക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com